Site iconSite icon Janayugom Online

കാഫ നേഷൻസ് കപ്പ് ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സംഘത്തില്‍ മൂന്ന് മലയാളികള്‍

കാഫ നേഷൻസ് കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. 23 അംഗങ്ങളുള്ള സ്ക്വാഡിനെയാണ് പ്രഖ്യാപിച്ചത്. പുതിയ കോച്ച് ഖാലിദ് ജമീലിന് കീഴിലുള്ള ആദ്യ ടീമാണ് ഇത്. 23 അംഗ സംഘത്തിൽ മലയാളി താരങ്ങളായ ആഷിഖ് കുരുണിയൻ, എം എസ് ജിതിൻ, മുഹമ്മദ് ഉവൈസ് എന്നിവർ ഇടം നേടി. ഓഗസ്റ്റ് 29 മുതൽ തജികിസ്താനിൽ നടക്കുന്ന സെൻട്രൽ ഏഷ്യൻ ഫുട്ബോൾ അസോസിയേഷൻ (കാഫ) നാഷൻസ് കപ്പ് ടൂർണമെന്റിനുള്ള സ്‌ക്വാഡാണ് ഇത്.
ഇന്ത്യയുടെ പുതിയ കോച്ചായി ഖാലി്ദ് സ്ഥാനമേറ്റതിനു പിന്നാലെ നടന്ന ദേശീയ ടീം സാധ്യതാ സംഘത്തിൽ നിന്നാണ് അന്തിമ ടീമിനെ പ്രഖ്യാപിച്ചത്. 35 അംഗങ്ങൾ ഉൾപ്പെട്ട ക്യാമ്പിൽ നിന്നും മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രി ഇല്ലാതെയാണ് ടീം തെരഞ്ഞെടുപ്പ്. മലയാളി താരം സഹൽ അബ്ദുൽ സമദിനെയും കാഫ് നാഷൻസ് കപ്പ് ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. ക്യാമ്പിൽ നിന്നും വിട്ടു നിന്നതിനാലാണ് സഹലിന് അവസരം ലഭിക്കാതിരുന്നത്. ഓഗസ്റ്റ് 29ന് മുതൽ സെപ്റ്റംബർ എട്ട് വരെയാണ് ടൂർണമെന്റ്. തജികിസ്ഥാൻ, ഇറാൻ, അഫ്ഗാനിസ്ഥാൻ എന്നീ ടീമുകൾക്കൊപ്പം ഗ്രൂപ്പ് ബിയിലാണ് ഇന്ത്യ. ഓഗസ്റ്റ് 29ന് തജികിസ്താൻ, സെപ്റ്റംബർ ഒന്നിന് ഇറാൻ, നാലിന് അഫ്ഗാനിസ്താൻ എന്നിങ്ങനെയാണ് ഇന്ത്യയുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ.

Exit mobile version