Site iconSite icon Janayugom Online

ആഘോഷങ്ങളും വിഷുസദ്യയും

വിഷുക്കണിയും, വിഷുക്കെെനീട്ടവും പോലെ തന്നെ പ്രധാനമാണ് വിഷുസദ്യയും. ഓരോ വിഷുവിനും സദ്യയിൽ വ്യത്യസ്തത വരുത്താൻ പലരും ശ്രമിക്കാറുണ്ട്. വിഷുവിന്റെ മറ്റൊരു പ്രത്യേകതയാണ് ഉണ്ണിയപ്പം ചുടൽ. കുറേ ആളുകൾ ഒരുമിച്ചിരുന്നാണ് അപ്പം ചുടാറുള്ളത്. അപ്പക്കല്ലും പ്രത്യേകതയാണ്. മുതിർന്നവർ കൂട്ട് പറഞ്ഞുകൊടുക്കും. അതനുസരിച്ചാണ് തയ്യാറാക്കുക. വിഷുക്കണിയും വിഷുക്കൈനീട്ടവും കഴിഞ്ഞാൽ പിന്നെ വിഷു പ്രാതലാണ്. പ്രാതലിനു വിഷുക്കഞ്ഞിയോ വിഷുക്കട്ടയോ ആണ് വിഭവം. കൊയ്തെടുത്ത പുന്നെല്ലിന്റെ അരി പൊടിച്ച് തേങ്ങാപ്പാലും ശർക്കരയും ചേർത്താണ് വിഷുക്കട്ട തയാറാക്കുക. ഒപ്പം അവൽ വിളയിച്ചതോ നനച്ചതോ ഉണ്ടാകും. വിഷുക്കഞ്ഞിയുടെ കൂടെ ചക്കപ്പുഴുക്കും പപ്പടവുമാണ് വിളമ്പുക.

ഉപ്പും മധുരവും പുളിയും കയ്പും നിറഞ്ഞ വിഭവങ്ങളാണ് വിഷുസദ്യയിൽ വിളമ്പേണ്ടത്. മാമ്പഴപ്പുളിശ്ശേരി, ഇടിച്ചക്കത്തോരൻ, ചക്ക എരിശ്ശേരി, പാവയ്ക്കത്തീയൽ, വെണ്ടയ്ക്ക പച്ചടി തുടങ്ങി തൊടിയിൽ കിട്ടുന്ന പച്ചക്കറികൾ കൊണ്ടുള്ള വിഭവങ്ങളാണ് വിഷുസദ്യയുടെ പ്രത്യേകത. ചക്കപ്പഴവും മാമ്പഴവും ഏത്തപ്പഴവും പൈനാപ്പിളും ഒക്കെയാവും വിഷുപ്പായസത്തിന്റെ പ്രധാന ചേരുവ. വിഷുക്കട്ട തൃശൂരുകാരുടെ വിഷുദിനത്തിലെ മുഖ്യ ഇനമാണ് വിഷുക്കട്ട. മധുരമോ ഉപ്പോ ഇല്ലാത്ത വിഷുക്കട്ടയ്ക്കു ശർക്കരപ്പാനിയും മത്തനും പയറും ഉപയോഗിച്ചുള്ള കൂട്ടുകറിയും തൊട്ടുകൂട്ടാൻ ഉത്തമം. ഓരോ നാടിനും അനുസരിച്ച് സദ്യയുടെ വിഭവങ്ങളിൽ മാറ്റമുണ്ടാവുന്നു. വിഷുസദ്യയിലെ വിഭവങ്ങൾ ശർക്കര വരട്ടി, കായ നുറുക്ക്, ഉപ്പേരി, വാഴപ്പഴം, പപ്പടം, ഉണ്ണിയപ്പം, മാമ്പഴം, വിഷു തോരൻ, ഇടിച്ചക്ക, പപ്പടം തോരൻ, ബീൻസ് തോരൻ, വാഴക്കൂമ്പ് തോരൻ, ബീറ്റ്റൂട്ട് പച്ചടി, പൈനാപ്പിൾ പച്ചടി, വെണ്ടക്ക കിച്ചടി, മാങ്ങ പെരുക്ക്, കുത്തരിച്ചോറ്, നെയ്യ് ചേർത്ത പരിപ്പ് കറി, തേങ്ങ അരക്കാത്ത സാമ്പാർ, പാവക്ക തീയൽ, കുമ്പളങ്ങ മോരു കറി, കാളൻ, തക്കാളി രസം, ഇഞ്ചിപെരുക്ക്, അവിയൽ, ഓലൻ, പപ്പായ എരിശേരി, ചക്ക അവിയൽ, വട കൂട്ടുകറി, പൈനാപ്പിൾ പായസം, സേമിയ പായസം, ഗോതമ്പു പായസം, പാൽപ്പായസം ഇതൊക്കയാണ് ഏതൊരു സദ്യക്കും നിർബന്ധമായും ഉണ്ടായിരിക്കേണ്ട കൂട്ടുകൾ. ഇതുപോലെ വിഷുക്കഞ്ഞിയും തയ്യാറാക്കാറുണ്ട്. വിഷുസദ്യ നിശ്ചയമായും ഒരു വിരുന്നാണ്. തൃപ്തി പകരേണ്ടത് മനസിന് കൂടിയാണ്. വടക്ക്, മധ്യ, തെക്കൻ കേരളത്തിൽ പല രീതിയിലാണ് വിഷു ആഘോഷങ്ങൾ കൊണ്ടാടുന്നത്.

തെക്കൻ കേരളത്തിൽ താരതമ്യേന ആഘോഷങ്ങൾ കുറവാണെങ്കിൽ വടക്കൻ കേരളത്തിൽ ഇത് ഒരാഴ്ചയോളം നീളുന്ന ഉത്സവമാണ്. തെയ്യം, തിറ കാലത്തിന്റെ അവസാന ഘട്ടത്തിൽ എത്തുന്ന വിഷുവിനെ മലബാറുകാർ വലിയ രീതിയിൽ ആഘോഷിക്കുന്നതിന്റെ കാരണങ്ങൾ പലതാണ്. വിഷുവിന് മുന്നോടിയായുള്ള പൂരവും ആഘോഷമാണ്. വളപട്ടണം മുതല്‍ ചന്ദ്രഗിരി പുഴവരെയുള്ള പ്രദേശങ്ങളിലാണ് പൂരം. കാമന് (കാമദേവന്‍) പൂ ഇടുന്നതും കാമനെ കുളിപ്പിച്ച് ഊട്ടുന്നതും തുടങ്ങി കന്യകമാരുടെ ആഘോഷവും ഇതോടു ചേര്‍ന്നുള്ളതാണ്. വിഷു എത്തിയെന്ന് അറിയിക്കാൻ തൊടികളിൽ പൂത്തുലഞ്ഞു നിൽക്കുന്ന കണിക്കൊന്നകൾ തെക്കും വടക്കും, എവിടെയും അങ്ങനെ തന്നെയാണ്. തെക്കൻ കേരളത്തിൽ നിന്ന് വ്യത്യസ്തമായി ഏകദേശം ഒരാഴ്ചയോളം കാലമാണ് മലബാറിൽ വിഷു കാലത്ത് പടക്കങ്ങൾ പൊട്ടിച്ചു തീർക്കുന്നത്. ഇന്ന് കോടികൾ ഒഴുകുന്ന വിശാലമായ വിപണിയാണ് മലബാറിലെ പടക്ക കച്ചവടം. വടകര മുതൽ കണ്ണൂർ വരെയുള്ള ഉത്തര മലബാറുകാർ പടക്കങ്ങൾക്ക് ആശ്രയിക്കുന്നത് മാഹിയെയാണ്. വിലക്കുറവ് തന്നെ കാരണം. വിഷുവിനെ ആഴ്ച്ചകൾക്ക് മുമ്പ് തന്നെ ഇവിടെ പടക്ക കച്ചവടം സജീവമാകുന്നു. ബിരിയാണി മലബാറുകാർക്ക് വികാരമാണെങ്കിലും വിഷുവിന് കൂടുതലായും ആശ്രയിക്കുന്നത് തങ്ങളുടെ തന്നെ തനത് കോമ്പിനേഷനായ നോൺ വേജ് സദ്യയെ തന്നെയാണ്. ഒരു സാധാരണ സദ്യക്ക് വേണ്ട വിഭവങ്ങൾക്ക് ഒപ്പം ചിക്കനും, ബീഫും, മട്ടനുമൊക്കെ ചേരുമ്പോഴാണ് മലബാർ നോൺ വെജ് സദ്യയുടെ ഓളമുണ്ടാവുന്നത്.

Exit mobile version