Site icon Janayugom Online

രണ്ടാം ദിനത്തില്‍ വീഴാതെ ഇന്ത്യ; രോഹിത് ശര്‍മ്മയ്ക്ക് സെഞ്ചുറി

ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയില്‍ ഒന്നാം ഇന്നിങ്സില്‍ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യ മികച്ച ലീഡിലേക്ക്. രണ്ടാം ദിനം മത്സരം അവസാനിക്കുമ്പോള്‍ ഇന്ത്യ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 321 റണ്‍സ് എടുത്തിട്ടുണ്ട്. ഇതോടെ ഇന്ത്യയ്ക്ക് 144 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡായി. നേരത്തെ ഓസീസ് 177 റണ്‍സിന് ഓള്‍ഔട്ട് ആയിരുന്നു. രവീന്ദ്ര ജഡേജ (66), അക്‌സര്‍ പട്ടേല്‍ (52) എന്നിവരാണ് ക്രീസില്‍.

രോഹിത് ശര്‍മയുടെ സെഞ്ചുറിയാണ് ഇന്ത്യയെ ലീഡിലേക്ക് നയിച്ചത്. കെ എല്‍ രാഹുല്‍ (20), ചേതേശ്വര്‍ പുജാര (7), വിരാട് കോലി (12), സൂര്യകുമാര്‍ യാദവ് (8), കെ എസ് ശ്രീകാന്ത് (8) എന്നിവരെല്ലാം ഫ്‌ളോപ്പായപ്പോഴും മധ്യനിരയില്‍ സ്പിന്‍ ഓള്‍റൗണ്ടര്‍മാര്‍ക്ക് ഇന്ത്യക്ക് കരുത്തേവുകയായിരുന്നു. കെ എല്‍ രാഹുലിനെ (20) ആദ്യദിവസം മര്‍ഫി സ്വന്തം പന്തില്‍ പിടിച്ച് പുറത്താക്കിയിരുന്നു. ആര്‍ അശ്വിന്റെ വിക്കറ്റാണ് ഇന്നലെ ആദ്യം ഇന്ത്യക്ക് നഷ്ടമായത്. ആദ്യ മണിക്കൂറില്‍ അശ്വിനും രോഹിത്തും ചേര്‍ന്ന് ഇന്ത്യയെ 100 കടത്തി. സ്‌കോര്‍ 118ല്‍ നില്‍ക്കെ അശ്വിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി മര്‍ഫി ഓസീസിന് കാത്തിരുന്ന ബ്രേക്ക് ത്രൂ സമ്മാനിച്ചു. 62 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സും അടിച്ച അശ്വിന്‍ 23 റണ്‍സടിച്ചാണ് പുറത്തായത്. പിന്നീടെത്തിയ ചേതേശ്വര്‍ പൂജാര ബൗണ്ടറിയടിച്ചാണ് തുടങ്ങിയത്. എന്നാല്‍ ടോഡ് മര്‍ഫിയുടെ പന്തില്‍ സ്വീപ് ഷോട്ടിന് ശ്രമിച്ച പൂജാരക്ക് പിഴച്ചു. ടോപ് എഡ്ജ് ചെയ്ത പന്ത് ഷോര്‍ട്ട് ഫൈന്‍ ലെഗില്‍ സ്‌കോട്ട് ബൊളണ്ട് കൈയിലൊതുക്കി. 14 പന്തില്‍ ഏഴ് റണ്‍സായിരുന്നു പൂജാരയുടെ നേട്ടം. വിരാട് കോലിയും (12) മര്‍ഫിയ്ക്ക് വിക്കറ്റ് സമ്മാനിച്ച് അതിവേഗം കൂടാരം കയറി.

അഞ്ചാം നമ്പറില്‍ ശ്രേയസ് അയ്യരുടെ അഭാവത്തില്‍ ഇന്ത്യ പ്ലേയിങ് 11ലേക്കെത്തിച്ച സൂര്യകുമാര്‍ യാദവിന് അരങ്ങേറ്റ മത്സരത്തില്‍ തിളങ്ങാനായില്ല. ബൗണ്ടറിയോടെ ആദ്യ ടെസ്റ്റ് റണ്‍സ് നേടിയ സൂര്യയെ നതാന്‍ ലിയോണ്‍ ക്ലീന്‍ബൗള്‍ഡ് ചെയ്യുകയായിരുന്നു. ഇതോടെ ഇന്ത്യ വലിയ തകര്‍ച്ച നേരിട്ടു. വിക്കറ്റ് നഷ്ടപ്പെടാതെ 118 എന്ന മികച്ച സ്‌കോറില്‍ നിന്ന് ഇന്ത്യ 168 ന് അഞ്ച് എന്ന നിലയിലേക്ക് കൂപ്പുകുത്തി. എന്നാല്‍ പിന്നീട് ക്രീസിലെത്തിയ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ കൂട്ടുപിടിച്ച് രോഹിത് ഇന്ത്യയെ മുന്നില്‍ നിന്ന് നയിച്ചു. വൈകാതെ താരം സെഞ്ചുറി നേടുകയും ചെയ്തു. മര്‍ഫിയുടെ പന്തില്‍ ബൗണ്ടറി നേടിക്കൊണ്ട് രോഹിത് മൂന്നക്കം കണ്ടു. താരത്തിന്റെ ടെസ്റ്റ് കരിയറിലെ ഒന്‍പതാം സെഞ്ചുറിയാണിത്. സെഞ്ചുറി നേടിയശേഷം രോഹിത്തിന് അധികനേരം പിടിച്ചുനില്‍ക്കാനായില്ല. പേസ് ബൗളര്‍മാരെ കൊണ്ടുവന്ന് ഓസീസ് രോഹിത്തിന് മേല്‍ സമ്മര്‍ദം ചെലുത്തി. ഒടുവില്‍ ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി രോഹിത് ക്രീസ് വിട്ടു.  ഇന്ത്യയുടെ രവീന്ദ്ര ജഡേജ അഞ്ച് വിക്കറ്റുമായി കസറിയപ്പോള്‍ മറുപടിയില്‍ ഓസീസിന്റെ ആയുധം ടോഡ് മര്‍ഫിയായിരുന്നു. അരങ്ങേറ്റ ഇന്നിങ്‌സില്‍ത്തന്നെ അഞ്ച് വിക്കറ്റ് നേട്ടവുമായി ഇന്ത്യയെ വിറപ്പിക്കാന്‍ മര്‍ഫിക്കായി.

ഹിറ്റ്മാന് സെഞ്ചുറി റെക്കോഡ്

ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റില്‍ സെഞ്ചുറി നേടിയതോടെ വമ്പന്‍ റെക്കോഡ് സ്വന്തമാക്കി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ. മൂന്ന് ഫോര്‍മാറ്റിലും നായകനെന്ന നിലയില്‍ സെഞ്ചുറി നേടുന്ന ആദ്യത്തെ ഇന്ത്യക്കാരനെന്ന നേട്ടത്തിലേക്കാണ് രോഹിത് ശര്‍മയെത്തിയിരിക്കുന്നത്. മൂന്ന് ഫോര്‍മാറ്റിലും സെഞ്ചുറി നേടുന്ന ലോകത്തിലെ തന്നെ നാലാമത്തെ താരമാണ് രോഹിത്. പാകിസ്ഥാന്റെ ബാബര്‍ അസം, ശ്രീലങ്കന്‍ താരം തിലകരത്‌നെ ദില്‍ഷന്‍, ദക്ഷിണാഫ്രിക്കയുടെ ഫാഫ് ഡുപ്ലെസിസ് എന്നിവരാണ് ഈ നേട്ടം മുന്‍പ് സ്വന്തമാക്കിയവര്‍.

Eng­lish Summary;Century for Rohit Sharma
You may also like this video

Exit mobile version