Site iconSite icon Janayugom Online

ബൈ ബൈ റോയല്‍സ്

ഐപിഎല്‍ 18-ാം സീസണില്‍ വിജയത്തോടെ പടിയിറങ്ങി രാജസ്ഥാന്‍ റോയല്‍സ്. പ്ലേ ഓഫില്‍ കടന്നില്ലെങ്കിലും അവസാന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനോട് നാല് വിക്കറ്റ് വിജയത്തോടെയാണ് സഞ്ജു സാംസണിന്റെയും സംഘത്തിന്റെയും മടക്കം. 14 മത്സരങ്ങളില്‍ നാല് ജയം മാത്രമായിരുന്നു രാജസ്ഥാന്‍. 10ലും തോല്‍വി, ആകെ നേടിയതാകട്ടെ എട്ട് പോയിന്റും. ഒമ്പതാം സ്ഥാനത്താണ് രാജസ്ഥാന്‍. പരിക്കിനെ തുടര്‍ന്ന് കുറച്ച് മത്സരങ്ങള്‍ സഞ്ജുവിന് നഷ്ടമായിരുന്നു. രാജസ്ഥാന്‍ ക്യാപ്റ്റനെന്ന നിലയില്‍ സീസണില്‍ ആറ് കളികളില്‍ രണ്ട് ജയം മാത്രമാണ് സഞ്ജുവിന്റെ അക്കൗണ്ടിലുള്ളത്. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്കിലെ കൈവരിലിന് പരിക്കേറ്റ സഞ്ജുവിന് സീസണിലെ ആദ്യ മൂന്ന് കളികളില്‍ ഇംപാക്ട് പ്ലേയറായാണ് കളിച്ചത്. പരാഗ് ക്യാപ്റ്റനായെങ്കിലും രാജസ്ഥാന് വിജയങ്ങള്‍ വിദൂരമായിരുന്നു. സീസണിലാകെ ഒമ്പത് കളികളില്‍ ഒരു അര്‍ധസെഞ്ചുറി അടക്കം 285 റണ്‍സാണ് സഞ്ജുവിന്റെ നേട്ടം. 

കുറച്ച് മത്സരങ്ങളില്‍ സഞ്ജുവിന്റെ അഭാവവും മെഗാതാരലേലത്തില്‍ താരങ്ങളെ മികച്ച നിലനിര്‍ത്താനാകാത്തതും ടീമിലെത്തിക്കാനാകാത്തതും രാജസ്ഥാന്റെ ഇത്തവണത്തെ പ്രകടനം ബാധിച്ചു. എന്നാല്‍ ഏവരെയും ഞെട്ടിച്ചത് 14കാരന്റെ പ്രകടനമായിരുന്നു. വൈഭവ് സൂര്യവന്‍ഷിയെന്ന യുവതാരത്തിന്റെ സെഞ്ചുറി പ്രകടനം രാജസ്ഥാന്‍ ക്യാമ്പില്‍ ആഘോഷിക്കാന്‍ വകയുണ്ടായിരുന്നു. സഞ്ജുവിന് പരിക്കേറ്റതിനെ തുടര്‍ന്ന് ഓപ്പണറായെത്തിയ വൈഭവ് ഒരു സെഞ്ചുറിയുും ഒരു അര്‍ധസെഞ്ചുറിയും നേടിയിരുന്നു. അവസാന മത്സരത്തില്‍ 33 പന്തില്‍ നാലു വീതം ഫോറും സിക്‌സറുമുള്‍പ്പെടെ 57 റണ്‍സെടുത്താണ് താരത്തിന്റെ മടക്കം. പുതിയൊരു താരോദയത്തെ സൃഷ്ടിക്കാന്‍ രാജസ്ഥാന് കഴിഞ്ഞു. 

ജോസ് ബട്‌ലര്‍, ട്രെന്റ് ബോള്‍ട്ട് എന്നീ തുറുപ്പുചീട്ടുകളെ ഒഴിവാക്കി ഷെമ്രോണ്‍ ഹെറ്റ്മെയര്‍, ധ്രുവ് ജൂറല്‍ എന്നിവരെയാണ് ഇത്തവണ രാജസ്ഥാന്‍ നിലനിര്‍ത്തിയത്. എന്നാല്‍ ഇവിടെ തുടങ്ങിയതാണ് രാജസ്ഥാന്റെ തകര്‍ച്ച. വിശ്വസ്തനായ ബട്ലറെ ഒഴിവാക്കിയതോടെ ബാറ്റിങ്ങില്‍ രാജസ്ഥാന്‍ പരാജയമാകുന്ന കാഴ്ച പലകുറി കണ്ടു. ഗുജറാത്ത് ടൈറ്റന്‍സിലെത്തിയ ബട്‌ലര്‍ മിന്നും ഫോമിലാണ്. നിലനിര്‍ത്തിയ ഹെറ്റ്മെയറും ജൂറലും ഫിനിഷര്‍മാരുടെ റോളിലെത്തിയിട്ടും ജയിക്കാമായിരുന്ന പല മത്സരങ്ങളും പരാജയത്തിലേക്ക് തള്ളിവിട്ടു. ഏറ്റവും ഒടുവിലായി ചെന്നൈയ്ക്കെതിരെ ഇരുവരും ഫിനിഷ് ചെയ്ത് വിജയത്തിലെത്തിച്ചത് മാത്രമാണ് ആശ്വാസത്തിന് വകയുണ്ടായിരുന്നു. അവസാന മത്സരത്തില്‍ ചെന്നൈ നല്‍കിയ 188 റണ്‍സിന്റെ വിജയലക്ഷ്യം 17.1 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് രാജസ്ഥാന്‍ മറികടന്നത്. നിലവില്‍ അവസാന സ്ഥാനത്താണെങ്കിലും ഒരു മത്സരം കൂടി ചെന്നൈയ്ക്കുണ്ട്.

Exit mobile version