Site iconSite icon Janayugom Online

ആഘോഷമായി വിളംബരഘോഷയാത്ര: മന്ത്രിസഭാ വാര്‍ഷികാഘോഷത്തിനു കോഴിക്കോട് വര്‍ണാഭമായ തുടക്കം

govtgovt

പറകൊട്ടിനൊപ്പം ചുവടുവെച്ച് വള്ളുവനാടന്‍ തിറകള്‍. ഒപ്പത്തിനൊപ്പം വള്ളുവനാടന്‍ പൂതം. അസുരവാദ്യത്തിന്റെ മേളത്തിനൊപ്പം പാക്കനാര്‍ കോലങ്ങളായ കേത്രാട്ടങ്ങളും മാണി മുത്തപ്പനും. പ്രാദേശിക കലാരൂപങ്ങള്‍ക്ക് താളപ്പൊലിമയേകി ചുവടു വെച്ച് വനിതാ ശിങ്കാരിമേളം.
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള ജില്ലാതല ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു കോഴിക്കോട് നടത്തിയ വര്‍ണ്ണാഭമായ ഘോഷയാത്രയിലെ കാഴ്ചകളാണിത്. കേരളത്തനിമ വിളിച്ചോതുന്ന നാടന്‍ കലാരൂപങ്ങളും വാദ്യമേളങ്ങളും ആഘോഷത്തിന് മേളക്കൊഴുപ്പേകി. എന്റെ കേരളം പ്രദര്‍ശന — വിപണന മേളയുടെ വിളംബരമോതിയ ഘോഷയാത്രയ്ക്ക് എം എല്‍ എമാരായ തോട്ടത്തില്‍ രവീന്ദ്രന്‍, കുഞ്ഞഹമ്മദ്കുട്ടി മാസ്റ്റര്‍, കെ എം സച്ചിന്‍ദേവ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ ദീപ എന്നിവര്‍ നേതൃത്വം നല്‍കി. വൈകിട്ട് നാലു മണിക്ക് മുതലക്കുളത്തു നിന്നാരംഭിച്ച ഘോഷയാത്ര ജില്ലാതല ആഘോഷവേദിയായ കോഴിക്കോട് ബീച്ചില്‍ അവസാനിച്ചു.
സാംസ്‌കാരിക വകുപ്പ് ഫെല്ലോഷിപ്പ് ജേതാവും പ്രശസ്ത നാടന്‍കലാ പ്രവര്‍ത്തകനുമായ അനീഷ് മണ്ണാര്‍ക്കാടിന്റെ നേതൃത്വത്തിലാണ് സാംസ്‌കാരിക കലാരൂപങ്ങള്‍ ഘോഷയാത്രയില്‍ അണിനിരന്നത്. ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സംരംഭമായ വര്‍ണമുദ്രയിലെ പതിനഞ്ചോളം പേരടങ്ങുന്ന വനിതകളാണ് ശിങ്കാരിമേളം അവതരിപ്പിച്ചത്. ജില്ലയിലെ നൂറോളം വരുന്ന അങ്കണവാടി ജീവനക്കാരും പരിപാടിയുടെ ഭാഗമായപ്പോള്‍ വിളംബരഘോഷയാത്ര ജനകീയമായി.
.… .… .… .

മന്ത്രിസഭാ വാര്‍ഷികം: വിധുപ്രതാപിന്റെ ഓര്‍ക്കസ്ട്രയും ശ്രീജിത്ത് വിയ്യൂരിന്റെ മാജിക് ഷോയും നാളെ

 

കോഴിക്കോട്; മന്ത്രിസഭാ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നാളെ കോഴിക്കോട് ബീച്ചില്‍ വിപുലമായ പരിപാടികള്‍ അരങ്ങേറുന്നു. ബീച്ച് ഓപ്പണ്‍ സ്റ്റേജില്‍ വൈകീട്ട് 7.30ന് ഗായകന്‍ വിധുപ്രതാപിന്റെ ഓര്‍ക്കസ്ട്ര സംഗീത നിശ അരങ്ങേറും. നാലുമണിക്ക് മാന്ത്രികന്‍ ശ്രീജിത്ത് വിയ്യൂര്‍ അവതരിപ്പിക്കുന്ന മാജിക് ഷോ ഉണ്ടായിരിക്കും.
4.30ന് ഫ്രീഡം സ്‌ക്വയറില്‍ ‘സംരക്ഷിക്കപ്പെടേണ്ട ഭരണഘടനാ മൂല്യങ്ങള്‍’ എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. സുനില്‍ പി ഇളയിടം, അഡ്വ. രശ്മിത രാമചന്ദ്രന്‍, അഡ്വ. വി എന്‍ ഹരിദാസ് എന്നിവര്‍ സംസാരിക്കും. ഉച്ചതിരിഞ്ഞ് 3 മണിക്ക് ഫ്രീഡം സ്‌ക്വയറില്‍ ഭക്ഷ്യസുരക്ഷാവകുപ്പ് ’ ഭക്ഷണത്തിലെ മായം’ എന്ന വിഷയത്തില്‍ സെമിനാര്‍ അവതരിപ്പിക്കും.
.… .… . .

സംഗീത വിരുന്നൊരുക്കി പണ്ഡിറ്റ് സുഖദോ ബാദുരിയുടെ ഗസല്‍ രാവ്

 

കോഴിക്കോട്: കോഴിക്കോടിന്റെ മനസ്സില്‍ ഗസല്‍ സംഗീതം നിറച്ച് ഗായകന്‍ പണ്ഡിറ്റ് സുഖദോ ബാദുരി. എല്‍ഡിഎഫ് ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചാണ് കോഴിക്കോട് ബീച്ചില്‍ അദ്ദേഹത്തിന്റെ ഗസല്‍ സന്ധ്യ അരങ്ങേറിയത്. മാന്‍ഡോലിന്‍ തന്ത്രിവാദ്യത്തില്‍ തീര്‍ത്ത സംഗീത രാമഴ ആസ്വാദകര്‍ക്ക് ആര്‍ദ്ര സംഗീതത്തിന്റെ മാസ്മരിക അനുഭവം സമ്മാനിച്ചു. ചാരുകേശി, ശിവരഞ്ജിനി, മേഘ്, പിലു, കലാവതി രാഗങ്ങളിലായിരുന്നു മാന്‍ഡോലിന്‍ മീട്ടിയത്. കലാവതി ശ്രീജിത്ത് തംബുരുവിലും റോഷന്‍ ഹാരിസ് തബലയിലും മാന്ത്രികത തീര്‍ത്തു.

ആട്ടവും പാട്ടുമായി കാഴ്ചക്കാരെ ആവേശത്തിലാക്കി നാടന്‍ പാട്ടും ദൃശ്യാവിഷ്‌കാരങ്ങളും

 

കോഴിക്കോട് : ബീച്ചിനെ ആവേശത്തിലാഴ്ത്തി അനീഷ് മണ്ണാര്‍ക്കാടും സംഘവും അവതരിപ്പിച്ച നാടന്‍ പാട്ടും ദൃശ്യാവിഷ്‌കാരങ്ങളും. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് നടന്ന കലാവിരുന്നാണ് ബീച്ചിലെത്തിയവര്‍ക്ക് ഉണര്‍വേകിയത്. നാടന്‍ വാദ്യങ്ങളുടെ അകമ്പടിയില്‍ കലാകാരന്‍മാര്‍ ആടിപ്പാടിയപ്പോള്‍ കാണികളും ആവേശത്തിലായി.
അനീഷ് മണ്ണാര്‍ക്കാടിന്റെ നേതൃത്വത്തില്‍ 19 അം?ഗ സംഘമാണ് ബീച്ചിലെ ഓപ്പണ്‍ സ്റ്റേജില്‍ നാടന്‍ കലാരൂപങ്ങള്‍ അവതരിപ്പിച്ചത്. പാട്ടുകള്‍ക്കൊപ്പം കാണികളും ചുവടുവെച്ചതോടെ പരിപാടി ആവേശമായി. വള്ളുവനാടന്‍തിറ, വട്ടമുടി, പൂതന്‍ എന്നീ കലാരൂപങ്ങളാണ് അവതരിപ്പിച്ചത്.

Eng­lish Sum­ma­ry: Cel­e­bra­to­ry Procla­ma­tion March: Kozhikode’s col­or­ful start to the cab­i­net anniver­sary celebrations

You may like this video also

Exit mobile version