Site iconSite icon Janayugom Online

ബിജെപിയിലെ അധികാരകേന്ദ്രീകരണം

ബിജെപിയുടെ ഉന്നതാധികാരം മോഡിഷാ ദ്വയത്തിലുറപ്പിക്കുന്ന പുതിയ തീരുമാനം കൂടി വന്നിരിക്കുന്നു. പാര്‍ലമെന്ററി പാര്‍ട്ടി ബോര്‍ഡിന്റെ പുനഃസംഘടനയും തെരഞ്ഞെടുപ്പ് സമിതിയുടെ മാറ്റവും തുടങ്ങി ദേശീയ അധ്യക്ഷന്റെ അധികാര പരിധിവരെ അടിമുടി മാറ്റിമറിക്കുകയാണ്. എല്ലാം 2014ല്‍ അടല്‍അഡ്വാനി യുഗത്തില്‍ നിന്ന് പാര്‍ട്ടിയിലെ ആധിപത്യം കൈക്കലാക്കിയ അതേ ഏകാധിപത്യ രീതിയില്‍ തന്നെ. പരസ്യമായി തന്നെ പൊതുനിലപാടുകള്‍ വിളിച്ചുപറയുന്ന നിതിന്‍ ഗഡ്കരി പുറത്താണ്. മോഡിയെയും വെല്ലുംവിധം സ്വന്തം സാമ്രാജ്യം സൃഷ്ടിക്കാന്‍ അടിപ്പണികള്‍ നടത്തുന്ന തീവ്രഹിന്ദുത്വ നേതാവും യുപി മുഖ്യമന്ത്രിയുമായ ആദിത്യനാഥിനും ബിജെപിയുടെ പാര്‍ലമെന്ററി ബോര്‍ഡില്‍ ഇടമില്ല. പുതുമുഖങ്ങളെല്ലാം മോഡിയുടെയും അമിത്ഷായുടെയും കാല്‍ക്കീഴിലുള്ളവര്‍. മോഡിയുടെ ആശ്രിതനും തെലങ്കാനയിലെ നേതാവുമായ കെ ലക്ഷ്മണന്‍, പഞ്ചാബിലെ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ അധ്യക്ഷനുമായ ഇക്ബാല്‍ സിങ് ലാല്‍പുര, രാഷ്ട്രീയക്കാരിയല്ലാത്ത സാധാരണ വീട്ടമ്മ എന്ന് പരിചയപ്പെടുത്തി 1999ല്‍ ഹരിയാനയിലെ മഹേന്ദ്രഗഢില്‍ നിന്ന് ബിജെപി മത്സരിപ്പിച്ച് വിജയിപ്പിക്കുകയും പിന്നീടുള്ള രണ്ട് തെരഞ്ഞെടുപ്പുകളില്‍ മണ്ഡലം മാറ്റിയിട്ടും തോല്‍ക്കുകയും ചെയ്ത സുധ യാദവ്, വാജ്പേയി മന്ത്രിസഭയില്‍ തൊഴില്‍ സാമൂഹ്യനീതി വകുപ്പ് കൈകാര്യം ചെയ്തിരുന്ന, ഇപ്പോള്‍ സജീവരാഷ്ട്രീയത്തില്‍ നിന്ന് പിറകോട്ടുനില്‍ക്കുന്ന മധ്യപ്രദേശ് ഉജ്ജയിനി സ്വദേശിയായ ഡോ.സത്യനാരായണ ജതിയ, മോഡിഷാ കൂട്ടുകെട്ടിന്റെ തെന്നിന്ത്യന്‍ ശക്തിയായ കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ, മോഡിയുടെ ഇഷ്ടതോഴനും അസം മുന്‍ മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിയുമായ സര്‍ബാനന്ദ സോനോവാള്‍ എന്നിവരാണ് പാര്‍ലമെന്ററി ബോര്‍ഡില്‍ പുതിയ അംഗങ്ങള്‍. ഇവരിലധികവും ദേശീയ രാഷ്ട്രീയത്തില്‍ നാലാളറിയുംവിധം എന്തിന് ബിജെപി അണികള്‍ക്കുപ്പോലും അത്രകണ്ട് പരിചിതരല്ലാത്തവരുമാണ്. പാര്‍ട്ടി അധ്യക്ഷന്‍ ജെ പി നഡ്ഡയും പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും ദേശീയ ഉപാധ്യക്ഷനും ബിജെപിയുടെ പ്രധാന ഫണ്ട് റേസറുമായ ബി എല്‍ സന്തോഷുമാണ് മോഡിക്കും അമിത്ഷായ്ക്കുമൊപ്പം പാര്‍ലമെന്ററി ബോര്‍ഡിലെ പ്രധാനികള്‍. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, കേന്ദ്ര മന്ത്രി ഭൂപേന്ദ്ര യാദവ്, ദേശീയ മഹിളാമോര്‍ച്ച അധ്യക്ഷ വിനീതി ശ്രീനിവാസന്‍, യെദ്യൂരപ്പ എന്നിവര്‍ അംഗങ്ങളായ തെരഞ്ഞെടുപ്പ് കമ്മിറ്റി സമ്പൂര്‍ണമായും മോഡിയുടെയും അമിത്ഷായുടെയും നിയന്ത്രണത്തിലാണ്.


ഇതുകൂടി വായിക്കൂ:  ഇഡി മോഡിയുടെ രാഷ്ട്രീയ ആയുധം


ഇവരായിരിക്കും പാര്‍ലമെന്റിലേക്കും നിയമസഭയിലേക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികള്‍ ആരെന്നുപോലും തീരുമാനിക്കുക. യഥാര്‍ത്ഥത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡയുടെ പേരില്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഈ പുനഃസംഘടനാ ഉത്തരവുകള്‍ താഴെത്തട്ടിലെ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും അണികള്‍ക്കും ഒരു താക്കീതാണ്. 2014ല്‍ പാര്‍ട്ടി ദേശീയ കൗണ്‍സില്‍ പോലും ചേരാതെയാണ് പാര്‍ലമെന്റ് മന്ദിരത്തിലെ ലോഞ്ചില്‍ നരേന്ദ്രമോഡി വിളിച്ചുകൂട്ടിയ പുതിയ ലോക്‌സഭാ അംഗങ്ങളുടെ യോഗത്തില്‍ താനാണ് പ്രധാനമന്ത്രിയെന്നും അമിത്ഷാ ആണ് പുതിയ പാര്‍ട്ടി അധ്യക്ഷനെന്നും പ്രഖ്യാപിച്ചത്. താഴെത്തട്ടില്‍ ബിജെപിയുടെ സംഘടനാ സംവിധാനത്തിലിരിക്കുന്നവരെല്ലാം ഒരാവേശത്താല്‍ അത് അംഗീകരിച്ചു. ഏകശിലാ പാര്‍ട്ടിയെന്ന വിളിപ്പേരും ദേശീയ നേതൃത്വം ബിജെപിക്കായി മാധ്യമങ്ങളിലേക്ക് നല്‍കിയതും ആ ഘട്ടത്തിലായിരുന്നു. ദേശീയ എക്സിക്യൂട്ടീവും ദേശീയ കൗണ്‍സിലുമൊക്കെ ഉണ്ടെങ്കിലും പിന്നീടിങ്ങോട്ട് ആ ഘടകങ്ങള്‍ക്കൊന്നും യാതൊരു വിലയുമുണ്ടായില്ല. അതിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ് പാര്‍ലമെന്റ് ബോര്‍‍ഡിന്റെയും തെരഞ്ഞെടുപ്പ് സമിതിയുടെയും പുനഃസംഘടന. പാര്‍ട്ടി ഭരണഘടന അനുസരിച്ച് ഏറ്റവും ഉയര്‍ന്ന പദവിയും അധികാരവും പ്രസിഡന്റിലാണ്. മുഖ്യതീരുമാനങ്ങള്‍ എടുക്കുന്നത് നാഷണല്‍ എക്സിക്യൂട്ടീവും. പ്രസിഡന്റിന്റെ അധികാരത്തിലും പരിധിയിലും മാറ്റം വരുത്തുന്ന തീരുമാനം വൈകാതെ മോഡിയും അമിത്ഷായും ചേര്‍ന്ന് ഉടനെയെടുക്കുമെന്നാണ് സൂചന. ഇക്കാര്യങ്ങളില്‍ ആര്‍എസ്എസിന്റെയും സംഘ്പരിവാര്‍ സംഘടനകളായ വിശ്വഹിന്ദുപരിഷത്, സ്വദേശി ജാഗരണ്‍ മഞ്ച് എന്നിവയുടെയും സ്വാധീനവും നിര്‍ണായകമാണ്. അക്ഷരാര്‍ത്ഥത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷനുമായി ബന്ധപ്പെടുത്തി ജനാധിപത്യ നടപടികളുടെ ഭാഗമാകാനും അധികാരം ഉറപ്പിക്കാനുമുള്ള പേരുമാത്രമായി ബിജെപി മാറുകയാണ്. 1980ല്‍ സ്ഥാപിക്കപ്പെട്ടെങ്കിലും 1984ലാണ് ആദ്യമായി ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടത്. 1996ല്‍ ലോക്‌സഭയിലെ ഏറ്റവും വലിയ കക്ഷിയായി വളരുകയും ചെയ്തു. ഈ വളര്‍ച്ച പക്ഷെ ജനാധിപത്യത്തിന് ഗുണമുണ്ടാക്കുന്നതായില്ല. അധികാരം തുടരാനും പുതിയവ വെട്ടിപ്പിടിക്കാനും ബിജെപി നടത്തിയ രാഷ്ട്രീയ വൈകൃതങ്ങള്‍ ജനാധിപത്യ രാഷ്ട്രത്തിന്റെ അന്തസിന് കളങ്കമുണ്ടാക്കുന്നതാണ്. 2014ലെ തെരഞ്ഞെടുപ്പ് പ്രചാരണ തലവനായാണ് മോഡി ഗുജറാത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് വണ്ടികയറിയത്. എല്‍ കെ അഡ്വാനിയും മുരളി മനോഹര്‍ ജോഷിയും അടല്‍ ബിഹാരി വാജ്പേയിയും അടങ്ങുന്ന ശക്തരായ ബിജെപി ത്രയത്തെയാണ് മോഡിയും അമിത്ഷായും നിഷ്പ്രഭരാക്കിയത്. മോഡിയുടെ വരവും അഡ്വാനിയുടെ രാജിയുമെല്ലാം ഏറെ ചര്‍ച്ചയായിരുന്നു.


ഇതുകൂടി വായിക്കൂ:  അതിര്‍വരമ്പ് ലംഘിക്കുന്ന അരാജക വാഴ്ച


2013 സെപ്റ്റംബറില്‍ നടന്ന പാര്‍ലമെന്ററി ബോര്‍ഡ് യോഗം ബഹിഷ്കരിച്ച് രാജിവയ്ക്കുമെന്ന് വിളിച്ചുപറഞ്ഞ ലാല്‍കൃഷ്ണ അഡ്വാനി മോഡിക്ക് വലിയ ഭീഷണിയൊന്നുമായില്ല. വെങ്കയ്യ നായിഡുവും നിതിന്‍ ഗഡ്കരിയും രാജ്നാഥ് സിങ്ങും അരുണ്‍ ജയ്റ്റ്‌ലിയും സുഷമാസ്വരാജുമെല്ലാം അന്ന് മോഡിയുടെ കൂടെക്കൂടി. ജയ്റ്റ്‌ലിയും സുഷമയും ഇന്നില്ല. ഗഡ്കരിയെ വരിയില്‍ നിന്നകറ്റുകയും ചെയ്തിരിക്കുന്നു. നായിഡുവിനെ വൈസ് പ്രസിഡന്റ് പദവിയിലെത്തിച്ച് രാഷ്ട്രീയ സ്ഥാനമാനങ്ങളില്‍ നിന്ന് ഒതുക്കി. ഗഡ്കരി കേന്ദ്രഭരണത്തിന്റെ ഭാഗമാണെങ്കിലും ഭരണനിര്‍വഹണത്തിലെ പാകപ്പിഴവുകളെ തുറന്നുകാട്ടുന്ന പ്രകൃതക്കാരനാണെന്നതാണ് മോഡിഷാ ദ്വയത്തെ അലോസരപ്പെടുത്തുന്നത്. ഗഡ്കരിയുടെ ബോംബായ് ശൈലി (തുറന്നുപറച്ചില്‍) ബിജെപിയിലെ അടക്കം പറച്ചിലുകള്‍ക്ക് എന്നും കാരണമാണ്. രണ്ട് വര്‍ഷത്തോളമായി ഗഡ്കരി സ്വതന്ത്രനിലപാട് സ്വീകരിക്കുന്നു എന്നാണ് പാര്‍ട്ടിക്കുള്ളിലെ വയ്പ്. സര്‍ക്കാരിനുള്ളില്‍ സ്വയംഭരണം നടത്തുന്നു എന്ന ആക്ഷേപവും നിലനില്‍ക്കുന്നു. അതേസമയം ഗഡ്കരിയെ നീക്കിയത് ആര്‍എസ്എസിന് എതിര്‍പ്പില്ലെന്നത് സംഘത്തിലും മോഡിക്കുള്ള പിടിവള്ളിയെയാണ് സൂചിപ്പിക്കുന്നത്. ആര്‍എസ്എസ് സര്‍സംഘ്ചാലക് മോഹന്‍ ഭാഗവതുമായുള്ള ഗഡ്കരിയുടെ അടുപ്പക്കാരനെന്നും നാഗ്‌പുരിന്റെ പുത്രനെന്നുമുള്ള ഖ്യാദിയുള്ള നേതാവാണ് ഗഡ്കരി. എന്നിട്ടും പാര്‍ലമെന്ററി ബോര്‍ഡില്‍ നിന്നടക്കം മാറ്റിയിട്ടും ആര്‍എസ്എസിന്റെ പ്രതികരണം ഉണ്ടായില്ലെന്നതാണ് അതിശയം. അതിനര്‍ത്ഥം മോഡിയും അമിത്ഷായും ഇനിയുള്ളകാലം അടക്കിവാഴുമെന്നുതന്നെയാണ്. വൈകാതെ മതേതരജനാധിപത്യ ഇന്ത്യയെയും. അതിനുള്ള തയാറെടുപ്പുകളാണ് ഹിന്ദുരാഷ്ട്ര ഭരണഘടനയിലൂടെ വ്യക്തമാകുന്നത്.

Exit mobile version