അപകടകരമായ രാസവസ്തുക്കളുടെ ഉത്പാദനം, ശേഖരണം, കൈമാറ്റം എന്നീ പ്രക്രിയകളിൽ ബന്ധപ്പെട്ടവർ അതീവ ജാഗ്രത പുലർത്തണമെന്നും ഇവ മൂലമുണ്ടായേക്കാവുന്ന അപകടകരമായ സാഹചര്യങ്ങളെക്കുറിച്ച് പൊതുജനങ്ങൾ അവബോധമുള്ളവരായിരിക്കണമെന്നും ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പ് അറിയിച്ചു. ഈ പ്രക്രിയകൾക്കിടയിൽ അപകടങ്ങൾ മൂലമോ, പ്രകൃതിക്ഷോഭങ്ങൾ മൂലമോ തീപ്പിടിത്തം, സ്‌ഫോടനം, വിഷവാതകചോർച്ച മുതലായവ സംഭവിക്കുകയും അത് പൊതുജനത്തെ ബാധിക്കുകയും ചെയ്യുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ ഇവയാണ്.
അപകടം കാണുന്നയാൾ കഴിയുന്നതും വേഗം പോലീസ്, അഗ്‌നിശമനസേന തുടങ്ങിയവരെ വിവരം അറിയിക്കുക, മുന്നറിയിപ്പു സംവിധാനങ്ങളായ എമർജൻസിപാനൽ, ക്ലാസ് ലേബൽ എന്നിവയിൽ നോക്കി ഏത് ഉത്പന്നമാണ് വാഹനത്തിൽ എന്ന് മനസ്സിലാക്കുക, വിഷവാതകമാണോ, തീപിടിക്കുന്ന വാതകമാണോ എന്ന് മനസ്സിലാക്കുക, ചോർച്ചയുണ്ടെങ്കിൽ പരിഭ്രാന്തരാകാതെ കാറ്റിന്റെ ഗതി മനസ്സിലാക്കി അതിന് കുറുകെ മാറി എതിർദിശയിലേക്ക് സുരക്ഷിതമായി നീങ്ങുക. ഓടരുത്, വേഗം നടക്കുക, പരിശീലനം ലഭിച്ച ആളുടെ മേൽനോട്ടത്തിൽ മാത്രമേ ഇത്തരം അപകടങ്ങളിൽ രക്ഷാപ്രവർത്തനത്തിനു ശ്രമിക്കാവൂ.