Site iconSite icon Janayugom Online

ബ്ലോക്ക്ബസ്റ്റർ വിജയം; ഇരുപതാം ദിവസം പിന്നിട്ട് പ്രേക്ഷകഹൃദയങ്ങൾ കവർന്ന് ‘നരിവേട്ട’ മുന്നോട്ട്..

ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അബിൻ ജോസഫിന്റെ തിരക്കഥയിൽ അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട ഗംഭീര പ്രദർശന വിജയം നേടി മുന്നേറുന്നു. ഇതിനോടകം മൂന്നാം ആഴ്ച പിന്നിട്ടിരിക്കുന്ന നരിവേട്ടയുടെ പ്രദർശനം ഭാഷാഭേദമില്ലാതെ ഏവർക്കും ആസ്വദിക്കാവുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്. അതോടൊപ്പം ആഗോള ബോക്സ് ഓഫീസില്‍ 22 കോടിയിലധികം നരിവേട്ട നേടി എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഒന്നിലധികം യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിരിക്കുന്ന ചിത്രത്തിൽ വർഗീസ് പീറ്റർ എന്ന ചെറുപ്പക്കാരന്റെ ജീവിതയാത്ര കൂടിയാണ് പറയുന്നത്. മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച പൊളിറ്റിക്കല്‍ സോഷ്യോ ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന നരിവേട്ട നോണ്‍ ലീനിയറായാണ് ആവിഷ്കരിച്ചിരിക്കുന്നത്. മികച്ച പ്രേക്ഷക — നിരൂപക പ്രശംസയും അതോടൊപ്പം ഓസ്ട്രേലിയയിൽ നടന്ന പ്രീമിയർ ഷോയിൽ മികച്ച പ്രതികരണവും കരസ്ഥമാക്കിയ ചിത്രമിപ്പോൾ ടോവിനോ തോമസ് എന്ന നടന്റെയും സ്റ്റാറിന്റെയും കരിയർ ഗ്രാഫ് വളർച്ചയുടെയും കാരണമായി മാറിയിരിക്കുകയാണ്.

ആദിവാസി ഭൂമി പ്രശ്നം എന്ന സാമൂഹിക വിഷയത്തെ മുന്നില്‍ നിര്‍ത്തി തന്നെ 2003 ഫെബ്രുവരി 19ന് വയനാട്ടിലെ മുത്തങ്ങയില്‍ നടന്ന സംഭവങ്ങളെ കഥാകാരന്റെ ഭാവന കൂടി ചേര്‍ത്തുവെച്ച് അവതരിപ്പിക്കുകയാണ് നരിവേട്ട. മുത്തങ്ങ സമര കാലത്ത് പരക്കെ പറയപ്പെട്ടിരുന്ന സംശയങ്ങളാണ് സിനിമയുടെ അടിത്തട്ടിലൂടെ സഞ്ചരിക്കുന്നത്. അതോടൊപ്പം ചെങ്ങര സമരം, പൂയംകുട്ടി സമരം തുടങ്ങിയ സകല സമരങ്ങളോടും ഐക്യപ്പെടുന്ന തരത്തില്‍ അതിലെ കണ്ടെന്റുകളെയെല്ലാം നീതിപൂര്‍വമായി സമീപിച്ചിരിക്കുന്ന സിനിമ കൂടിയാണിത്. ചിത്രത്തിൽ ബഷീറായി എത്തിയ സുരാജ് വെഞ്ഞാറമൂട്, ഡിഐജി കേശവദാസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ചേരൻ, ആര്യ സലീം, പ്രിയംവദ കൃഷ്ണൻ എന്നിവർ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്.

ഇന്ത്യൻ സിനിമ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിചിരിക്കുന്നത്. ഇഷ്ഖില്‍ നിന്നും നരിവേട്ടയിലെത്തുമ്പോഴുള്ള അനുരാജ് മനോഹറെന്ന സംവിധായകന്റെ സംവിധാന മികവും , ജേക്സ് ബിജോയുടെ ‌ സംഗീത മികവുമാണ് ചിത്രത്തെ ഏറെ ആകർഷകമാക്കിയത്. അബിൻ്റെ എഴുത്തിനും അനുരാജിന്റെ മേക്കിങ്ങിനും ഒപ്പംനിന്നുകൊണ്ട് ഒരു സിംഫണിതന്നെ തീർക്കുകയായിരുന്നു ജേക്സ് ബിജോയ്. ഛായാഗ്രഹണം നിർവഹിച്ച വിജയ്, സംഗീതം നൽകിയ ജേക്സ് ബിജോയ്, എഡിറ്റർ ഷമീർ മുഹമ്മദ്, ആർട്ട് ചെയ്ത ബാവ എന്നിവരുടെ സംഭാവനകളും ഗംഭീരമായി തന്നെ പ്രതിഫലിക്കുന്നുണ്ട്.

Exit mobile version