രാജ്യത്ത് വലിയ ചര്‍ച്ചയായിരിക്കുന്ന വിഷയം ജാതിയാണ്. അതിനാധാരമായത് ബിഹാര്‍ സര്‍ക്കാര്‍ നടത്തിയ ജാതി സെന്‍സസും. ജാതി സര്‍വേ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ കൂടുതല്‍ പാര്‍ട്ടികളും സംസ്ഥാനങ്ങളും ജാതിസെന്‍സസിന് മുന്‍കയ്യെടുക്കുകയാണ്. പക്ഷേ അതിനെ നഖശിഖാന്തം എതിര്‍ക്കുകയാണ് കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍. ബിഹാറിലെ കണക്കെടുപ്പിനെതിരെ ഔദ്യോഗികമായും അല്ലാതെയും പരമാവധി എതിര്‍പ്പുയര്‍ത്താന്‍ സംഘ്പരിവാറും അവരുടെ സര്‍ക്കാരും ശ്രമം നടത്തിയതാണ്. ബിഹാറിലെ സെന്‍സസ് സംഘ്പരിവാറിന്റെ ഏകീകൃത ഹിന്ദുത്വം എന്ന വര്‍ഗീയ ഫാസിസ്റ്റ് അജണ്ടയെ മുച്ചൂടും പൊളിച്ചടുക്കുന്ന വിവരങ്ങളാണ് പുറത്തുവിട്ടത്. സംസ്ഥാനത്തെ 13 കോടി ജനങ്ങളിൽ 63 ശതമാനവും പിന്നാക്കക്കാരാണെന്നാണ് കണ്ടെത്തിയത്. അതിൽത്തന്നെ 36 ശതമാനം സർക്കാരിന്റെ ആനുകൂല്യങ്ങളൊന്നും ലഭിക്കാത്ത അതിപിന്നാക്കക്കാരാണ്. പട്ടിക വിഭാഗം 21, മുസ്ലിങ്ങള്‍ 17.7ശതമാനവുമാണുള്ളത്. കേവലം 15.53 വരുന്ന മുന്നാക്ക വിഭാഗത്തിനാണ് ഭരണത്തിലും ഉദ്യോഗങ്ങളിലും നിയമ നിർമ്മാണ സഭകളിലും സമ്പൂര്‍ണആധിപത്യം. സവര്‍ണഹിന്ദുത്വത്തെ ഹെെന്ദവതയായി അവതരിപ്പിക്കാന്‍ ശ്രമിക്കുന്ന സംഘ്പരിവാര്‍ അധികാരികൾ ജാതി സെൻസസിനെ ഭയക്കുന്നതും ഈ സത്യങ്ങള്‍ വെളിച്ചത്തുവന്നതുകൊണ്ടു തന്നെ. അഞ്ച് നിയമസഭകളിലേക്കും ലോക്‌സഭയിലേക്കും തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഇന്ത്യൻ രാഷ്ട്രീയത്തെ നിയന്ത്രിക്കുന്ന കേന്ദ്രപ്രശ്നമായി ജാതി സെൻസസ് മാറുകയാണ്.
കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാൻ, ഛത്തീസ്ഗഢ്, കർണാടക സംസ്ഥാനങ്ങളും തമിഴ്‌നാട് ഉള്‍പ്പെടെ പ്രതിപക്ഷ സംസ്ഥാനങ്ങളും ജാതി സെൻസസ് നടത്താനുള്ള നീക്കത്തിലാണ്. കർണാടക നിയമസഭാ തെരഞ്ഞെടുപ്പിലാണ് രാഹുൽ ഗാന്ധി ആദ്യമായി ‘ജിത്‌നി അബാദി, ഉത്‌ന ഹഖ്’ (ആനുപാതിക സംവരണം) എന്ന മുദ്രാവാക്യത്തോടെ ജാതി സെൻസസ് എന്ന ആവശ്യം ഉന്നയിച്ചത്. സോഷ്യലിസ്റ്റ് സൈദ്ധാന്തികനായ റാം മനോഹർ ലോഹ്യയും ബഹുജൻ സമാജ് പാർട്ടി സ്ഥാപകൻ കാൻഷി റാമും ഉയർത്തിയ മുദ്രാവാക്യങ്ങള്‍ക്ക് സമാനമാണിത്. കഴിഞ്ഞയാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി ദേശീയതലത്തില്‍ ജാതിസെന്‍സസ് വാഗ്ദാനം ചെയ്യുന്നു. ഓൾ ഇന്ത്യ സോഷ്യൽ ജസ്റ്റിസ് ഫോറം രണ്ടാം ദേശീയ സമ്മേളനത്തിന്റെ ഭാഗമായുള്ള ‘സോഷ്യൽ ജസ്റ്റിസ്, ദ റോഡ് എഹെഡ്’ എന്ന പരിപാടിയിൽ ഇടതുനേതാക്കളായ ഡി രാജ, സീതാറാം യെച്ചൂരി എന്നിവരുള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ ജാതി സെൻസസിന് പിന്തുണ നൽകിയിരുന്നു. പിന്നീട് പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’യും അധികാരത്തിലെത്തിയാല്‍ ജാതി സെൻസസ് നടത്തുമെന്ന് തീരുമാനിച്ചു. ന്യൂനപക്ഷങ്ങൾക്കെതിരെ സൃഷ്ടിക്കപ്പെടുന്ന വിദ്വേഷവും അക്രമവും സ്ത്രീകൾ, ദളിതർ, ആദിവാസികൾ എന്നിവർക്കെതിരെ വർധിച്ചുവരുന്ന കുറ്റകൃത്യങ്ങളും തടയുകയാണ് ലക്ഷ്യമെന്ന് ഇന്ത്യ സഖ്യം പ്രഖ്യാപിച്ചു. ദേശീയ തലത്തിൽ ജാതി സെൻസസ് വേണമെന്ന് ബിജെപി സഖ്യമായ എൻഡിഎയ്ക്കുള്ളിൽ തന്നെ ആവശ്യമുയര്‍ന്നിട്ടുണ്ട്.
ഇതുകൂടി വായിക്കൂ: ബിഹാറിലെ ജാതി സെന്‍സസും ബിജെപിയുടെ ഭീതിയും
കേന്ദ്ര സാമൂഹ്യനീതി സഹമന്ത്രി രാംദാസ് അത്താവലെയും സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടി നേതാവായ ഓം പ്രകാശ് രാജ്ഭര്‍ പോലുള്ള ഒബിസി നേതാക്കളുമാണ് ഈ ആവശ്യമുന്നയിക്കുന്നത്. വരാനിരിക്കുന്ന സെൻസസിനൊപ്പം ജാതി വിവരങ്ങൾ കൂടി ശേഖരിക്കാൻ മഹാരാഷ്ട്രയും ഒഡിഷയും അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ ശീതകാല സമ്മേളനത്തിൽ ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ലോക്‌സഭയിൽ പറഞ്ഞിരുന്നു. മഹാരാഷ്ട്രയിൽ ഫെബ്രുവരിയിൽ അന്നത്തെ പ്രതിപക്ഷ നേതാവ് അജിത് പവാർ ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ് നടത്തണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. യുപിയിൽ സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും ജാതി സെൻസസ് ആവശ്യപ്പെടുന്നു. ആദിത്യനാഥ് സർക്കാരിൽ നിന്ന് പ്രഖ്യാപനമുണ്ടായിട്ടില്ലെങ്കിലും ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ കേശവ് പ്രസാദ് മൗര്യ ഈ ആവശ്യത്തെ പിന്തുണയ്ക്കുന്നു. ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനം നിയമവിരുദ്ധമാണെന്നും ജാതി സെൻസസ് ജാതി വ്യവസ്ഥയെ ശക്തിപ്പെടുത്തുകയേയുള്ളൂവെന്നുമാണ് കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ വാദം. സുപ്രീം കോടതിയില്‍ ബിഹാര്‍ സര്‍ക്കാരിനെതിരെ കേന്ദ്രം ഉന്നയിച്ചത് ഈ വാദമാണ്. പക്ഷേ കോടതി അത് നിരാകരിച്ചു. ജാതി സെൻസസ് ജാതി സ്വത്വബോധത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും ജാതി വ്യത്യാസങ്ങൾക്കപ്പുറം ‘ഹിന്ദു’ എന്ന ഏകമാനക ഹിന്ദുത്വരാഷ്ട്രീയത്തെ തളർത്തുമെന്നുമാണ് ബിജെപി ഭയക്കുന്നത്. വിവിധ ജാതി സമൂഹങ്ങൾ സ്വന്തം അവകാശത്തിനായി മുന്നോട്ടുവന്നാൽ, അത് സാമൂഹ്യനീതി സാക്ഷാത്ക്കരിക്കുന്നതിന് സഹായകമാകും. ഇത് ഹിന്ദുവെന്ന വര്‍ഗീയമായ മിഥ്യാബോധത്തെ ആന്തരികമായി തളർത്തുമെന്നതിനാലാണ് സംഘ്പരിവാര്‍ എതിര്‍ക്കുന്നത്. 1990 ഓഗസ്റ്റ് എഴിന് അന്ന് പ്രധാനമന്ത്രിയായിരുന്ന വി പി സിങ് മണ്ഡൽ കമ്മിഷൻ റിപ്പോര്‍ട്ട് നടപ്പിലാക്കാൻ തീരുമാനിച്ചപ്പോഴും ഏറ്റവും കൂടുതൽ അസ്വസ്ഥമായത് ബിജെപിയായിരുന്നു. അതിനെ നേരിടാൻ അവർ ബാബറി മസ്ജിദ് തകർക്കാനുള്ള കലാപനീക്കങ്ങൾ ശക്തമാക്കുകയാണുണ്ടായത്.
പിന്നാക്ക വിഭാഗങ്ങൾക്ക് 27 ശതമാനം സംവരണം ശുപാർശ ചെയ്യുന്ന മണ്ഡൽ റിപ്പോർട്ട് നടപ്പിലാക്കിയതിനെ തുടർന്ന് ആ വിഭാഗങ്ങളില്‍ വലിയ ഉണര്‍വാണ് സൃഷ്ടിക്കപ്പെട്ടത്. അതിനെ അക്രമാസക്തമായ പ്രക്ഷോഭങ്ങളിലൂടെ നേരിട്ട സവർണ ലോബികൾ ‘മണ്ഡലിനു പകരം കമണ്ഡൽ’ ഉയർത്തി നടത്തിയ അക്രമവും ചരിത്രത്തിലുണ്ട്. പിന്നാക്ക ജനതയ്ക്ക് ഉദ്യോഗങ്ങളിലും വിദ്യാലയ പ്രവേശനത്തിലും സംവരണം നിലവിൽ വന്നെങ്കിലും, സാമൂഹികമായും വിദ്യാഭ്യാസപരമായും ഏറ്റവും അടിത്തട്ടില്‍ കിടന്നിരുന്നവര്‍ക്ക് അത് പൂർണതോതിൽ ലഭ്യമാക്കാതിരിക്കുന്നതിൽ അധികാരം കയ്യാളുന്ന സവർണ ലോബികൾ വിജയിച്ചു. അതിന്റെ ഫലമാണ് രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ സഹായത്തോടെ നടപ്പിലാക്കിയ ക്രീമിലെയർ സംവിധാനം. 2019ലെ ഉയർന്ന ജാതിക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം നൽകാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം പിന്നാക്കക്കാര്‍ക്കിടയില്‍ പുകഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. അതിനെതിരെ സുപ്രീം കോടതിയിൽ നിരവധി ഹർജികൾ സമർപ്പിക്കപ്പെട്ടതാണ്. 2022 നവംബറിൽ മൂന്നില്‍ രണ്ട് എന്ന ഭൂരിപക്ഷ വിധിയിലൂടെയാണ് പരമോന്നത നീതിപീഠം ഇഡബ്ല്യുഎസ് ക്വാട്ടയ്ക്ക് അംഗീകാരം നല്‍കിയത്. എത്രയൊക്കെ സമത്വം പറഞ്ഞാലും നമ്മുടെ സമൂഹം ജാതിയാൽ വിഭജിക്കപ്പെട്ടതാണ്. സവർണ വിഭാഗത്തിനാണ് രാഷ്ട്രീയത്തിലും ഉദ്യോഗസ്ഥ സംവിധാനത്തിലും മേല്‍ക്കെെ. നിലവിലെ സംവരണത്തിന് ഇതിൽ കാര്യമായ മാറ്റം വരുത്താൻ കഴിഞ്ഞിട്ടുമില്ല. ജാതി സെൻസസ് നടപ്പാക്കുന്നതോടെ, ഓരോ ജാതി വിഭാഗത്തിന്റെയും സാമൂഹ്യ‑സാമ്പത്തിക സ്ഥിതിയും അധികാരത്തിലുള്ള പങ്കാളിത്തവും മനസിലാക്കാനാകും. രാജ്യത്തെ വ്യത്യസ്ത ജാതി വിഭാഗങ്ങളുടെ സാമൂഹിക‑സാമ്പത്തിക സാഹചര്യങ്ങളെയും ആവശ്യങ്ങളെയും കുറിച്ച് ഉൾക്കാഴ്ച നൽകാന്‍ സെൻസസ് സഹായിക്കും. ഓരോ സമൂഹത്തിന്റെയും ആവശ്യകതകൾ നിറവേറ്റുന്ന നയങ്ങൾ രൂപീകരിക്കുന്നതിലേക്ക് ഭരണകർത്താക്കളെ നയിക്കാനും ഇതിന് കഴിയും. 1996ലെ ജനതാ സർക്കാർ മുന്നോട്ടുവച്ച വാഗ്ദാനമായിരുന്നു ജാതി സെൻസസ്. പ്രധാനമന്ത്രി ദേവഗൗഡ അതിനെ പിന്തുണച്ചിരുന്നെങ്കിലും യാഥാർത്ഥ്യമായില്ല. 2001ൽ അധികാരത്തിലിരുന്ന ബിജെപിയുടെ എ ബി വാജ്പേയ് ജാതി സെൻസസ് നടപ്പാക്കുമെന്ന് പാർലമെന്റിൽ ഉറപ്പ് നൽകി. എന്നാല്‍ പിന്നീട് മലക്കം മറിഞ്ഞു. പിന്നാലെവന്ന യുപിഎ സർക്കാരും ജാതി സെൻസസിന് പ്രാധാന്യം നൽകിയില്ല.
ഇതുകൂടി വായിക്കൂ: മതം നോക്കി തല്ലിച്ചോ?
പക്ഷേ 2011ലെ സെന്‍സസിനൊപ്പം സാമൂഹിക, സാമ്പത്തിക, ജാതി കണക്കുകൾ കൂടി ശേഖരിക്കാൻ ആ സർക്കാർ നിർബന്ധിതമായി. എന്നാല്‍ അതിന്റെ റിപ്പോർട്ട് ഇതുവരെ വെളിച്ചം കണ്ടിട്ടില്ല. അന്ന് പൂഴ്ത്തിയെങ്കിലും ജാതി കണക്കെടുപ്പുകളുടെ വിവരങ്ങൾ പുറത്തുവിടണമെന്ന് ഇപ്പോള്‍ കോൺഗ്രസ് ആവശ്യപ്പെടുന്നുണ്ട്. നമ്മുടെ ഭരണഘടനയും ജാതി സെൻസസ് നടത്തുന്നതിന് അനുകൂലമാണ്. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങൾക്കും മത ന്യൂനപക്ഷങ്ങൾക്കും പ്രത്യേക പരിരക്ഷകളും അവകാശങ്ങളും ഭരണഘടന ഉറപ്പു നൽകിയിട്ടുണ്ട്. ഈ വിഭാഗങ്ങളിലെ വരുമാനകാര്യത്തിലുള്ള അന്തരം ലഘൂകരിക്കണമെന്നും പദവികളിലും അവസരങ്ങളിലുമുള്ള അസമത്വം ഇല്ലാതാക്കണമെന്നും അനുച്ഛേദം 38 (2) പറയുന്നു. വിദ്യാഭ്യാസപരവും സാമ്പത്തികവുമായ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിന് പ്രത്യേക ശ്രദ്ധയോടെയുള്ള നടപടികൾ ഉണ്ടാകണമെന്ന് അനുച്ഛേദം 46 നിർദേശിക്കുന്നു. ഇത്തരം സമൂഹങ്ങളെ ഉന്നതിയിലെത്തിക്കാന്‍ ശുപാർശകൾ സമർപ്പിക്കാനായി കമ്മിഷനെ നിയമിക്കാമെന്ന് നിർദേശിക്കുന്നതാണ് അനുച്ഛേദം 340(1). കേന്ദ്രസര്‍ക്കാരുകള്‍ തന്നെ നിയമിച്ച കാക കലേക്കർ കമ്മിഷന്‍ 1955ലും, ബിന്ദേശ്വരി പ്രസാദ് മണ്ഡൽ കമ്മിഷന്‍ 1980ലും ചൂണ്ടിക്കാട്ടിയത്, ജാതി തിരിച്ച ജനസംഖ്യാ കണക്കുകൾ ലഭ്യമല്ലാത്തതു കാരണം റിപ്പോർട്ട് തയ്യാറാക്കുന്നതിൽ ഒട്ടേറെ പ്രതിസന്ധികൾ നേരിട്ടുവെന്നാണ്. മേലിൽ സെൻസസ് നടത്തുമ്പോൾ ജാതി തിരിച്ച കണക്കെടുപ്പ് നിർബന്ധമാക്കണമെന്നും ഈ കമ്മിഷനുകൾ നിർദേശിച്ചു. ഭരണഘടന ഉറപ്പു നൽകുന്ന ജനസംഖ്യാനുപാതിക പ്രാതിനിധ്യം ഭരണമുള്‍പ്പെടെ എല്ലാ മേഖലകളിലും ഉറപ്പാക്കുന്നതിന് ജാതി തിരിച്ച കണക്കെടുപ്പ് വേണമെന്ന് പല കമ്മിഷനുകള്‍ നിര്‍ദേശിച്ചിട്ടും ഇതുവരെയുള്ള ഭരണകൂടങ്ങള്‍ അനങ്ങിയില്ല എന്നത് പിന്നാക്കക്കാരോടുള്ള വിവേചനം എത്ര ആഴത്തിലാണെന്ന് തെളിയിക്കുന്നു. ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന ജാതി സെൻസസ് എന്ന രാഷ്ട്രീയ വെല്ലുവിളിയെ ഏകീകൃത സിവിൽ കോഡ് കൊണ്ട് നേരിടാനാവുമോ എന്ന ചിന്തയിലാണ് ഏറെക്കാലമായി ബിജെപി നേതൃത്വം. മതങ്ങളുടെ വ്യക്തിനിയമങ്ങൾക്കപ്പുറം ഏകീകൃത നിയമം കൊണ്ടുവരികയെന്നതാണ് യുസിസി ലക്ഷ്യമിടുന്നത്. അങ്ങനെ വന്നാല്‍ ന്യൂനപക്ഷ മതവിഭാഗങ്ങളിൽ നിന്നുണ്ടാകുന്ന എതിർപ്പ് ഹിന്ദുബോധത്തെ ഉണർത്തുമെന്നും ഹിന്ദുത്വത്തെ സഹായിക്കുമെന്നും അവർ കണക്കുകൂട്ടുന്നു. അതിനുള്ള നീക്കങ്ങള്‍ വീണ്ടും കേന്ദ്ര ഭരണകൂടത്തില്‍ നിന്നും പ്രതീക്ഷിക്കാവുന്നതാണ്.