Site iconSite icon Janayugom Online

പിങ്കിനുള്ളിലെ കറുപ്പ്

pink policepink police

ളരെ ഓമനത്തം നല്‍കുന്ന നിറമാണ് പിങ്ക്. ബേബി പിങ്ക്, ബേബി ബ്ലു എന്നൊക്കെ നിറങ്ങളെ വേര്‍തിരിക്കാറുണ്ട്. അതിനാല്‍ തന്നെ ‘പിങ്ക് പൊലീസ്’ എന്ന് കേട്ടപ്പോള്‍ ആ പേരിനൊരു ഓമനത്തമുണ്ടായിരുന്നു. നീതി നടപ്പാക്കാനിറങ്ങി പുറപ്പെട്ട ഒരുകൂട്ടം പൊലീസുകാരുടെ കൂട്ടായ്മയാണ് പിങ്ക് പൊലീസ് എന്ന് വിശ്വസിച്ചു, വിശ്വാസമര്‍പ്പിച്ചു. എന്നാല്‍ വേലിതന്നെ വിളതിന്നുന്ന അവസ്ഥയിലാണിപ്പോള്‍. പിങ്ക് പൊലീസ് അവര്‍ക്കിടയില്‍ നല്ല പൊലീസും മോശം പൊലീസുമുണ്ടാകാം. എന്നാല്‍ റോഡിലൂടെ നടന്നുപോയ നിരപരാധികളായ അച്ഛനെയും മകളായ കൊച്ചുകുട്ടിയെയും മൊബൈല്‍ മോഷ്ടിച്ചെന്ന് പറഞ്ഞു കള്ളന്മാരാക്കി ചിത്രീകരിക്കാന്‍ ശ്രമിക്കുന്ന പൊലീസുകാരി എന്ത് കാറ്റഗറിയില്‍ ഉള്‍പ്പെടും. പിങ്കാണോ കറുപ്പാണോ അവരുടെ ഉള്ളിലുള്ളത്.
പൊലീസ് എന്നു കേട്ടാല്‍ ഭയപ്പെടുന്ന മുതിര്‍ന്നവരെപോലും എനിക്കറിയാം. അതൊരു മാനസികാവസ്ഥയാണ്. കാരണം കൊച്ചുകുട്ടികളായിരിക്കുമ്പോള്‍ ഭക്ഷണം കഴിക്കാതിരിക്കുകയോ കുസൃതികള്‍ കാട്ടുകയോ ചെയ്യുമ്പോള്‍ അമ്മ പറയും പൊലീസിനെ വിളിക്കുമെന്ന്. ആ സംസാരം ചിലരിലെങ്കിലും കാക്കിയോടുള്ള ഭയമായി മുതിര്‍ന്നവരായാലും നിലനില്‍ക്കും. അപ്പോള്‍ ഒരു കൊച്ചു ബാലിക നേരിട്ടൊരു പൊലീസുകാരിയില്‍ നിന്നും അപമാനിതയായാല്‍ ആ കുഞ്ഞു മനസിനെന്തൊരാഘാതമാണുണ്ടാവുക. ആ കുഞ്ഞു മനസിന്റെ നൊമ്പരം അധികാരികള്‍ കാണാതെ പോകരുത്. എത്ര ക്രൂരമായാണ് ആ പൊലീസുകാരി പെരുമാറിയത്. മാനസികാഘാതം മൂലം കുട്ടി ചികിത്സയിലാണെന്നാണറിയുന്നത്. അവിടെ ദളിത് എന്നോ ദളിത് അല്ലാത്തതെന്നോ ഉള്ള വേര്‍തിരിവ് ഒരു പ്രശ്നമേ അല്ല. ഒരു ചെറിയ പെണ്‍കുട്ടി അഭിമുഖീകരിച്ച ആ ഭീകരാവസ്ഥയാണോര്‍ക്കേണ്ടത്.
കടുത്ത ശിക്ഷ അര്‍ഹിക്കുന്ന ആ പൊലീസുകാരിക്ക് കിട്ടിയ ശിക്ഷ രണ്ടാഴ്ചത്തെ നല്ല നടപ്പ്. അവരെ കാക്കി ഇടാനനുവദിക്കരുതെന്നൊക്കെ പല ഭാഗങ്ങളില്‍ നിന്നും അഭിപ്രായങ്ങള്‍ ഉയര്‍ന്നുവെങ്കിലും അതൊക്കെ വെറും വനരോദനങ്ങളായിരുന്നെന്ന് തോന്നുന്നു. കുട്ടി ഇപ്പോള്‍ കാക്കി കണ്ടാല്‍ ഞെട്ടിക്കരയുന്നു. ആ മാതാപിതാക്കളുടെ അവസ്ഥ ഒന്നാലോചിച്ചുനോക്കു. വി എസ് സിയിലേക്ക് കൊണ്ടുപോയ വലിയ കാര്‍ഗോ കാണാന്‍ അച്ഛന്റെ കൈയും പിടിച്ച് റോഡിനരികിലൂടെ പോയ കുട്ടിക്കാണിതൊക്കെ അനുഭവിക്കേണ്ടി വന്നത്. ഫോണ്‍ പൊലീസ് വാഹനത്തില്‍ നിന്നു തന്നെ കിട്ടിയപ്പോള്‍ ആ പൊലീസുകാരി കൊച്ചുകുട്ടിയെ ചേര്‍ത്ത് നിര്‍ത്തി ആശ്വസിപ്പിച്ചിരുന്നെങ്കില്‍ ഇതൊന്നും സംഭവിക്കില്ലായിരുന്നു. കാക്കിക്കുള്ളില്‍ ഒരു അമ്മയുടെ ഹൃദയം ഇല്ലാതെ പോയി. ഇപ്പോള്‍ പൊലീസ് യൂണിഫോമില്‍ വീടിനടുത്തു തന്നെ വിലസുന്നു എന്നാണറിവ്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം വിശദമായ അന്വേഷണം നടത്തി ആ പൊലീസുകാരിക്ക് അര്‍ഹിക്കുന്ന ശിക്ഷ നല്കണം. ഇനി ഒരു കു‍ഞ്ഞിനും ഇത്തരം അനുഭവം ഉണ്ടാകരുത്.

 

Exit mobile version