Site iconSite icon Janayugom Online

തൊഴിലാളികളില്ല; അതിര്‍ത്തി ഗ്രാമങ്ങള്‍ പ്രതിസന്ധിയില്‍

 

മുള്ളന്‍കൊല്ലിയില്‍ തൊഴിലാളികളെ കിട്ടാത്തതിനെ തുടര്‍ന്ന് വിളവെടുക്കനാവാതെ കുരുമുളക് തോട്ടങ്ങള്‍

കര്‍ണാടകയിലെ ബൈരക്കുപ്പയില്‍ നിന്ന് തൊഴിലാളികള്‍ എത്തായതോടെ പുല്‍പ്പള്ളി മേഖലയിലെ അതിര്‍ത്തിഗ്രാമങ്ങളിലെ കൃഷിയിടങ്ങളില്‍ ജോലി ചെയ്യാന്‍ തൊഴിലാളികളെ കിട്ടാതെ കര്‍ഷകര്‍ പ്രതിസന്ധിയില്‍. കബനി നദിയുടെ മറുകരയായ ബൈരക്കുപ്പയില്‍ നിന്നുമാണ് വര്‍ഷങ്ങളായി പുല്‍പ്പള്ളി മേഖലയില്‍ തൊഴിലാളികള്‍ എത്തുന്നത്. എന്നാല്‍ ഇപ്പോള്‍ തൊഴിലാളികള്‍ എത്താത്തതിനാല്‍ കുരുമുളക്, കാപ്പി വിളവെടുപ്പ് പ്രതിസന്ധിലായിരിക്കുകയാണ്. പുല്‍പ്പള്ളി പഞ്ചായത്തിലെ ചേകാടി, വെട്ടത്തൂര്‍ , മുള്ളന്‍കൊല്ലി, പാടിച്ചിറ, പുല്‍പ്പളളി തുടങ്ങിയ പ്രദേശങ്ങളിലെ കൃഷിയിടങ്ങളില്‍ ബൈരക്കുപ്പയില്‍ നിന്നായിരുന്നു തൊഴിലാളികള്‍ കൃഷി പണിക്കായി എത്തിയിരുന്നത്. ലോക് ഡൗണ്‍ ആയതിനാല്‍ കബനി നദിയില്‍ തോണിക്കടത്ത് നിലച്ചതാണ് തൊഴിലാളികളുടെ വരവ് കുറയാന്‍ കാരണമായത്. ഇതുമൂലം മേഖലയിലെ കൃഷിയിടങ്ങളില്‍ കൃഷി പണിക്ക് ആളെ കിട്ടാത്ത അവസ്ഥയാണ്. പല കൃഷിയിടങ്ങളിലും കുരുമുളകും കാപ്പിയുമെല്ലാം വിളവെടുക്കാനായെങ്കിലും ആളെ കിട്ടാത്തതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായിരിക്കുകയാണ്. പാടം തരിശിടാതെ എന്തു ത്യാഗം സഹിച്ചും പുഞ്ചകൃഷി നടത്തണമെന്ന് ആഗ്രഹമുണ്ടെങ്കിലും പ്രതികൂലസാഹചര്യങ്ങള്‍ കര്‍ഷകരെ അങ്കലാപ്പിലാക്കുന്നു. തീരപ്രദേശത്ത് ജലസേചനം നടത്താവുന്ന സ്ഥലങ്ങളില്‍ വിത്തിട്ടവര്‍ക്ക് പാടമൊരുക്കി പറിച്ചുനടാനും പ്രയാസമായിരുന്നു ഇത്തവണ. എല്ലാ വര്‍ഷവും നടീലിനും കൊയ്തിനും കര്‍ണാടക അതിര്‍ത്തിയിലെ തൊഴിലാളികളാണ് കബനി കടന്നെത്തിയിരുന്നത്. തൊഴിലാളികള്‍ക്ക് പുഴ കടന്നെത്താനുള്ള സംവിധാനം ഒരുക്കണമെന്ന ആവശ്യം കര്‍ഷകര്‍ ഉന്നയിക്കുന്നുണ്ട്. എന്നാല്‍ കോവിഡ് വ്യാപന ഭീഷണിയുള്ളതിനാല്‍ ഇത് പ്രായോഗികമല്ലെന്ന് അധികൃതര്‍ പറയുന്നു. ഇതു മൂലം വര്‍ഷങ്ങളായി പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തിലെ കൃഷിയിടങ്ങളില്‍ തൊഴില്‍ ചെയ്തിരുന്ന തൊഴിലാളികളും കൃഷിയിടങ്ങളില്‍ പണികള്‍ എടുക്കാനാകാതെ കര്‍ഷകരും ഒരേപോലെ പ്രതിസന്ധിയിലായിരിക്കുകയാണ്. ഇതിന് പരിഹാരം കാണാന്‍ തൊഴിലുറപ്പ് മേഖലയിലെ പണികള്‍ കൃഷിയിടങ്ങളിലെ കാപ്പി, കുരുമുളക് വിളവെടുപ്പ് മേഖലയിലേക്ക് മാറ്റുന്നതിനാവശ്യമായ നടപടി വേണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

Exit mobile version