Site icon Janayugom Online

ചെന്നൈ സൂപ്പര്‍ കിങ്‌സിന് പുതിയ നായകന്‍; ക്യാപ്റ്റന്‍സി ഒഴിഞ്ഞ് ധോണി

മഹേന്ദ്രസിങ് ധോണിക്ക് പകരം ചെന്നൈ സൂപ്പര്‍ കിങ്‌സിന് പുതിയ നായകന്‍. റുതുരാജ് ഗെയ്ക്‌വാദിനെ ക്യാപ്റ്റനായി നിയമിച്ചു. ധോണിയുടെ നേതൃത്വത്തില്‍ അഞ്ച് ഐപിഎല്‍ കിരീടങ്ങള്‍ സിഎസ്‌കെ നേടിയിട്ടുണ്ട്. ഐപിഎല്ലിന് മുന്നോടിയായി നടന്ന ക്യാപ്റ്റന്മാരുടെ ചടങ്ങില്‍ റുതുരാജാണ് എത്തിയത്. ഈ ചിത്രങ്ങള്‍ പങ്കുവച്ച്‌ സിഎസ്‌കെ പുതിയ ക്യാപ്റ്റനായി റുതുരാജ് ഗെയ്ക്‌വാദിനെ പ്രഖ്യാപിക്കുകയായിരുന്നു. 2019 മുതല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ അവിഭാജ്യ ഘടകമാണ് റുതുരാജ്. ഐപിഎല്ലില്‍ 52 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 39.7 ശരാശരിയില്‍ 1797 റണ്‍സാണ് നേടിയിരിക്കുന്നത്. ഇതില്‍ ഒരു സെഞ്ചുറിയും 14 അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടും. ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റുകളില്‍ റുതുരാജ് നായക റോളില്‍ തിളങ്ങിയിട്ടുണ്ട്. 

133 വിജയങ്ങളുമായി ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടിയ ക്യാപ്റ്റനാണ് ധോണി. 87 വിജയങ്ങളുമായി മുന്‍ മുംബൈ നായകന്‍ രോഹിത് ശര്‍മ രണ്ടാമതാണ്. ഈ സീസണിന്റെ അവസാനത്തോടെ ധോണി വിരമിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. വരുന്ന സീസണില്‍ ഉപദേഷ്ടാവിന്റെ റോളിലോ മുഖ്യ പരിശീലകന്റെ റോളിലോ ധോണിയെ പ്രതീക്ഷിക്കാം.

എന്നാല്‍ അവസാനമായി ഇത്തരമൊരു മാറ്റത്തിന് സിഎസ്‌കെ ശ്രമിച്ചത് വലിയ ദുരന്തമായി മാറിയിരുന്നു. ധോണി ടീമിലുള്ളപ്പോള്‍ത്തന്നെ സിഎസ്‌കെ രവീന്ദ്ര ജഡേജയെ നായകനാക്കിയിരുന്നു. എന്നാല്‍ വലിയ സമ്മര്‍ദം ജഡേജയെ കീഴടക്കുകയും പ്രകടനം മോശമാവുകയും ടീം ഒമ്പതാം സ്ഥാനക്കാരായി മാറുകയും ചെയ്തു. സിഎസ്‌കെ ആദ്യമായി പ്ലേ ഓഫ് കാണാത്ത സീസണായി ഇത് മാറുകയും ചെയ്തു. ധോണിയുടെ അനാവശ്യ ഇടപെടല്‍ നായകന്‍ ജഡേജയെ സമ്മര്‍ദത്തിലാക്കിയെന്ന ആക്ഷേപവും നിലനിന്നിരുന്നു.

Eng­lish Summary:New cap­tain for Chen­nai Super Kings; Dhoni quits captaincy
You may also like this video

Exit mobile version