Site iconSite icon Janayugom Online

ഒരു പോലീസുകാരനെ ദൂതനായി വിട്ട് ആര്‍എസ്എസുമായി സഖ്യമുണ്ടാക്കുന്ന ആളല്ല മുഖ്യമന്ത്രി: എ വിജയരാഘവന്‍

ഒരു പോലീസുകാരനെ ദൂതനായി വിട്ട് ആര്‍എസ്എസുമായി സഖ്യമുണ്ടാക്കാന്‍ മാത്രം വിവരദോഷിയല്ല മുഖ്യമന്ത്രിയെന്ന് സിപിഐ(എം) പോളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഹിന്ദുവര്‍ഗീയവാദത്തിനും ആര്‍എസ്എസിനുമെതിരെ പതിറ്റാണ്ടുകളായി പ്രതിരോധം തീര്‍ക്കുന്ന പാര്‍ട്ടിയാണ് സിപിഐ(എം.)ഒരുകാലത്തും അവരുമായി ഒരു നീക്കുപോക്കിനും തയ്യാറായിട്ടില്ല. മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും നേരെ ആക്ഷേപങ്ങള്‍ ചൊരിയുന്ന പ്രതിപക്ഷനേതാവ് ഉള്‍പ്പടെയുള്ളഇന്നത്തെ കോണ്‍ഗ്രസ് നേതാക്കളെല്ലാവരും ആര്‍ എസ് എസുമായി കൂട്ടുക്കച്ചവടം നടത്തിയവരാണെന്ന് എ വിജയരാഘവന്‍ ഓര്‍മ്മിപ്പിച്ചു.

എഡിജിപി അജിത്കുമാര്‍ പലരേയും കണ്ടിട്ടുണ്ടാകാം, അത് പാര്‍ട്ടിയുമായി ബന്ധപ്പെട്ട വിഷയമല്ല. കൂടിക്കാഴ്ചയുടെ വിവരം അറിഞ്ഞിട്ടും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ 16മാസം അതു പുറത്തുപറയാതെ ഒളിപ്പിച്ചുവെച്ചത് എന്തിനാണെന്ന് വിജയരാഘവന്‍ ചോദിച്ചു. തൃശൂര്‍ പൂരത്തിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് ഉചിതമായ സമയത്ത് പുറത്തുവരും.

ഒരുവിഭാഗം മാധ്യമങ്ങളുടെ സഹായത്തോടെ പാര്‍ട്ടിക്ക് ബിജെപി ബന്ധം ആരോപിക്കുന്ന കോണ്‍ഗ്രസാണ് തൃശൂരില്‍ ബിജെപി അക്കൗണ്ട് തുറക്കുന്നതിന് പ്രധാന സംഭാവന നടത്തിയത്. കോണ്‍ഗ്രസിന്റെ നിയമസഭ സ്ഥാനാര്‍ത്ഥിയും കോണ്‍ഗ്രസിന്റെ മുഖവുമായിരുന്ന കരുണാകരന്റെ മകളെ ബിജെപിക്ക് ദാനം നല്‍കുകയായിരുന്നു കോണ്‍ഗ്രസ്. അവരുടെ സ്വന്തം പ്രവര്‍ത്തന രീതി വച്ചാണ് മുഖ്യമന്ത്രിക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. അന്‍വര്‍ എംഎല്‍എക്ക് സ്വതന്ത്രമായ അഭിപ്രായങ്ങള്‍ പറയാന്‍ അവകാശമുണ്ടെന്നും അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തകനല്ലെന്നും എ വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version