Site iconSite icon Janayugom Online

ടൂറിസ്റ്റ് ബസുകളെ തേടി അന്യസംസ്ഥാന ബ്ലേഡ് മാഫിയകൾ

സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകളെ തേടി രൊക്കം പണവുമായി അന്യസംസ്ഥാന ബ്ലേഡ് മാഫിയകൾ. കോവിഡ് നിയന്ത്രണം വരുത്തിയ പ്രതിസന്ധിമൂലം കേരളത്തിലെ മൂവായിരത്തോളം ടൂറിസ്റ്റ് ബസുകളാണ് ഇതിനകം സർവീസ് നിറുത്തലാക്കിയത്. ഇതിലേറെയും അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് വാങ്ങിയത്. ഓട്ടം കുറയുകയും തിരിച്ചടവുകൾ ഇരട്ടിക്കുകയും ചെയ്തതോടെ കിട്ടുന്ന വിലയ്ക്ക് വിൽക്കാൻ ഉടമകൾ നിർബന്ധിതരായി. സെക്കൻഡ് ഹാൻഡ് വാഹനം വാങ്ങാൻ നാട്ടിലാരും തയ്യാറാകുന്നില്ലെന്നാണ് ബസുടമകളുടെ പരാതി.

തിരിച്ചടവ് വൈകുമോയെന്ന ആശങ്കമൂലം വായ്പ നൽകാൻ ധനകാര്യ സ്ഥാപനങ്ങൾ വൈമുഖ്യം കാട്ടുന്ന സാഹചര്യവുമുണ്ട്. അടവ് മുടങ്ങിയാൽ വാഹനം പിടിച്ചെടുക്കാനുള്ള ചെലവും അതിനുള്ള ബുദ്ധിമുട്ടും കൂടി കണക്കിലെടുത്താണിത്. ബാദ്ധ്യതകൾ തീർക്കാൻ, കിട്ടുന്ന കാശിന് അന്യ സംസ്ഥാനത്തെ വട്ടിപ്പലിശക്കാരുമായി കച്ചവടം ഉറപ്പിക്കേണ്ടിവരുന്നതായും ഇവർ പറയുന്നു. കേരളത്തിലെ ബസുകൾ കൃത്യമായി അറ്റകുറ്റപ്പണി നടത്തുന്നതും തമിഴ്‌നാട്, ആന്ധ്ര, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള കച്ചവടക്കാരെ ആകർഷിക്കുന്നു.

കോവിഡ് കാലത്തിന് മുൻപ് 12,000 കോൺട്രാക്ട് കാര്യേജ് ബസുകളാണ് സംസ്ഥാനത്ത് സർവീസ് നടത്തിയിരുന്നത്. കോവിഡിന് ശേഷം ടൂറിസം മേഖല മെച്ചപ്പെടുകയും സ്കൂളുകളും കോളജുകളും വിനോദയാത്രാ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്ത ഘട്ടത്തിലാണ് വടക്കാഞ്ചേരിയിൽ അപകടം സംഭവിച്ചത്. അപകടത്തെ തുടർന്ന് കോളജുകൾ, സ്കൂളുകൾ എന്നിവിടങ്ങളിൽ നിന്നുള്ള ഓട്ടം കുറഞ്ഞു.
മോട്ടോർ വാഹന വകുപ്പും നിയമങ്ങൾ കർശനമാക്കിയിരുന്നു.

 

Exit mobile version