Site iconSite icon Janayugom Online

നായകന്‍

കാക്കനാട് നിലമ്പതിഞ്ഞിമുകള്‍ എന്ന സ്ഥലം. ഇല്ലായ്മകള്‍ക്കിടയില്‍ നിന്നും ജീവിതം കരുപിടിപ്പിക്കുവാന്‍ നെട്ടോട്ടമോടുന്ന വിന്‍സന്റും ഭാര്യ ലാലി വിന്‍സന്റും. എന്നും ജോലിക്കുപോയി മടങ്ങുമ്പോഴും വിന്‍സന്റിന്റെ ഉള്ളില്‍ ഒരു കരുതലുണ്ടാവുമായിരുന്നു. പോളിയോ ബാധിച്ച് ഇടതുകാലിന്റെ ശേഷി നഷ്ടപ്പെട്ട മകന്റെ മുഖം. മകന്റെ ഇഷ്ടങ്ങള്‍ക്കുവേണ്ടി ആ അപ്പന്‍ ജീവിച്ചു. ഫുട്ബോള്‍ കളിക്കാനാവാത്ത മകന്‍ ആ അച്ഛനോട് ഒരു ദിവസം ഫുട്ബോള്‍ വേണമെന്ന് പറ‍ഞ്ഞു. വിന്‍സന്റ് നിരുത്സാഹപ്പെടുത്തിയില്ല, വാങ്ങി നല്‍കി, “കളിക്കെടാ മോനേ…” എന്നു പറഞ്ഞു.
കാക്കനാട് അബ്ദുള്ള ഖാദര്‍ മെമ്മോറിയല്‍ സ്കൂളില്‍ കുട്ടികള്‍ക്കായുള്ള കായികമത്സരം. അധ്യാപകനായ രവീന്ദ്രന്‍ മാഷിനോട് അംഗപരിമിതനായ എട്ട് വയസുകാരന്റെ അഭ്യര്‍ത്ഥന “സാര്‍, എനിക്കും അവരോടൊപ്പം ഓടണം…” അവൻ്റെ അപ്പന്‍ വിന്‍സന്റിനെപ്പോലെ തന്നെയായിരുന്നു. രവീന്ദ്രന്‍ മാഷും… “നീ മത്സരിക്കെടാ…” എന്നു പറഞ്ഞു. തളര്‍ന്ന ഇടതുകാലുമായി ജനറല്‍ വിഭാഗത്തില്‍ ആ എട്ട് വയസുകാരന്‍ മത്സരത്തിനിറങ്ങി. ഓട്ടത്തിനിടെ ട്രാക്കില്‍ തളര്‍ന്നുവീണു. പക്ഷേ മനസ് തളര്‍ന്നില്ല. “എല്ലാവര്‍ക്കും മത്സരത്തില്‍ ജയിക്കാനാവില്ലല്ലോ…“എന്ന ചിന്തയാണ് അവനെ നയിച്ചത്. അപ്പനും രവീന്ദ്രന്‍ മാഷും നല്‍കിയ പ്രോത്സാഹനം അവനെ ജീവിതത്തില്‍ കരുത്തുറ്റ പോരാളിയാക്കി. ഇല്ലായ്മകള്‍ക്കിടയിലും അവഗണനയുടെയും അവഹേളനങ്ങള്‍ക്കിടയിലും അവന്‍ സ്വപ്നങ്ങള്‍ നെയ്തുകൂട്ടി. തളര്‍ന്ന ഇടതുകാലുമായി ജീവിതത്തിന്റെ പടവുകള്‍ ഓരോന്നായി ഓടിക്കയറി. എട്ടാം ക്ലാസില്‍ സ്കൂള്‍ ഗ്രൗണ്ടില്‍ തളര്‍ന്നു വീണതുപോലെ ഇനിയൊരിക്കലും വീണുപോകില്ല എന്ന അവന്റെ നിശ്ചയദാർഢ്യത്തിനുമുന്നില്‍ വിധിപോലും വഴി മാറി. കാലചക്രം പിന്നിട്ടപ്പോള്‍ അന്നത്തെ എട്ടാം ക്ലാസുകാരന്‍ ഇന്ന് മലയാളസിനിമയുടെ മുഖമാണ്. തിരക്കഥാകൃത്തായും അഭിനേതാവായും പ്രേക്ഷക മനസുകളില്‍ പതിഞ്ഞ ബിബിന്‍ ജോര്‍ജിന്റെ ജീവിതം പ്രതിസന്ധികളെ അതിജീവിക്കാൻ ഒരുപാട് പേര്‍ക്ക് പ്രേരണയാണ്. ബിബിന്റെ സൗഹൃദങ്ങളും മറ്റുള്ളവർക്ക് മാതൃകയാണ്. കുട്ടിക്കാലത്തെ മറ്റുള്ളവരുടെ അവഗണനയ്ക്കിടയിലും മിമിക്രി മനസില്‍ കൊണ്ടുനടന്ന ബിബിന് സൗഹൃദങ്ങളായിരുന്നു ശക്തി. ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ വീടിനു സമീപത്തെ ക്ഷേത്രത്തില്‍ പരിപാടി അവതരിപ്പിക്കാനെത്തിയപ്പോള്‍ ബിബിന് ഒരു കൂട്ടുകാരനെ കിട്ടി, വിഷ്ണു. സ്കൂള്‍ തലം മുതല്‍ വിഷ്ണുവും ബിബിനും മിമിക്രിയില്‍ ഒന്നാമതെത്താന്‍ തമ്മിൽ മത്സരമായിരുന്നു. എന്നും വിഷ്ണു ഒന്നാമതായെങ്കിലും ആ സൗഹൃദത്തിന് ഒരു ഏറ്റക്കുറച്ചിലുമുണ്ടായില്ല. മഹാരാജാസ് കോളജിലെത്തിയപ്പോഴും ബിബിനൊപ്പം വിഷ്ണുവെത്തി. വിഷ്ണു ബികോമിനും ബിബിന്‍ ഹിന്ദിക്കും. അവിടെ വച്ച് മാത്രമാണ് ബിബിന്‍ മിമിക്രിയില്‍ വിഷ്ണുവിനെ പിന്നിലാക്കിയത്. അന്ന് ബിബിനെ കെട്ടിപ്പിടിച്ചുകൊണ്ട് വിഷ്ണു പറഞ്ഞു, “കലക്കിയെടാ…’’.
മഹാരാജാസില്‍ നിന്ന് എഴുത്തിന്റെ ലോകത്തു കടന്ന ബിബിന്‍ എഴുതിയുണ്ടാക്കിയ സ്കിറ്റുകളുമായുള്ള ഒരു യാത്രയില്‍ സുഭാഷ് പാര്‍ക്കില്‍ വച്ച് ബൈജു ജോസ്, ബാബു ജോസ് എന്നിവരെ കണ്ടെത്തിയത് വഴിത്തിരിവായി. ബിബിൻ എഴുതിയ കോമഡി കസിന്‍സ്, ടിങ്ടോങ്, രസികരാജ, ആടാം പാടാം, കളിച്ചും ചിരിച്ചും തുടങ്ങി ബഡായി ബംഗ്ലാവ് വരെ ഹിറ്റായി. ഇതിനിടെ എംഎയും ബിഎഡും എംഫിലും പൂര്‍ത്തിയാക്കി.
പഴയ മിമിക്രി കൂട്ടുകാരന്‍ വിഷ്ണുവും സുഹൃത്ത് റിതിനും ചേര്‍ന്നെഴുതിയ ‘അമര്‍ അക്ബര്‍ അന്തോണി’ യായിരുന്നു ബിബിന്റെയും വിഷ്ണുവിന്റെയും (വിഷ്ണു ഉണ്ണികൃഷ്ണൻ ) കരിയര്‍ മാറ്റിമറിച്ചത്. ‘അമര്‍ അക്ബര്‍ അന്തോണിയില്‍’ ഒരു വേഷം കിട്ടിയ ബിബിനും വിഷ്ണുവും ചേര്‍ന്ന് ‘കട്ടപ്പനയിലെ ഋത്വിക് റോഷന്‍’‍ എഴുതി. കൂട്ടുകാരന്‍ വിഷ്ണു എന്ന വിഷ്ണു ഉണ്ണികൃഷ്ണന്‍ കട്ടപ്പനയിലെ ഋത്വിക് റോഷനായി നായകവേഷത്തിലുമെത്തി. പിന്നാലെ ‘ഒരു പഴയ ബോംബ് കഥ’യിലൂടെ ബിബിനും അഭിനയത്തില്‍ മുഖ്യധാരയിലെത്തി. ഒരു യമണ്ടന്‍ പ്രേമകഥ, ഷൈലോക്ക്, തിരുമാലി, വെടിക്കെട്ട്, ബാഡ് ബോയ്സ്, ഗുമസ്തന്‍ ‚കൂടൽ, അപൂര്‍വ പുത്രന്മാര്‍ വരെ… നിരവധി സിനിമകള്‍… ഒരു യമണ്ടന്‍ പ്രേമകഥയുടെയും വെടിക്കെട്ടിന്റെയും തിരക്കഥ എഴുതിയതും വിഷ്ണുവുമൊത്ത് തന്നെ. വിധിയോട് പടപൊരുതി യ ബിബിന്‍ ജോര്‍ജ് എന്ന നായകൻ ജനയുഗവുമായി ഓണവിശേഷങ്ങൾ പങ്കുവയ്ക്കുന്നു…

കുട്ടിക്കാലത്തെ ഓണം ഓര്‍മ്മകള്‍…
ജീവിതത്തിലെ ഏറെ സന്തോഷമുള്ള ഓണം ഓര്‍മ്മകളാണ് കുട്ടിക്കാലത്തേത്. കാക്കനാട് നിലമ്പതിഞ്ഞി മുകളിലെ നാട്ടുകാര്‍ക്കിടയില്‍ മതപരമായ ഒരു വേലിക്കെട്ടുകളുമുണ്ടായിരുന്നില്ല. സ്ഥലത്തെ ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്ലിങ്ങളും ഒക്കെ ഏതൊരാഘോഷത്തിലും ഒത്തൊരുമിക്കും. മൂലേക്കാവ് അമ്പലത്തിലെ എഴുന്നള്ളത്തിനും നബിദിനറാലിയിലുമൊക്കെ ഞാനും പങ്കാളിയായിരുന്നു. ഓണക്കാലം മുഴുവന്‍ തൊട്ടടുത്ത വീട്ടില്‍ അച്ഛാ എന്ന് ഞാന്‍ വിളിച്ചിരുന്ന മോഹനന്‍ ചേട്ടന്റെ വീട്ടിലായിരുന്നു. പത്തു ദിവസവും കാട്ടിലും പറമ്പിലുമൊക്കെ നടന്ന് ഓണപ്പൂക്കള്‍ ഇറുത്ത് അത്തമിടും. ഓണസദ്യയും മോഹനൻ‍ ചേട്ടന്റെ വീട്ടില്‍ നിന്നായിരിക്കും.
കൗമാരക്കാലത്തെ ഓണം…
കൗമാരക്കാലത്തെ ഓണനാളുകള്‍ ടെന്‍ഷന്‍ പിടിച്ചതായിരുന്നു.’16 വയസു മുതല്‍ എങ്ങനെയും ഒരു കലാകാരനാവണമെന്നും ജീവിക്കണമെന്നുള്ള ആഗ്രഹത്തിനുവേണ്ടിയുള്ള നെട്ടോട്ടം. അപ്പന്‍ തരുന്ന 10 രൂപയും കൊണ്ട് കലാഭവനില്‍ എത്തുമായിരുന്നു. ഉച്ചയ്ക്കുശേഷം ക്ലാസില്‍ പങ്കെടുക്കണമെങ്കില്‍ വീട്ടില്‍ വന്ന് ഭക്ഷണം കഴിച്ച് മടങ്ങേണ്ടിവരും. അതിന് വണ്ടിക്കൂലി തികയില്ല. ഉച്ചഭക്ഷണം ഒഴിവാക്കും. അഴകന്‍, ഷിജിന്‍, രവി, മാഹി എന്നീ സുഹൃത്തുക്കളെ അവിടെ കിട്ടി. ഷിജിനും കൂട്ടുകാരും പിന്നീട് ഉച്ചഭക്ഷണം വാങ്ങിത്തരുമായിരുന്നു. അവര്‍ക്കൊപ്പം ‘മനസ്’ എന്ന ട്രൂപ്പ് തുടങ്ങി. ഓണക്കാലത്ത് പരിപാടികള്‍ അവതരിപ്പിക്കാനുളള നെട്ടോട്ടം, സ്റ്റേജിനു പുറകിലെ ടെന്‍ഷന്‍… അതായിരുന്നു ആ കാലം.

സെറ്റിലെ ഓണം…

“കട്ടപ്പനയിലെ ഋത്വിക് റോഷന്റെ ” ഷൂട്ടിങ് ഓണനാളുകളിലായിരുന്നു. തൊടുപുഴയിലെ സെറ്റില്‍ അന്ന് തിരുവോണനാളില്‍ എല്ലാവരും ചേര്‍ന്ന് ഓണസദ്യയൊക്കെയായി ഓണം ആഘോഷിച്ചു.
സന്തോഷം നല്‍കിയ ഓണം…
കഴിഞ്ഞ വര്‍ഷം ഓണച്ചിത്രങ്ങളില്‍ എന്റെ ചിത്രമായ ‘ബാഡ് ബോയ്സ് ” തിയേറ്ററിലുണ്ടായിരുന്നു. അത് ഒരു പ്രത്യേക സന്തോഷം നല്‍കിയിരുന്നു.
2025ലെ ഓണം…
വര്‍ഷങ്ങളായി എല്ലാ ഓണത്തിനും ഞാന്‍ രാവിലെ കൂട്ടുകാരുമൊത്തു തൃക്കാക്കര അമ്പലത്തിലെത്തും. അവിടെ നിന്നും നടന്‍ ബിനു തൃക്കാക്കരയുടെ വീട്ടിലെത്തി പ്രഭാത ഭക്ഷണം കഴിക്കും.
തിരികെ വീട്ടിലെത്തി അമ്മ ലിസിയേയും ഭാര്യ ഗ്രേഷ്മയെയും മകള്‍ മിഴിയെയും കൂട്ടി ഓണം ആഘോഷിക്കാന്‍ സംഗീത സംവിധായകനും പാട്ടുകാരനുമായ ഷിജു പുലര്‍ക്കാഴ്ചയുടെ പറവൂര്‍ കോട്ടുവള്ളിയിലെ വീട്ടിലെത്തും. ഏഴെട്ട് വര്‍ഷമായി തിരുവോണത്തിന് അവിടെയാണ് ഉച്ചയൂണ്. ‘കട്ടപ്പനയിലെ ഋത്വിക് റോഷന്‍’ എഴുതുന്ന സമയത്ത് മുടിവെട്ടാന്‍ ഒരു സലൂണിനെത്തിയപ്പോഴാണ് അവിടെ വച്ച് നന്നായി നാടന്‍പാട്ട് പാടുന്ന ഷിജുവിനെ പരിചയപ്പെട്ടത്. അങ്ങനെയാണ് ഷിജു ‘വെടിക്കെട്ട്’ എന്ന ചിത്രത്തിലെത്തുന്നത്. ‘കൂടല്‍’ സിനിമയിലും ഷിജുവിന്റെ സംഗീതമുണ്ട്.
പുതിയ പ്രോജക്ടുകള്‍…
ശുക്രന്‍, ബെന്യാമിന്റെ പരിണാമം, നബി എന്നീ ചിത്രങ്ങള്‍. വിഷ്ണുവും ഞാനുമൊത്ത് രണ്ട് തിരക്കഥകളുടെ പണിപ്പുരയിലാണ്.

Exit mobile version