രണ്ടായിരം മെയ് 31നായിരുന്നു ചടയമംഗലം നിലമേല്‍ കൈതോട് കെകെ എംപി ഹൗസില്‍ ത്രിവിക്രമന്‍ നായരുടെ മകള്‍ വിസ്മയയുടെയും പോരുവഴി അമ്പലത്തുംഭാഗം ചന്ദ്രവിലാസത്തില്‍ കിരണ്‍കുമാറിന്റെയും വിവാഹം നടന്നത്.
വിവാഹത്തിനുശേഷം വിവാഹസമ്മാനമായി നല്‍കിയ ടൊയോട്ട കാര്‍ മോശമാണെമെന്നും സ്ത്രീധനമായി ലഭിച്ച തുക കുറവാണെന്നും ആരോപിച്ച് സ്ഥിരമായി വിസ്മയയുമായി വഴക്കുണ്ടാക്കാറുണ്ടായിരുന്നു. ഇതിനെതിരെ സഹോദരനയച്ചുകൊടുത്ത വാട്സ്ആപ് സന്ദേശത്തിലാണ് ഭര്‍തൃഗൃഹത്തില്‍ നേരിട്ട ക്രൂരമായ മര്‍ദ്ദനത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നത്.പതിമൂന്ന് മാസത്തെ വിവാഹ ജീവിതത്തിനിടയില്‍ സംഭവിച്ച എല്ലാ കാര്യങ്ങളും സഹോദരനോട് വിസ്മയ പങ്കുവയ്ക്കുമായിരുന്നു.
മര്‍ദ്ദനമേറ്റ ചിത്രങ്ങളും ഇതോടൊപ്പം അയച്ചുകൊടുത്തിരുന്നു. വിവാഹസമ്മാനമായി നല്‍കിയ വാഹനം കൊള്ളില്ലെന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനമെന്നും അച്ഛനെയും സഹോദരനെയും ഇടയ്ക്കിടെ തെറി പറയുമെന്നും ചാറ്റില്‍ വെളിപ്പെടുത്തുന്നുണ്ട്. വീട്ടുകാരെ തുടര്‍ച്ചയായി അസഭ്യം പറഞ്ഞപ്പോള്‍ എതിര്‍ത്തതിന് ഒരു ദിവസം മുടിയില്‍ പിടിച്ച് വലിക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. പിന്നീട് മിക്ക ദിവസങ്ങളിലും ഇതാവര്‍ത്തിക്കുമായിരുന്നു. തിരിച്ചൊന്നും പറയാതെ ഇതെല്ലാം സഹിക്കുമെന്നും വിസ്മയ വെളിപ്പെടുത്തിയിരുന്നു.
വിസ്മയയ്ക്ക് ഭർത്താവ് കിരണിൽ നിന്നേറ്റ ക്രൂര പീഡനങ്ങൾ ഡിജിറ്റൽ തെളിവുകൾ സഹിതം കോടതിയിൽ വെളിപ്പെടുത്തിയത് വിസ്മയയുടെ സഹോദരൻ വിജിത്തിന്റെ ഭാര്യ ഡോ. രേവതിയാണ്. പ്രോസിക്യൂഷൻ ഭാഗം രണ്ടാംസാക്ഷിയായിരുന്നു ഡോ. രേവതി.
വിജിത്തിന്റെ വിവാഹാലോചന വന്നതുമുതൽ സഹോദരിയായ വിസ്മയയുമായി നേരിട്ട് സംസാരിക്കുമായിരുന്നു. വാട്സ്ആപ്പിൽ ചാറ്റ് ചെയ്യുമായിരുന്നു. സന്തോഷവതിയും പ്രസരിപ്പുമുള്ള കുട്ടിയായിരുന്നു വിസ്മയ. വിവാഹം കഴിഞ്ഞ് ഏകദേശം ഒരുമാസം കഴിഞ്ഞപ്പോൾ മുതൽ വിസ്മയ മ്ലാനവതിയായി. കാര്യം തിരക്കിയപ്പോൾ സ്ത്രീധനത്തിന്റെ കാര്യം പറഞ്ഞ് ശാരീരികമായി ഉപദ്രവിക്കുന്നതും മാനസികമായി കുത്തിനോവിക്കുന്നതും നേരിൽ പറയുകയും വാട്സ്ആപ്പിൽ സന്ദേശമായി അയയ്ക്കുകയും ചെയ്തു.
കിരൺ വിസ്മയയെ ഭിത്തിയോട് ചേർത്തുനിർത്തി കഴുത്തിൽ കുത്തിപ്പിടിക്കുകയും ചവിട്ടി നിലത്തിട്ട് മുഖത്ത് കാൽ കൊണ്ട് ചവിട്ടിപ്പിടിക്കുകയും ചെയ്യുമായിരുന്നുവെന്ന് പറഞ്ഞിരുന്നു. കാർ ഇഷ്ടപ്പെട്ടില്ല എന്നു പറഞ്ഞ് ഓണസമയത്ത് കാറിൽവച്ച് വഴക്കുണ്ടായി. ഇതേ തുടർന്ന് വിസ്മയ റോഡിലിറങ്ങിനിന്നു. ഇത്രയും പോസിറ്റീവ് ആറ്റിട്യൂഡുള്ള വിസ്മയ ‘ഞാനൊരു വേസ്റ്റാണോ ചേച്ചീ’ എന്ന് തന്നോട് ചോദിച്ചതായി രേവതി മൊഴി നൽകിയിരുന്നു.
വിജിത്തിന്റെ വിവാഹത്തിന് കിരൺ പങ്കെടുത്തില്ല. ഗൾഫുകാരന്റെ മകളും മർച്ചന്റ് നേവിക്കാരന്റെ പെങ്ങളുമാമെന്ന് വിചാരിച്ചാണ് കല്ല്യാണം കഴിച്ചതെന്നും പക്ഷേ കിട്ടിയത് ഒരു പാട്ടക്കാറും വേസ്റ്റ് പെണ്ണുമാണെന്ന് കിരൺ പറയുമായിരുന്നുവെന്ന് രണ്ടാംസാക്ഷി വെളിപ്പെടുത്തി. മാനസിക സമ്മർദ്ദം താങ്ങാനാകാതെ താൻ ആത്മഹത്യയുടെ ഘട്ടത്തിലാണെന്ന് പറഞ്ഞപ്പോൾ നീ ചത്താൽ പാട്ടക്കാറും നിന്നേം സഹിക്കണ്ടാല്ലോ എന്നായിരുന്നു കിരണിന്റെ മറുപടി.
ബിഎഎംഎസിന് പഠിക്കുന്ന ഒരു കുട്ടി സ്വന്തം വ്യക്തിത്വം കളഞ്ഞ് ഇങ്ങനെ കഴിയുന്നത് സഹിക്കാനാകാത്തതിനാൽ താൻ വിവരം ഭർത്താവിനെയും മാതാപിതാക്കളെയും അറിയിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ കരയോഗത്തിലും പരാതി നൽകി. ഇക്കാര്യം ചർച്ച ചെയ്യാനിരിക്കെ മാർച്ച് 17ന് വിസ്മയയെ കിരൺ കോളജിൽ നിന്ന് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.
വിവാഹം കഴിഞ്ഞ് ഒന്‍പതാം ദിവസം മുതല്‍ തന്നെ വിസ്മയ സ്ത്രീധനത്തിന്റെ പേരില്‍ പീഡനത്തിനിരയായിരുന്നു എന്ന് തെളിയിക്കുന്ന ശബ്ദരേഖ കഴിഞ്ഞദിവസം പുറത്തായിരുന്നു. ഇങ്ങനെ തുടരാന്‍ വയ്യെന്നും താന്‍ ആത്മഹത്യചെയ്തുപോകുമെന്നും വിസ്മയ അതില്‍ കരഞ്ഞുപറയുന്നുണ്ട്.