Site icon Janayugom Online

വന്യജീവികളെ ഭയന്ന് കാവല്‍പുരയൊരുക്കി ചേകാടി പാടത്തെ നെല്‍കര്‍ഷകര്‍

ചേകാടി പാടത്ത് കര്‍ഷകര്‍ ഒരുക്കിയ കാവല്‍പുര

ചേകാടി പാടങ്ങളില്‍ നെല്ല് കതിരിട്ടതോടെ കാവല്‍പുരയൊരുക്കി വന്യമൃഗങ്ങളെ തുരത്തുന്നതിന് കോപ്പുകൂട്ടുകയാണ് കര്‍ഷകര്‍. സാമ്പത്തിക പ്രതിസന്ധിക്കൊപ്പം വന്യമൃഗശല്യവും രൂക്ഷമായതോടെ കര്‍ഷകര്‍ വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്. വനമേഖലകളുമായി അതിര്‍ത്തി പങ്കിടുന്ന ഹെക്ടര്‍ കണക്കിന് പാടങ്ങളാണ് പുല്‍പ്പള്ളി മേഖലയിലുള്ളത്. ഈ ഭാഗങ്ങളില്‍ വന്യമൃഗശല്യം രൂക്ഷമാണ്. നിരവധി സ്ഥലത്താണ് കാട്ടാനയിറങ്ങി ഇത്തവണ നെല്‍ക്കൃഷി നശിപ്പിച്ചത്. ഒരു ഹെക്ടര്‍ നെല്‍കൃഷി നശിപ്പിക്കപ്പെട്ടാല്‍ 11000 രൂപയാണ് നിലവില്‍ നഷ്ടപരിഹാരമായി നിശ്ചയിച്ചിട്ടുള്ളത്. എന്നാല്‍ ഒരു ഹെക്ടര്‍ നെല്‍കൃഷിക്ക് നിലവില്‍ 75000 രൂപയോളം ഉല്‍പാദന ചെലവ് വരുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഒരു ഏക്കര്‍ സ്ഥലത്ത് കൃഷിയിറക്കുന്നതിനായി ഏറ്റവും കുറഞ്ഞത് 20 പേരെങ്കിലും വേണം. ഇവരുടെ കൂലിയടക്കം കണക്കുകൂട്ടുമ്പോള്‍ നല്ലൊരു തുകയാണ് ഒരു ഏക്കര്‍ നെല്‍കൃഷിക്കായി മാത്രം ചെലവ് വരുന്നത്. ട്രാക്ടറും കുബോട്ടയുമെല്ലാം ഉപയോഗിച്ചുള്ള പൂട്ടല്‍ജോലികള്‍ക്കും നല്ല തുക ചെലവ് വരും. ഇത്തരത്തില്‍ ഏക്കര്‍ കണക്കിന് സ്ഥലത്ത് കൃഷിയിറക്കുന്ന കര്‍ഷകര്‍ക്ക് ലക്ഷങ്ങളാണ് ഓരോ വര്‍ഷവും ചെലവ് വരുന്നത്. ഇതിനിടയിലാണ് വന്യമൃഗശല്യം കൂടി കര്‍ഷകര്‍ക്ക് ഇരുട്ടടിയായി മാറുന്നത്. രാപകലില്ലാതെ നെല്‍പാടത്ത് കാവല്‍പുര ഒരുക്കി വിളവെടുപ്പ് വരെ പാടത്ത് പാട്ടകൊട്ടിയും തീ കത്തിച്ചും കാവലിരിക്കുകയാണ് പ്രദേശത്തെ കര്‍ഷകര്‍.

Exit mobile version