പോരുവഴി പെരുവിരുത്തി മലനട മലക്കുട മഹോത്സവത്തിനിടെ ക്ഷേത്രക്കുളത്തിൽ മുങ്ങിപ്പോയ വിദ്യാർത്ഥി രക്ഷിച്ച പ്ലസ്ടു വിദ്യാർഥികൾക്ക് അഭിനന്ദന പ്രവാഹം. പോരുവഴി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥി ബിജിൻ ജോണിനും സുഹൃത്ത് ബോസിനുമാണ് നാട്ടുകാരുടെ ആവേശകരമായ സ്വീകരണം ലഭിച്ചത്.
സുഹൃത്തിന്റെ വീട്ടിൽ പോകുന്നതിനും ഉത്സവം കാണുന്നതിനുമായാണ് ബിജുവും സുഹൃത്തുക്കളായ ബോസും സുജിത്തും മലനടയിൽ എത്തിയത്. തിരക്ക് കുറവായതിനാൽ ക്ഷേത്രത്തിലെ കുളക്കടവ് വഴി വയലിലേക്ക് പോകുന്നതിനിടെ രണ്ടു പേർ കുളത്തിൽ മുങ്ങിത്താഴുന്നത് ബിജിൻ കണ്ടു. നീന്തുകയാണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ രക്ഷിക്കണേ എന്ന് വിളിച്ചു കൂവിയതായി തോന്നിയതോടെ ബിജിനും ബോസും കൂടി കുളക്കടവിലേക്ക് ഇറങ്ങുകയായിരുന്നു. മുങ്ങി താഴുന്നവർക്ക് പിടിച്ചു കയറാനായി കുളക്കടവിൽ ഉണ്ടായിരുന്ന മറ്റൊരാളുടെ തോർത്ത് ചോദിച്ചെങ്കിലും മദ്യലഹരിയിലായിരുന്നു ഇയാൾ തോർത്ത് നൽകാൻ തയ്യാറായില്ല. തുടർന്ന് ബിജിൻ ഇടയ്ക്കാട് സ്വദേശിയും പത്താംക്ലാസ് വിദ്യാർത്ഥിയുമായ അഭിനന്ദിനെ ബോസിന്റെ സഹായത്തോടെ കരയ്ക്ക് എത്തിക്കുകയായിരുന്നു. മറ്റു രണ്ടുപേർ കൂടി വെള്ളത്തിൽ ഉണ്ടായിരുന്നതായി അഭിനന്ദ് പറഞ്ഞു. എന്നാല്‍ ഇരുട്ടായതിനാൽ കൂടുതൽ തിരയാന്‍ ഇവർക്ക് കഴിഞ്ഞില്ല. തുടർന്ന് അഭിനന്ദ് പൊലീസിനെ വിളിച്ചു കൊണ്ട് വരികയായിരുന്നു. പൊലീസും ഫയർഫോഴ്സും തിരച്ചിൽ നടത്തിയപ്പോഴാണ് അഭിനന്ദിന് ഒപ്പമുണ്ടായിരുന്ന പോരുവഴി ഇടയ്ക്കാട് അമ്പാടിയിൽ അശ്വിൻ സുനിൽ(16) ആര്യങ്കാവ് കഴുതുരുട്ടി സജീഷ് ദിനത്തിൽ വിഘ്നേശ്(17) എന്നിവപുടെ മൃതദേഹം കിട്ടിയത്.
അപകടത്തിൽ മനോധൈര്യം കൈവരിച്ച രക്ഷാപ്രവർത്തനം നടത്തിയ വിദ്യാർഥികൾക്ക് നിറഞ്ഞ കൈയ്യടികളും അഭിനന്ദന പ്രവാഹവുമാണ് സോഷ്യൽമീഡിയയില്‍. ഇവരെ അനുബന്ധിച്ചുള്ള അഭിനന്ദിച്ചുകൊണ്ട് നിരവധിപ്പേരാണ് പോസ്റ്റ് ചെയ്തിട്ടുള്ളത്. ശൂരനാട് വടക്ക് ജോൺ ഫിലിപ്പ്- മിനി ജോൺ ദമ്പതികളുടെ മകനാണ് ബിജിൻ. സ്കൂളിലെ സ്കൗട്ട് ലീഡറുമാണ്. ബെസ്റ്റ് കല്ലട സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയാണ് ബോസ്. പോരുവഴി ചാത്താ കുളം വാണികുന്നിൽ ബിജു തോമസ് — ബിന്ദു ബിജു ദമ്പതികളുടെ മകനാണ്.