Site iconSite icon Janayugom Online

ആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി

ജില്ലയിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് മുക്കേലിലാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മുമ്പ് തകഴി, പുറക്കാട്, ചെറുത, കരുവാറ്റ എന്നിവിടങ്ങളിൽ പക്ഷിപ്പനി പടർന്ന് പിടിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പക്ഷികളുടെ സ്രവങ്ങളടക്കം പരിശോധിച്ച് വരുന്നതിനിടെയാണ് വീണ്ടും രോഗബാധ കണ്ടെത്തിയിരിക്കുന്നത്. ഇവിടെ രണ്ട് കർഷകരുടെ ഫാമിലാണ് രോഗം പടർന്നിരിക്കുന്നത്.

പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മേഖലയിലെ പക്ഷികളെ കൊന്ന് സുരക്ഷിതമായി മറവു ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് ടീമുകൾക്കാണ് ഇതിന്റെ ചുമതല. കൊന്ന പക്ഷികളെ മറവു ചെയ്യുന്നതിന് ഗ്രാമപഞ്ചായത്ത് നടപടി സ്വീകരിക്കും.

പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവില്‍ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. ആരോഗ്യ വകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് ടീം പ്രതിരോധ മരുന്ന് വിതരണം ചെയ്യും. പഞ്ചായത്തിൽ താറാവ്, കോഴി, കാട, വളർത്തുപക്ഷികൾ ഇവയുടെ മുട്ട, ഇറച്ചി, കാഷ്ടം (വളം) എന്നിവയുടെ ഉപയോഗവും വിപണനവും നിരോധിച്ച് കളക്ടർ ഉത്തരവിട്ടു. പുറക്കാട്, തകഴി, പുളിങ്കുന്ന്, നെടുമുടി, കൈനകരി, അമ്പലപ്പുഴ വടക്ക്, പുന്നപ്ര നോർത്ത്, സൗത്ത്, ചമ്പക്കുളം എന്നിവിടങ്ങളിൽ നേരത്തെ പ്രഖ്യാപിച്ച നിരോധനം നിലവിലുണ്ട്.

Eng­lish Sum­ma­ry: Bird flu in Alap­puzha again

You may like this video also

Exit mobile version