Site iconSite icon Janayugom Online

കോലി ടെസ്റ്റ് മതിയാക്കുന്നു !

ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം രോഹിത് ശര്‍മ്മ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കോലി വിരമിക്കാനുള്ള തീരുമാനം ബിസിസിഐയെ അറിയിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. അടുത്ത മാസം ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ഇന്ത്യ കളിക്കുന്നുണ്ട്. അതിനുമുമ്പ് കോലി വിരമിച്ചേക്കുമെന്നാണ് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഇംഗ്ലണ്ടിന്റെ കടുപ്പമേറിയ പിച്ചില്‍ പരിചയസമ്പന്നനായ കോലിയുമില്ലാതെയിറങ്ങുന്ന ഇന്ത്യക്ക് തിരിച്ചടിയായേക്കും. നിര്‍ണായകമായ ഇംഗ്ലണ്ട് പര്യടനം വരാനിരിക്കവെ തീരുമാനം പുനഃപരിശോധിക്കണമെന്നാണ് വിരാടിനോടു ബോര്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇംഗ്ലണ്ട് പര്യടനം കണക്കിലെടുത്ത് തീരുമാനം പുനഃപരിശോധിക്കാന്‍ ആവശ്യപ്പെട്ടുവെന്നുമാണ് ബിസിസിഐ ഉന്നതനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട് വിശദമാക്കുന്നത്. 

കോലി മനസ് മാറ്റിയില്ലെങ്കില്‍ പ്രധാനപ്പെട്ട ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യക്ക് പരിചയസമ്പന്നരില്ലാത്ത മധ്യനിരയാകും ഉണ്ടാകുക. ഈ വര്‍ഷം ആദ്യം ഓസ്ട്രേലിയയില്‍ നടന്ന ബോര്‍ഡര്‍— ഗവാസ്‌കര്‍ ട്രോഫിയില്‍ ആദ്യ ടെസ്റ്റില്‍ സെഞ്ചുറി നേടിയ ശേഷം കോലിക്ക് ഫോം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഒമ്പതു ഇന്നിങ്‌സുകളില്‍ നിന്നും 23.75 ശരാശരിയില്‍ വെറും 190 റണ്‍സ് സ്കോര്‍ ചെയ്യാനെ താരത്തിനായുള്ളു. 2011ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറി. 123 മത്സരങ്ങളില്‍ നിന്നും 46.85 ശരാശരിയില്‍ 9230 റണ്‍സ് നേടി. 30 സെഞ്ചുറികളും 31 അര്‍ധസെഞ്ചുറികളും കോലിയുടെ ബാറ്റില്‍ നിന്ന് പിറന്നു. 10,000 റണ്‍സിലേക്ക് അല്പം ദൂരം മാത്രമാണ് ബാക്കി. എന്നാല്‍ അതിനു മുമ്പ് താരം വിരമിക്കുന്നത് ആരാധകര്‍ക്കടക്കം നിരാശയാണ്. കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യ ടി20 കിരീടം നേടിയതിന് പിന്നാലെ കുട്ടിക്രിക്കറ്റില്‍ നിന്ന് കോലിയും രോഹിത്തും വിരമിച്ചിരുന്നു.

Exit mobile version