Site iconSite icon Janayugom Online

ട്രിവാന്‍ഡ്രത്തിന് കാലിടറി കാലിക്കറ്റ് ഫൈനലില്‍

കേരള ക്രിക്കറ്റ് ലീഗില്‍ ട്രിവാന്‍ഡ്രം റോയല്‍സിനെ തകര്‍ത്ത് കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ഫൈനലില്‍ കടന്നു. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന ആദ്യ സെമിയില്‍ 18 റണ്‍സിന്റെ വിജയമാണ് കാലിക്കറ്റ് സ്വന്തമാക്കിയത്. 174 റണ്‍സ് വിജയ ലക്ഷ്യം പിന്തുടർന്ന റോയൽസിന് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 155 റൺസെടുക്കാനേ സാധിച്ചുള്ളൂ. കാലിക്കറ്റിനു വേണ്ടി അഖിൽ സ്കറിയ നാലു വിക്കറ്റുകൾ വീഴ്ത്തി.

ഓപ്പണറായ സുബിന്‍ എസ് റണ്‍സൊന്നുമെടുക്കാതെ പുറത്തായെങ്കിലും മൂന്നാം വിക്കറ്റില്‍ ഒന്നിച്ച റിയ ബഷീര്‍ (69), ഗോവിന്ദ് പൈ (68) എന്നിവര്‍ റോയല്‍സിന് വിജയ പ്രതീക്ഷ നല്‍കിയിരുന്നു. 136 റണ്‍സ് കൂട്ടിച്ചേര്‍ത്തു. റോയല്‍സ് അനായാസം വിജയത്തിലേക്ക് നടന്ന് കയറുമെന്ന് തോന്നിച്ചു. ബഷീറും ഗോവിന്ദും അടുത്തടുത്ത ഓവറുകളില്‍ പുറത്തായത് റോയല്‍സിന് തിരിച്ചടിയായി. ബഷീര്‍ പുറത്തായ ശേഷം റോയല്‍സിനു തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായി. ഇതോടെ ആറിനു 147ലേക്കു അവര്‍ തകരുകയും ചെയ്തു. അവസാന ഓവറില്‍ 24 റണ്‍സാണ് റോയല്‍സിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. അഖില്‍ ദേവ് എറിഞ്ഞ ഓവറില്‍ ആറ് റണ്‍സെടുക്കാനാണ് റോയല്‍സിന് സാധിച്ചത്.

ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് അഞ്ചു വിക്കറ്റുകള്‍ നഷ്ടത്തിലാണ് 173 റണ്‍സെന്ന മികച്ച ടോട്ടലിലെത്തിയത്. ക്യാപ്റ്റന്റെ കളി പുറത്തെടുത്ത രോഹന്‍ കുന്നുമ്മല്‍ 64 റണ്‍സുമായി ടീമിന്റെ ടോപ്‌സ്‌കോററായി മാറി. 34 ബോളുകള്‍ നേരിട്ട രോഹന്‍ ഇന്നിങ്‌സില്‍ ആറു സിക്‌സറും മൂന്നു ഫോറുമുള്‍പ്പെട്ടിരുന്നു. അഖില്‍ സ്‌കറിയയാണ് കാലിക്കറ്റിന്റെ മറ്റൊരു പ്രധാന സ്‌കോറര്‍. 43 ബോളുകള്‍ നേരിട്ട താരം മൂന്നു വീതം ഫോറും സിക്‌സറുമടിച്ചു. അവസാന പന്തുകളിൽ തകർത്തടിച്ച സൽമാൻ നിസാറിന്റെ പ്രകടനവും നിര്‍ണായകമായി. 16 പന്തുകളിൽ‌നിന്ന് താരം നേടിയത് 23 റൺസ്. ട്രിവാൻഡ്രത്തിനായി വിനിൽ ടി എസ് രണ്ടു വിക്കറ്റുകൾ വീഴ്ത്തി.

Exit mobile version