Site iconSite icon Janayugom Online

ഇന്ത്യക്ക് ശുഭപ്രതീക്ഷ; ന്യൂസിലാന്‍ഡിന്റെ ഒമ്പത് വിക്കറ്റുകള്‍ വീണു

ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റില്‍ 28 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സിനിറങ്ങിയ ന്യൂസിലാന്‍ഡിന് തിരിച്ചടി. രണ്ടാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെന്ന നിലയിലാണ് ന്യൂസിലാന്‍ഡ്. ഒരു വിക്കറ്റ് മാത്രം ശേഷിക്കെ കീവീസിന് 143 റണ്‍സ് മാത്രം ലീഡേയുള്ളൂ. ഏഴ് റണ്‍സുമായി അജാസ് പട്ടേലാണ് ക്രീസില്‍. നാലു വിക്കറ്റെടുത്ത രവീന്ദ്ര ജഡേജയും മൂന്ന് വിക്കറ്റെടുത്ത ആര്‍ അശ്വിനും ചേര്‍ന്നാണ് രണ്ടാം ഇന്നിങ്സില്‍ കിവീസിനെ എറിഞ്ഞിട്ടത്. വിൽ യങ് അർധ സെഞ്ചുറി നേടി. 100 പന്തുകൾ നേരിട്ട താരം 51 റണ്‍സെടുത്തു പുറത്തായി. ഗ്ലെൻ ഫിലിപ്സ് (14 പന്തിൽ 26), ഡെവോൺ കോൺവെ (47 പന്തിൽ 22), ഡാരിൽ മിച്ചൽ (44 പന്തിൽ 21), മാറ്റ് ഹെൻറി (16 പന്തിൽ 10), ഇഷ് സോഥി (എട്ട്), രചിൻ രവീന്ദ്ര (നാല്), ടോം ബ്ലണ്ടൽ (നാല്), ക്യാപ്റ്റൻ ടോം ലാഥം (ഒന്ന്) എന്നിവരാണ് രണ്ടാം ഇന്നിങ്സിൽ പുറത്തായ ന്യൂസിലാൻഡ് ബാറ്റർമാർ. ഇന്ത്യക്കായി ആകാശ്ദീപും വാഷിങ്ടൻ സുന്ദറും ഓരോ വിക്കറ്റും നേടി. 

ആദ്യ ഓവറില്‍ തന്നെ ക്യാപ്റ്റന്‍ ടോം ലാഥമിനെ നഷ്ടമായി. ഒരു റണ്ണെടുത്ത ലാഥമിനെ ആകാശ് ദീപാണ് ക്ലീന്‍ ബൗള്‍ഡാക്കിയത്. രണ്ടാം വിക്കറ്റില്‍ വില്‍ യങ്ങും കോണ്‍വെയും ചേര്‍ന്ന് ഇന്ത്യക്ക് ഭീഷണിയാവുന്നതിനിടെ കോണ്‍വെയെ(22) മടക്കി വാഷിങ്ടണ്‍ സുന്ദര്‍ ഇന്ത്യയ്ക്ക് ആശ്വാസം നല്‍കി. ക്രീസില്‍ നിന്നും പുറത്തിറങ്ങിയ രചിന്‍ രവീന്ദ്രയെ(4) അശ്വിന്റെ പന്തില്‍ റിഷഭ് പന്ത് സ്റ്റമ്പ് ചെയ്ത് പുറാത്താക്കിയതോടെ കിവീസ് 44–3ലേക്ക് വീണു. എന്നാല്‍ വില്‍ യങ്ങും ഡാരില്‍ മിച്ചലും സ്കോര്‍ ചലിപ്പിച്ചതോടെ ഇന്ത്യ ചെറുതായൊന്ന് വിറച്ചു. ഇരുവരും ചേര്‍ന്ന് കളി ഇന്ത്യയുടെ കൈയില്‍ നിന്ന് തട്ടിയെടുക്കുമെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് ജഡേജയുടെ പന്തില്‍ മിച്ചലിനെ(21) അ­ശ്വിന്‍ പിടികൂടുന്നത്. ടോം ബ്ലണ്ടല്‍വന്നപോലെ പോയങ്കിലും ഗ്ലെന്‍ ഫിലിപ്സ് കണ്ണും പൂട്ടി അടിച്ച് കിവീസിന്റെ ലീഡ് 100 കടത്തി. 26 റണ്‍സെടുത്ത ഫിലിപ്സിനെ അശ്വിന്‍ മടക്കി. അര്‍ധസെഞ്ചുറിയുമായി പൊരുതിയ വില്‍ യങ്ങിനെ(51)യും അശ്വിന്‍ തന്നെ പുറത്താക്കിയതോടെ കിവീസ് പ്രതീക്ഷകള്‍ അസ്തമിച്ചിരുന്നു. 

രണ്ടാംദിനം നാല് വിക്കറ്റിന് 86 എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ 263ന് ഓള്‍ഔട്ടായിരുന്നു. അര്‍ധസെഞ്ചുറി നേടിയ ശുഭ്മാന്‍ ഗില്ലും(90) റിഷഭ് പന്തുമാണ്(60) ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. വാലറ്റത്ത് വാഷിങ്ടണ്‍ സുന്ദറിന്റെ(38 നോട്ടൗട്ട്) പ്രകടനമാണ് ഇന്ത്യക്ക് 28 റണ്‍സിന്റെ ലീഡ് സമ്മാനിച്ചത്. ആദ്യദിനത്തില്‍ ഒന്നാം ഇന്നിങ്‌സ് തുടങ്ങിയ ഇന്ത്യക്ക് രോഹിത് ശര്‍മ്മയെ പതിവു പോലെ വേഗത്തില്‍ നഷ്ടമായിരുന്നു. 18 പന്തില്‍നിന്നും 18 റണ്‍സായിരുന്നു നായകന്റെ സമ്പാദ്യം. യശസ്വി ജയ്‌സ്വാള്‍ നന്നായി കളിച്ചുതുടങ്ങിയെങ്കിലും 30 റണ്‍സിന് പുറത്തായി. ഇല്ലാത്ത റണ്‍സിനായി ഓടി വിരാട് കോലിയും പുറത്തായി. അർധ സെഞ്ചുറി നേടി കുതിച്ച റിഷഭ് പന്തിനെ ഇഷ് സോധി വിക്കറ്റിനു മുന്നിൽ കുടുക്കുകയായിരുന്നു. മധ്യനിരയിൽ രവീന്ദ്ര ജഡേജയും സർഫറാസ് ഖാനും പൊരുതാതെ കീഴടങ്ങി. ആറ് പന്തില്‍ നിന്ന് നാല് റണ്‍സാണ് കോലി എടുത്തത്.കിവികള്‍ക്കായി അജാസ് പട്ടേല്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി.

Exit mobile version