Site iconSite icon Janayugom Online

അജുവിന്റെ ഓണ വിശേഷങ്ങൾ

ഞ്ചിനീയര്‍മാരായ പി കെ വര്‍ഗീസിന്റെയും സെലിന്റെയും മകന്‍ പിന്തുടര്‍ന്നത് രക്ഷിതാക്കളുടെ പാത. ചെന്നെെയിലെ ഹിന്ദുസ്ഥാന്‍ എഞ്ചിനീയറിങ് കോളജില്‍ ഇലക്ട്രോണിക്സ് പഠനം. കോളജില്‍ അടിച്ചുപൊളിച്ചു നടന്നതിനാല്‍ ക്യാമ്പസ് സെലക്ഷന്‍ കിട്ടിയില്ല. കോഴ്സ് കഴിഞ്ഞിറങ്ങിയപ്പോള്‍ എന്തെങ്കിലും ഒരു ജോലി അനിവാര്യമായി. എച്ച്എസ്‌ബിസി ബാങ്കിലായിരുന്നു നിയമനം. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ ജോലി മടുത്തു രാജിവച്ചിറങ്ങി. ഭക്ഷണവും കഴിച്ച് ജോലിയും തേടിയുള്ള യാത്രകള്‍. അപ്പോഴാണ് ഹിന്ദുസ്ഥാന്‍ എഞ്ചിനീയറിങ് കോളജില്‍ വച്ച് പരിചയപ്പെട്ട മെക്കാനിക്കല്‍ ബാച്ച് വിദ്യാര്‍ത്ഥിയായിരുന്ന വിനീതിന്റെ ഒരു ഫോണ്‍ കോള്‍. വിനീത് ചെയ്യുന്ന സിനിമയില്‍ ഒരവസരം . ഓഡിഷനു വരാനുള്ള ക്ഷണം. വിനീത് ശ്രീനിവാസന്റെ ‘മലര്‍വാടി ആര്‍ട്സ് ക്ലബിലെ ‘കുട്ടു’ എന്ന കഥാപാത്രത്തിന്റെ ഉദയം അങ്ങനെയായിരുന്നു. അഭിനയം ഒരിക്കലും ഒരു സ്വപ്നം പോലുമല്ലാതായിരുന്നഅജു കുര്യന്‍ വര്‍ഗീസ് എന്ന നടന്‍ പൂര്‍ത്തിയാക്കിയത് 150ലേറെ ചിത്രങ്ങളാണ്. ഗായകനായും നിര്‍മ്മാതാവായും വിതരണക്കാരനുമായിഅജു വര്‍ഗീസ് ഇന്ന് മലയാള സിനിമയിലെ തിളങ്ങുന്ന സാന്നിധ്യമാണ്.

മറ്റൊരു ഓണക്കാലം കൂടി കടന്നുവരുമ്പോള്‍ അജുവര്‍ഗീസ് തൻ്റെ ഓണ വിശേഷങ്ങൾ പങ്കു വയ്ക്കുകയാണ്… “മനസിലേക്കോടിയെത്തുന്ന ഓണമോര്‍മ്മകള്‍ കുട്ടിക്കാലത്തേതു തന്നെയാണ്. ടിവിയിലും തിയേറ്ററിലും വരുന്ന ചിത്രങ്ങള്‍, നടന്മാരുടെ ഇന്റര്‍വ്യൂകള്‍, ഇവയ്ക്കായി കാത്തിരിക്കും. അന്നൊക്കെ ഇത്തരം ഇന്റര്‍വ്യൂകള്‍ കുറവായിരുന്നു. കസിന്‍സ് എല്ലാവരും അവധിക്കാലമായതിനാൽ ഒത്തുകൂടും. ഓണസദ്യ എനിക്ക് വലിയ നിര്‍ബന്ധമുള്ള കാര്യമല്ല. സിനിമാക്കാലത്ത് സെറ്റിലെ ഓണങ്ങള്‍ ഓണസദ്യയില്‍ ഒതുങ്ങുകയാണ് പതിവ്. മറക്കാനാവാത്ത ഓണക്കാലം ‘ലൗവ് ആക്ഷന്‍ ഡ്രാമ ’ ഇറങ്ങിയ 2019ലെ ഓണക്കാലമാണ്. വളരെ ബുദ്ധിമുട്ടുകളും തടസങ്ങളും പ്രയാസങ്ങളും നേരിട്ട സിനിമ പ്രേക്ഷകര്‍ സ്വീകരിച്ചതില്‍ ഭയങ്കര സന്തോഷം തോന്നി. ഈ വര്‍ഷത്തെ ഓണം ഷൂട്ടിങ് സെറ്റിലായിരിക്കും, . നീരജ് മാധവ് നായകനാകുന്ന പ്ലൂട്ടോ എന്ന ചിത്രത്തിനൊപ്പമാണ്. അടുത്ത റിലീസിനൊരുങ്ങുന്ന ചിത്രവും ഇതാണ്.

2025 ലെ ഓണം എല്ലാവര്‍ക്കും നല്ലൊരു ഓണക്കാലം സമ്മാനിക്കട്ടെ. കുടുംബത്തോടും സുഹൃത്തുക്കളോടുമൊത്ത് എല്ലാവര്‍ക്കും സന്തോഷമായി ഓണം ആഘോഷിക്കാനാവട്ടെ.…

Exit mobile version