കഴിഞ്ഞ നൂറ്റാണ്ടുകളിൽ താഴ്ന്ന ജാതിക്കാർക്ക് ക്ഷേത്ര പ്രവേശനം നിഷേധിച്ചതുപോലുള്ള നിഷേധാത്മക സമീപനമാണ് ‘കറുത്ത നിറമുള്ള കുട്ടികളെ മത്സരത്തിനയയ്ക്കരുതെ‘ന്ന സത്യഭാമ എന്ന നര്‍ത്തകിയുടെ നിലപാട്. കലാഭവൻ മണിയുടെ അനുജനും നർത്തകനുമായ ആർ എൽ വി രാമകൃഷ്ണനെതിരെ ഈ അധ്യാപിക ജാതിവെറി നടത്തിയതായും പരാതിയുയർന്നിട്ടുണ്ട്. ഇത് സാംസ്കാരിക കേരളത്തിന് അപമാനമാണ്. ഇപ്പോൾ ഓര്‍ക്കുന്നത് മഹാകവി കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ അന്നത്തെ സവർണ കവികളെ മാത്രം ഉൾപ്പെടുത്തി “കവി ഭാരതം” എന്ന കൃതി പുറത്തിറക്കിയതാണ്. ആ സാംസ്കാരിക ജീർണതയ്ക്കെതിരെ സവർണ കവികൾക്കും അവർണ കവികൾക്കും തുല്യത നൽകി സരസ കവി മൂലൂർ “കവി രാമായണം” രചിച്ചു. മനുഷ്യരെല്ലാം സമന്മാരെന്ന് വിശ്വസിക്കുന്ന കലാസാഹിത്യ രംഗങ്ങളിൽ ഇന്നും ജാതിമത വർണ ജീർണതകൾ നിലനിൽക്കുന്നത് ഭയാനകമാണ്. ബുദ്ധൻ ഒരിക്കൽ പറഞ്ഞു “ഒരുവൻ അന്യരെപ്പറ്റി പറയുന്ന അഭിപ്രായങ്ങളിൽ നിന്ന് അവനെപ്പറ്റിയുള്ള അഭിപ്രായമുണ്ടാകുന്നു.” സത്യഭാമ എന്ന വ്യക്തിയെ അടിമുടി അപഗ്രഥിക്കാനുള്ള അവസരമാണ് ലഭിച്ചത്. കഴുതയ്ക്കറിയില്ല കർപ്പൂരഗന്ധം എന്നതുപോലെ കറുപ്പിന്റെ അഴകിനെപ്പറ്റി ഈ കലാകാരിക്കുമറിയില്ല. ഈ വ്യക്തി ആരാധിക്കുന്ന ശ്രീകൃഷ്ണനും ശ്രീരാമനും കറുത്ത നിറമല്ലേ? കലാസാംസ്കാരിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇതുപോലുള്ള വർണ-വർഗ-വർഗീയ ചിന്തയുള്ള അധ്യാപകരുണ്ടാകുന്നത് ഭയാനകമാണ്.
മനുഷ്യരാശിയുടെ നന്മയ്ക്കായി വരേണ്യവർഗത്തിന്റെ നീച സംസ്കാരത്തെപ്പറ്റി, സവർണ ഹിന്ദുവല്ലാത്ത വ്യാസമഹർഷി മഹാഭാരതമെന്ന ഇതിഹാസ സൃഷ്ടിയും, വാത്മീകി മഹർഷി രാമായണവും രചിച്ചു. ജാതിവ്യവസ്ഥിതിയെ സാംസ്കാരിക ലോകം ചുട്ടുകരിച്ചിട്ടും ജാതി ഭ്രാന്തജല്പനം നവോത്ഥാന കേരളത്തിൽ ഇന്നും ജീവിക്കുന്നു. രമണമഹർഷി ‘മാനിഷാദ’യിൽ ‘എരണംകെട്ട കാട്ടാളന്‍’ എന്ന് വിളിച്ചതുപോലെ എരണംകെട്ട ജാതി-മത‑ലിംഗങ്ങളുടെ വിഴുപ്പും വഹിച്ചുവരുന്ന ദുർമേദസുകളോട് ക്രിയാത്മകമായി പ്രതികരിക്കാൻ പ്രബുദ്ധകേരളം മുന്നോട്ടുവരണം. സാംസ്കാരിക കേരളത്തിന്റെ തനതായ സ്വത്വവും തനിമയും ജാതീയമായി അപഹസിക്കപ്പെടുമ്പോൾ ഇവർക്ക് രക്ഷാകവചമായി സാംസ്കാരിക കേരളം നിലകൊള്ളരുത്. ഈ നർത്തകി കലാപ്രകടനത്തിൽ സൗന്ദര്യവും നിറവും വേണമെന്ന് പറയുന്നത് അറിവില്ലായ്മയും അഹന്തയും അഹങ്കാരവും കൊണ്ടാണ്. അതേസമയം മത്സര രംഗത്ത് നടക്കുന്ന വിധികർത്താക്കളുടെ സ്വാർത്ഥത, മൂല്യച്യുതി എന്നിവ അധ്യാപിക വെളിപ്പെടുത്തുന്നുണ്ട്, അത് പരിശോധിക്കപ്പെടണം. മഹാവിഷ്ണു കൊണ്ടുവന്ന മോഹിനിയാട്ടത്തിൽ കറുത്തവരും വെളുത്തവരുമില്ല.
ഇതുകൂടി വായിക്കൂ:സഹസ്ര കോടീശ്വരൻമാർക്കിടയിൽ സാധാരണക്കാരോടൊപ്പം
മോഹിനിയാട്ടം പഠിക്കാൻ വരുന്ന കുട്ടികളിൽ നിറത്തിന്റെ പേരിൽ ആശങ്കയുണ്ടാക്കുന്നത് നന്നല്ല. ഇതിലൂടെ ഒരു അധ്യാപിക കുട്ടികൾക്ക് നൽകുന്ന സന്ദേശമെന്താണ്? കാലാവസ്ഥാ വ്യതിയാനങ്ങളിലാണ് മനുഷ്യർ വ്യത്യസ്ത നിറങ്ങളുള്ളവരാകുന്നത്. ദേശങ്ങൾ ചേർന്ന് നാടുകളുണ്ടായതുപോലെ മനുഷ്യന്റെ നിറങ്ങളെച്ചൊല്ലിയുള്ള ചരിത്രസന്ധികളിലേക്ക് പോകണമോ? ശിലായുഗത്തിൽ തുടങ്ങിയ വർണ‑വംശീയ വെറിക്കൂത്തുകൾ ഇന്ത്യയുടെ രാഷ്ട്രപിതാവായ ഗാന്ധിജിക്ക് നേരെയും ഭക്ഷിണാഫ്രിക്കയിലുണ്ടായി. കറുത്ത നിറമുള്ളതിനാൽ സായിപ്പിന്റെ കമ്പാർട്ട്മെന്റിൽ നിന്ന് പുറത്തേക്ക് വലിച്ചെറിയപ്പെട്ടു. കറുത്തത് കസ്തൂരിയെന്നും വെളുത്തത് വെണ്ണീറെന്നും കേരളത്തിലെ പഴമൊഴി ഈ നർത്തകി അറിയണം. സവർണ യാഥാസ്ഥിതികരുടെ കാലം കഴിഞ്ഞു. കറുത്ത തുണിയും കരിമ്പടവും ധരിച്ച് തീർത്ഥാടകർ ശബരിമലയ്ക്ക് പോകുന്നില്ലേ? ഒരു മനുഷ്യനെ സംസ്കാരമുള്ള ജീവിയാക്കുന്നത് അവനിലെ അറിവും ചരിത്രബോധവുമാണ്. കൊടുംകാടുകളിൽ ജീവിച്ചിരുന്ന കേരളത്തിലെ ആദിമ മനുഷ്യർ ആദിവാസികളായിരുന്നു. അവരുടെ നിറം കറുപ്പാണ്. സാമൂഹ്യ അനാചാര ദുരാചാരങ്ങളെയകറ്റി പരിഷ്കൃതസമൂഹമെന്ന് മേനി പറയുന്നവർ ആദിവാസികൾ, ആര്യന്മാര്‍, പാശ്ചാത്യര്‍ എന്നിവരുടെ സമ്മിശ്ര വിവാഹ പുരാവൃത്തമൊക്കെയൊന്ന് വായിക്കണം. ആഫ്രിക്കൻ ജനത കറുത്തവരും ഇരുണ്ട നിറമുള്ളവരുമാണ്.
മനുഷ്യർക്ക് വെളുത്ത നിറമില്ല. കറുത്തവരെ താഴ്ത്തിക്കെട്ടാൻ ശ്രമിക്കുന്നവർ കുറേക്കൂടി ആഴത്തിലേക്ക് നോക്കിയാൽ, പൂർവികരുടെ അടിവേരുകൾ തേടിയാൽ ആര്യവംശത്തിന്റെ, സായിപ്പിന്റെ നിറച്ചാർത്തുള്ള ഇക്കിളിപ്പെടുത്തുന്ന അശ്ലീല പൈങ്കിളി കഥകൾ കേട്ട് തലകുനിക്കേണ്ടിവരും. ജന്മം തന്ന അമ്മമാരെ വഴിപിഴച്ചവളെന്നു വിളിപ്പിക്കണോ? നവോത്ഥാന സാംസ്കാരിക സാമൂഹ്യ നായകൻമാർ മാർഗദീപങ്ങളായിരുന്ന നാട്ടിൽ നിറത്തിന്റെ പേരിൽ വെറുപ്പ്, വിദ്വേഷങ്ങൾ വളർത്തുന്നത് അരാജകവാദികളുടെ, മൗലികവാദികളുടെ മനസിലെ ജീർണ സംസ്കാരമാണ്. സ്വദേശ‑വിദേശ ക്രിസ്ത്യൻ മിഷനറിമാർ, സഹോദരൻ അയ്യപ്പൻ, അയ്യന്‍കാളി, ചട്ടമ്പിസ്വാമികൾ, ശ്രീനാരായണഗുരു 1903ൽ സ്ഥാപിച്ച ധർമ്മ പരിപാലനയോഗം എല്ലാം നടത്തിയത് വർണവിവേചനം, തീണ്ടൽ, തൊടീൽ തുടങ്ങിയ അനാചാരങ്ങളെ കുപ്പത്തൊട്ടിയിൽ തള്ളാനുള്ള ശ്രമമായിരുന്നു. മോഹിനിയാട്ടത്തിൽ പിഎച്ച്ഡിയും എംജി സർവകലാശാലയിൽ നിന്ന് എംഎ മോഹിനിയാട്ടത്തിൽ ഒന്നാം റാങ്കുമുള്ള വ്യക്തിത്വമാണ് രാമകൃഷ്ണന്‍. അത് കാശ് കൊടുത്തോ സ്വാധീനവലയത്തിലോ ലഭിച്ച ഡോക്ടറേറ്റല്ല. യോഗ്യരായവരെ യോഗ്യതയില്ലാത്തവർ പുച്ഛിക്കരുത്. അത് അസൂയ എന്ന മാറാരോഗമാണ്. മോഹിനിയാട്ടം പഠിക്കാൻ വരുന്ന കുട്ടികളുടെ നിറം നോക്കി വംശീയത വളർത്തരുത്. കഴിവ് കുറഞ്ഞവർക്കും കറുത്ത കുട്ടികൾക്കും വേണ്ടുന്ന പ്രോത്സാഹനം കൊടുത്ത് മുൻനിരയിലേക്ക് കൊണ്ടുവരികയാണ് മൂല്യബോധമുള്ള അധ്യാപകർ ചെയ്യേണ്ടത്. അവരുടെ മനസിൽ മുറിവുണ്ടാക്കരുത്. കലാസാംസ്കാരിക സ്ഥാപനങ്ങൾ കപട കച്ചവടവാദികളുടെ കേന്ദ്രങ്ങളാക്കി മാറ്റരുത്.