Site iconSite icon Janayugom Online

ലോര്‍ഡ്സില്‍ ബുംറ പഞ്ച് ; ഇംഗ്ലണ്ട് 387ന് പുറത്ത്

ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സില്‍ ഇംഗ്ലണ്ട് 387 റണ്‍സിന് പുറത്ത്. 104 റണ്‍സ് നേടിയ ജോ റൂട്ടാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറര്‍. ഇന്ത്യക്കായി ജസ്പ്രീത് ബുംറ 27 ഓവറില്‍ 74 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് നേടി. രണ്ടാം ദിനത്തില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സെന്ന നിലയില്‍ ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് ഒമ്പത് റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോള്‍ ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സിനെ നഷ്ടമായി. ബുംറയുടെ പന്തില്‍ സ്റ്റോക്സ് ബൗള്‍ഡായി. 44 റണ്‍സാണ് താരം നേടിയത്. അഞ്ചാം വിക്കറ്റില്‍ റൂട്ട് — സ്റ്റോക്സ് സഖ്യം 88 റണ്‍സ് ചേര്‍ത്തു. പിന്നാലെ ക്രീസിലെത്തിയ ജാമി സ്മിത്തിനെ പുറത്താക്കാന്‍ ലഭിച്ച സുവര്‍ണാവസരം സ്ലിപ്പില്‍ രാഹുല്‍ നഷ്ടമാക്കി. അഞ്ച് റണ്‍സെടുത്തു നില്‍ക്കെ സിറാജിന്റെ പന്തില്‍ സ്മിത്ത് സ്ലിപ്പില്‍ നല്‍കിയ അനായാസ ക്യാച്ച് രാഹുല്‍ കൈവിട്ടത് തിരിച്ചടിയായി. എന്നാല്‍ തൊട്ടുപിന്നാലെ റൂട്ടിനെ ബൗള്‍ഡാക്കി ബുംറ അടുത്ത പ്ര­ഹരമേല്പിച്ചു. 199 പന്തില്‍ നിന്ന് 10 ബൗണ്ടറിയടക്കം 104 റണ്‍സായിരുന്നു റൂട്ടിന്റെ സമ്പാദ്യം. തൊട്ടടുത്ത പന്തില്‍ ക്രിസ് വോക്സിനെയും (0) ബുംറ മടക്കി. 

പിന്നാലെ ക്രീസിലെത്തിയ ക്രിസ് വോക്സിനെ നേരിട്ട ആദ്യ പന്തില്‍ തന്നെ ബുംറ ധ്രുവ് ജുറെലിന്റെ കൈകളിലെത്തിച്ചു. ഇതോടെ സ്കോര്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 271 റണ്‍സെന്ന നിലയിലായി. ഇതോടെ വാലറ്റക്കാരെ പെട്ടെന്ന് മടക്കി സ്കോര്‍ 300നുള്ളിലൊതുക്കാമെന്ന ഇന്ത്യയുടെ പ്രതീക്ഷകളെ തെറ്റിച്ചായിരുന്നു ജാമി സ്മിത്തിന്റെയും ബ്രെയ്ഡന്‍ കഴ്സിന്റെയും കൂട്ടുകെട്ട്. ഇരുവരും അര്‍ധസെഞ്ചുറികളുമായി സ്കോര്‍ അനായാസം 350 കടത്തി. സ്മിത്ത് 51 റണ്‍സും കഴ്സ് 56 റണ്‍സുമെടുത്തു. ഇരുവരും ചേര്‍ന്ന് 84 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. സ്മിത്തിനെ മുഹമ്മദ് സിറാജാണ് പുറത്താക്കിയത്. തുടര്‍ന്ന് ജോഫ്ര ആര്‍ച്ചറെ (4) പുറത്താക്കി ബുംറ അഞ്ച് വിക്കറ്റ് തികച്ചു. 

നേരത്തെ ആദ്യ ദിനത്തില്‍ ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ബാസ്ബോള്‍ ശൈലി വിട്ട് കരുതലോടെയാണ് ബാറ്റിങ്ങിനിറങ്ങിയത്. 13-ാം ഓവര്‍ എറിയാനെത്തിയ നിതിഷ് ഓപ്പണര്‍മാരായ ബെന്‍ ഡക്കറ്റിനെയും സാക്ക് ക്രൗളിയെയും ആ ഓവറില്‍ പുറത്താക്കി. സ്കോര്‍ 43ല്‍ നില്‍ക്കെ ഡക്കറ്റിനെ നിതിഷ് വിക്കറ്റ് കീപ്പറായ റിഷഭ് പന്തിന്റെ കൈകളിലെത്തിച്ചു. 23 റണ്‍സാണ് താരം നേടിയത്. ഓവറിന്റെ അവസാന പന്തില്‍ 18 റണ്‍സെടുത്ത ക്രൗളിയെയും നിതിഷ് പന്തിന്റെ കയ്യിലെത്തിച്ചു. 

എന്നാല്‍ പിന്നീടൊന്നിച്ച ഒലി പോപ്പും ജോ റൂട്ടും കരുതലോടെ നീങ്ങി. ഇരുവരും ചേര്‍ന്ന് 109 റണ്‍സ് കൂട്ടിച്ചേര്‍ത്തു. സ്കോര്‍ 153ല്‍ നില്‍ക്കെ പോപ്പിനെ മടക്കി രവീന്ദ്ര ജഡേജയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 104 പന്തില്‍ നാല് ഫോറുള്‍പ്പെടെ 44 റണ്‍സ് നേടിയാണ് പോപ്പ് മടങ്ങിയത്. ടെസ്റ്റ് റാങ്കിങ്ങില്‍ തലപ്പത്തെത്തിയ ഹാരി ബ്രൂക്കിന് അധികനേരം ക്രീസിലുറച്ച് നില്‍ക്കാനായില്ല. 11 റണ്‍സെടുത്ത ബ്രൂക്കിനെ ബുംറ ബൗള്‍ഡാക്കി. പിന്നാലെ ബെന്‍ സ്റ്റോക്സ് എത്തിയതോടെ സ്കോര്‍ നാലിന് 200 കടന്നു. ബുംറയെ കൂടാതെ മുഹമ്മദ് സിറാജും നിതിഷ് റെഡ്ഡിയും രണ്ട് വിക്കറ്റുകള്‍ വീതവും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും സ്വന്തമാക്കി. 

Exit mobile version