Site iconSite icon Janayugom Online

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞു; 55 പേർക്ക് പരിക്ക്

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് 55 പേർക്ക് പരിക്ക്. ഒരാൾ മരിച്ചതായി ഔദ്യോഗിക റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. മറ്റൊരാളുടെ നില ഗുരുരുത്തരമാണ്. പരിക്കേറ്റവരെല്ലാം കർണാടക സ്വദേശികളാണ്. ശനിയാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് അപകടം സംഭവിച്ചത്. ശബരിമലയിലേക്ക് പോവുകയായിരുന്ന അയ്യപ്പഭക്തർ സഞ്ചരിച്ച സ്വകാര്യ ബസ് ചിറ്റാരിക്കലിലെ കാറ്റാംകവല മറ്റപ്പള്ളി വളവിൽ റോഡിൽ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു.അപകടസമയത്ത് ബസിൽ 55 പേർ ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇവർക്കെല്ലാം പരിക്കേറ്റിട്ടുണ്ട്. 

പരിക്കേറ്റവരിൽ ഗുരുതരമായ പരിക്കുള്ള 2 പേരെ വിദഗ്ദ്ധ ചികിത്സയ്ക്കായി പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളജിലേക്ക് മാറ്റിയതായി വിവരമുണ്ട്. മറ്റുള്ളവരെ കണ്ണൂരിലെ വിവിധ ആശുപത്രികളിലേക്കും മാറ്റിയിട്ടുണ്ട്. മറ്റ് തീർത്ഥാടകരെ പയ്യന്നൂർ ഭാഗത്തെയും ചെറുപുഴയിലേയും വിവിധ ആശുപത്രികളിലാണ് പ്രവേശിപ്പിച്ചത്. പരിക്കേറ്റവരിൽ 6 പേർ കുട്ടികളും 49 പേർ മുതിർന്നവരുമാണ്. സ്ഥലത്തെത്തിയ പൊലീസ്, ഫയർഫോഴ്‌സ്, നാട്ടുകാർ എന്നിവർ ചേർന്ന് ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തി. അപകടത്തിന്റെ കാരണം വ്യക്തമല്ല. കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

Exit mobile version