ശൈത്യകാല ഒളിമ്പിക്സിൽ സംഘാടകർക്ക് വൻ ആസൂത്രണ പിഴവ്. ഗെയിംസ് വില്ലേജിൽ 2,900 അത്‌ലറ്റുകൾക്കായി സംഘാടകർ കരുതിയിരുന്ന സൗജന്യമായി വിതരണം ചെയ്ത 10,000 ഗർഭനിരോധന ഉറകൾ വെറും മൂന്ന് ദിവസം കൊണ്ട് തീർന്നതോടെ അത്‌ലറ്റുകൾ പരാതിയുമായി രംഗത്തെത്തി.
മുൻകാല ഒളിമ്പിക്സുകളെ അപേക്ഷിച്ച് വളരെ കുറഞ്ഞ അളവിൽ മാത്രം കോണ്ടം സംഭരിച്ചതാണ് പ്രതിസന്ധിക്ക് കാരണമായത്. 2024ലെ പാരിസ് ഒളിമ്പിക്സിൽ 10,500 താരങ്ങൾക്കായി 2,00,000 കോണ്ടം വിതരണം ചെയ്ത സ്ഥാനത്താണ് ഇറ്റലിയിൽ വെറും 10,000 എണ്ണം മാത്രം കരുതിയത്.
ഇത്ര വേഗത്തിൽ ഇവ തീർന്നുപോകുമെന്ന് സംഘാടകർ പ്രതീക്ഷിച്ചിരുന്നില്ല. പുതിയ ബാച്ച് എന്ന് എത്തിക്കാൻ കഴിയുമെന്ന കാര്യത്തിൽ നിലവിൽ വ്യക്തതയില്ല. 1988ലെ സിയോൾ ഒളിമ്പിക്സ് മുതൽ പിന്തുടരുന്ന ഈ രീതി സുരക്ഷിതമായ ലൈംഗികബന്ധം പ്രോത്സാഹിപ്പിക്കുക, ലൈംഗികമായി പകരുന്ന രോഗങ്ങളെ പ്രതിരോധിക്കുക, കായിക താരങ്ങൾക്കിടയിൽ ആരോഗ്യ അവബോധം വളർത്തുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് തുടരുന്നത്.

