Site iconSite icon Janayugom Online

ബാറ്ററി തകരാർ: 1.15 ലക്ഷം കാറുകൾ തിരിച്ചുവിളിച്ച് ചൈനീസ് വാഹന നിർമാതാക്കളായ ബി വൈ ഡി

ചൈനീസ് ഇലക്ട്രിക് വാഹന നിർമാതാക്കളായ ബിവൈഡി ബാറ്ററി തകരാറിനെ തുടർന്ന് 1.15 ലക്ഷം കാറുകൾ തിരിച്ചുവിളിച്ചു. സാങ്കേതിക തകരാറുകൾ കാരണം നടത്തുന്ന ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചുവിളിക്കലാണിത്. 2015 നും 2022 നും ഇടയിൽ നിർമിച്ച വാഹനങ്ങളാണ് തിരിച്ചുവിളിച്ചിരിക്കുന്നത്.
ബിവൈഡി യുവാൻ പ്രോ, ടാങ് സീരീസ് എന്നീ മോഡലുകളിലാണ് പ്രധാനമായും തകരാറുകൾ കണ്ടെത്തിയത്.

ബാറ്ററി ഇൻസ്റ്റാളേഷനെ ബാധിക്കുന്ന നിർമ്മാണ തകരാറുകൾ കാരണം 2021 ഫെബ്രുവരി മുതൽ 2022 ഓഗസ്റ്റ് വരെ നിർമ്മിച്ച 71,248 യുവാൻ പ്രോ ഇലക്ട്രിക് ക്രോസ്ഓവറുകൾ തിരിച്ചുവിളിച്ചു. കൂടാതെ, 2015 മാർച്ചിനും 2017 ജൂലൈക്കും ഇടയിൽ നിർമ്മിച്ച 44,535 ടാങ് സീരീസ് വാഹനങ്ങൾക്കും തകരാർ ബാധിച്ചിട്ടുണ്ട്.
വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി വാഹന നിർമ്മാതാക്കൾ ഉത്പാദനം അതിവേഗം കൂട്ടുന്നതിനിടെ ഇലക്ട്രിക് വാഹന വ്യവസായം നേരിടുന്ന പ്രശ്നങ്ങളെയാണ് ഈ തിരിച്ചുവിളി എടുത്തുകാണിക്കുന്നത്. ബാറ്ററി ഹൗസിംഗിൽ സീലന്റ് പ്രയോഗിച്ച് പ്രശ്‌നം പരിഹരിക്കാനാണ് ബിവൈഡി പദ്ധതിയിടുന്നത്.
നിലവിൽ നാല് ഇലക്ട്രിക് കാറുകളാണ് ബിവൈഡി ഇന്ത്യൻ വിപണിയിൽ വിൽപ്പനക്കെത്തിക്കുന്നത്.

Exit mobile version