Site iconSite icon Janayugom Online

ഭരതനാട്യം= കുടുംബനാട്യം

bharatanatyambharatanatyam

ഏറെ കാലത്തിന് ശേഷം ഒരു കുടുംബചിത്രം മലയാളത്തിലെത്തി എന്നതാണ് ഭരതനാട്യത്തിന്റെ ആകര്‍ഷണീയത. അണുകുടുംബങ്ങളുടെ കാലത്ത് നടക്കുന്ന തെറ്റുകുറ്റങ്ങള്‍ രസകരമായ മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിച്ചാണ് സംവിധായകന്‍ കൃഷ്ണദാസ് മുരളി പ്രേക്ഷകരുടെ കയ്യടിനേടുന്നത്. സൈജുകുറുപ്പും സായ‍്കുമാറുമാണ് പ്രധാന കഥാപാത്രങ്ങള്‍. ആരോഗ്യപ്രശ്നങ്ങള്‍ക്കിടയിലും തന്നിലെ പ്രതിഭയുടെ മൂര്‍ച്ചകൂട്ടാനും അതുവഴി കാണികളെ കയ്യിലെടുക്കാനും സായ‍്കുമാറിന് കഴിഞ്ഞു, പ്രത്യേകിച്ച് ഇന്റര്‍വെല്ലിന് തൊട്ടുമുന്‍മുള്ള രംഗം. ഭരതന്‍നായരുടെ (സായ‍്കുമാര്‍) കുടുംബത്തിലുണ്ടാകുന്ന അപ്രതീക്ഷതമായ സംഭവവികാസങ്ങളാണ് സിനിമയുടെ പരിസരം. പക്ഷാഘാതം സംഭവിച്ച്, ഏത് നിമിഷവും മരിക്കാറായി കിടക്കുന്ന ഭരതന്‍ നായര്‍ മകന്‍ ശശിയോട് (സായ‍്കുമാര്‍) ഒരു രഹസ്യം പറയുന്നു. പിന്നീടങ്ങോട്ട് മനുഷ്യസഹജമായ ചിരിയും ചിന്തയും അമര്‍ഷവും വിദ്വേഷവും വാശിയും വൈരാഗ്യവും കുശുമ്പും കുന്നായ‍്മയും കുത്തിത്തിരിപ്പും ദുരഭിമാനവും എല്ലാം സ‍്ക്രീനില്‍ നിറയുന്നു.

ചിലര്‍ക്കെന്താണ് വീട്ടിലുള്ളവരോട് പോലും മനസുതുറക്കാനാവാത്തതെന്ന് പല വാര്‍ത്തകളും, നമ്മളുടെയൊക്കെ ചുറ്റുപാടും നടക്കുന്ന കാര്യങ്ങളും അറിയുമ്പോള്‍ തോന്നും. എന്നാലിവര്‍ ആരും പ്രതീക്ഷിക്കാത്ത ചിലരുമായി വളരെ അടുത്തബന്ധവും സ‍്നേഹവും സൗഹൃദവും സ്ഥാപിക്കും. എന്തുകൊണ്ടാണിത് ഇങ്ങിനെ സംഭവിക്കുന്നത്. ഇത്തരം ബന്ധങ്ങളില്‍ ചില കള്ളത്തരങ്ങളുണ്ടാകാം ഉണ്ടാകാതിരിക്കാം. എന്നാലും എന്തുകൊണ്ടാണ് ഇവര്‍ ചിലരിലേക്ക് അടുക്കുന്നത് എന്നത് വലിയ ചോദ്യമാണ്. അത്തരമൊരു ചോദ്യമാണ് ഭരതനാട്യം ഉയര്‍ത്തുന്നത്. ഒരോരുത്തര്‍ക്കും അത് അവരുടേതായ ശരിതെറ്റുകളുണ്ടായിരിക്കും. ഇവ വേര്‍തിരിക്കുമ്പോഴാണ് പ്രശ‍്നങ്ങളുണ്ടാകുന്നത്. അച്ഛന്റെ ശരികള്‍ മകന് വലിയ തെറ്റായിരിക്കും. തിരിച്ചും സംഭവിക്കാം. സ‍്നേഹമുണ്ടെങ്കില്‍ ഈ ശരിതെറ്റുകള്‍ മറക്കാനും പൊറുക്കാനും ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്താനുമാവും എന്നാണ് ഈ കൊച്ചുസിനിമ പറഞ്ഞുവയ്ക്കുന്നത്.

അതിവൈകാരികതയോ, ത്രസിപ്പിക്കുന്ന സംഘട്ടനരംഗങ്ങളോ, കാതടപ്പിക്കുന്ന സംഗീത കോലാഹലങ്ങളോ ഇല്ല എന്നതും ഭരതനാട്യത്തിന്റെ പ്രത്യേകതയാണ്. ഒരു ഗ്രാമത്തിലെ കുറേ മനുഷ്യരും അവരുടെ ജീവിതപരിസരങ്ങളും സ്വാഭാവികമായി പറയുന്നു. മുമ്പും ഇത്തരം പ്രമേയങ്ങള്‍ മലയാളത്തിലുണ്ടായിട്ടുണ്ടെങ്കിലും അതൊക്കെ അതിവൈകാരികത കുത്തിനിറച്ചാണ് കാണികള്‍ക്ക് മുന്നിലെത്തിച്ചത്. അതില്‍ നിന്ന് മാറി നര്‍മത്തോടെയാണ് തിരക്കഥാകൃത്ത് കൂടിയായ സംവിധായകന്‍ ഈ സിനിമയെ സമീപിച്ചത്. അതാണ് ഇതിലെ പുതുമ. ആ പുതുമ പണ്ഡിതനും പാമരനും ഇഷ‍്ടപ്പെടും. ചിത്രം തുടങ്ങി ഒരു ഘട്ടം കഴിയുമ്പോള്‍ കഥ നടക്കുന്ന വീട്ടിലും ചുറ്റുവട്ടത്തുമാണല്ലോ നമ്മള്‍ എന്ന തോന്നല്‍ സൃഷ‍്ടിക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. അത് തന്നെയാണ് ഭരതനാട്യത്തിന്റെ വലിയ വിജയം.

Exit mobile version