Site iconSite icon Janayugom Online

പഞ്ചാബില്‍ നിലനില്‍പ്പിനായി കോണ്‍ഗ്രസ് ഭഗീരഥ പ്രയത്നത്തില്‍

പഞ്ചാബില്‍ എങ്ങനെയും വീണ്ടും അധികാരത്തില്‍ എത്തുവാനുള്ള ഭഗീരഥ പ്രയത്നത്തിലാണ് കോണ്‍ഗ്രസ്. മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്‍റെ നേതൃത്വത്തില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ച് കോണ്‍ഗ്രസിന്‍റെ സംസ്ഥാനത്തെ പ്രധാന നേതാക്കളേയും, പ്രവര്‍ത്തകരേയും അമരീന്ദര്‍ സ്വന്തം പാര്‍ട്ടിയിലേക്ക് കൊണ്ടുപോകുന്ന കാഴ്ചയാണ് പഞ്ചാബില്‍ കാണാന്‍ കഴിയുന്നത്. 

അമരീന്ദര്‍സിംഗ് ബിജെപിയുമായി രാഷട്രീയ സഖ്യത്തിന് ശ്രമിച്ചിരിക്കുന്നത് പഞ്ചാബിലെ ജനങ്ങളില്‍ പ്രത്യേകിച്ചും കര്‍ഷകരില്‍ ഏറെ എതിര്‍പ്പാണ് വരുത്തിയിരിക്കുന്നത്.അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനെ സംബന്ധിച്ച് ഏറെ നിർണ്ണായകമാവുന്നത് പഞ്ചാബിലെ പോരാട്ടമാണ്. രാജ്യത്ത് തന്നെ പാർട്ടി അധികാരത്തിലുള്ള മൂന്ന് സംസ്ഥാനങ്ങളിലൊന്നാണ് പഞ്ചാബ്. ഭരണം നിലനിർത്താന്‍ സാധിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുള്ള സംസ്ഥാനങ്ങലുടെ എണ്ണം രണ്ടായി ചുരുങ്ങും.

അതുകൊണ്ട് തന്നെ പഞ്ചാബ് നിലനിർത്താന്‍ വലിയ പരിശ്രമമാണ് കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത്. അമരീന്ദർ സിങ് പാർട്ടി വിട്ട് പുതിയ പാർട്ടി രൂപീകരിച്ച് മത്സര രംഗത്തേക്ക് കടന്ന് വന്നതും എഎപിയുടെ സജീവ സാന്നിധ്യവുമാണ് കോണ്‍ഗ്രസിന് മുന്നില്‍ കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഇതിനെ മറികടക്കാന്‍ സ്ഥാനാർത്ഥി നിർണ്ണയത്തിലടക്കം വലിയ കരുതലോടെയാണ് കോണ്‍ഗ്രസ് മുന്നോട്ട് പോവുന്നത്.

ഒരു കുടുംബത്തില്‍ നിന്നും ഒരാള്‍ക്ക് മാത്രം മത്സരിക്കാന്‍ ടിക്കറ്റ് നല്‍കിയാല്‍ മതിയെന്നാണ് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം എടുത്ത തീരുമാനം. കുടുംബത്തിലെ അംഗങ്ങള്‍ എത്ര വലിയ നേതാക്കന്‍മാരാണെങ്കിലും ആ കുടുംബത്തില്‍ നിന്നും ഒരാള്‍ മാത്രമേ മത്സരിക്കുകയുള്ളു. എ ഐ സി സി ആസ്ഥമാന ദില്ലിയിലെ ഓഫീസില്‍ കഴിഞ്ഞ ദിവസം ചേർന്ന് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്.

പഞ്ചാബിലെ കോണ്‍ഗ്രസ് നേതാക്കളും ഹൈക്കമാന്‍ഡ് പ്രതിനിധികളും തമ്മില്‍ ഏകദേശം മൂന്ന് മണിക്കൂറിലേറെ നീണ്ട ചർച്ചകള്‍ക്കൊടുവിലായിരുന്നു പാർട്ടി നിലപാട് പരസ്യമായി പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ ചില നേതാക്കള്‍ ഇത് ഉണ്ടാക്കുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാണിച്ചെങ്കിലും എ ഐ സി സി തങ്ങളുടെ നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നുവെന്നാണ് സൂചന.

117 അസംബ്ലി സീറ്റുകളിൽ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് ഇന്ന് സ്‌ക്രീനിംഗ് കമ്മിറ്റി ചർച്ച ചെയ്യുകയും തിരഞ്ഞെടുപ്പ് തന്ത്രം മെനയുകയും ചെയ്തു. ഒരു കുടുംബത്തിലെ ഒരാൾക്ക് മാത്രമേ ടിക്കറ്റ് നൽകൂ എന്ന തീരുമാനം നിർണ്ണായകമാണ്. കൂടുതല്‍ പുതുമുഖ സ്ഥാനാർത്ഥികളെയാണ് പാർട്ടി ലക്ഷ്യം വെക്കുന്നത്’- എ ഐ സി സി ആസ്ഥാനത്ത് നടന്ന യോഗശേഷം പഞ്ചാബിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് ഹരീഷ് ചൗധരി പറയുന്നു

അടുത്ത യോഗം ഉടൻ ചേരുമെന്നും സ്‌ക്രീനിംഗ് കമ്മിറ്റിയിലെ എല്ലാ അംഗങ്ങളും അടുത്ത യോഗത്തിൽ പങ്കെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പഞ്ചാബിലെ നേതാക്കളുമായി വളരെ നല്ല രീതിയിലുള്ള ചർച്ചായിരുന്നു നടന്നതെന്ന് മുതിർന്ന് കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ വ്യക്തമാക്കി. ഞങ്ങൾ എല്ലാവരും ചേർന്ന് മികച്ച സ്ഥാനാർത്ഥികളെ കണ്ടെത്തും. വിശദമായ രീതിയില്‍ തന്നെ ഇന്നത്തെ ചർച്ചകള്‍ നടന്നു.

വരും ദിവസങ്ങളിൽ ഞങ്ങൾ വീണ്ടും യോഗം ചേരുമെന്നും അദ്ദേഹം പറയുന്നുപഞ്ചാബ് സ്‌ക്രീനിംഗ് കമ്മിറ്റി ചെയർമാൻ കൂടിയായ അജയ് മാക്കൻ, അംഗങ്ങളായ സുനിൽ ജാഖർ, പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദു, മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി എന്നിവരും യോഗത്തിൽ പങ്കെടുത്തു. പാർട്ടി വിട്ട അമരീന്ദർ സിങ് ചില കോണുകളില്‍ വെല്ലുവിളി ഉയർത്തുമെങ്കിലും ഏറ്റവും വലിയ പ്രശ്നമായി കാണുന്നത് എഎപിയുടെ പ്രവർത്തനങ്ങളാണ്. അതിനെ മറികടക്കാനുള്ള തന്ത്രമാണ് പ്രധാനമായും ചർച്ചാ വിഷയമായത്.

2017ലെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ 77 സീറ്റുകൾ നേടിയായിയിരുന്നു കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. പത്ത് വർഷത്തിന് ശേഷമായിരുന്നു എസ്എഡി-ബിജെപി സർക്കാരിനെ കോണ്‍ഗ്രസ് വീഴ്ത്തിയത്. ആ തിരഞ്ഞെടുപ്പില്‍ 117 അംഗ പഞ്ചാബ് നിയമസഭയിൽ 20 സീറ്റുകൾ നേടി ആം ആദ്മി പാർട്ടി രണ്ടാമത്തെ വലിയ പാർട്ടിയായി. ബിജെപി മൂന്ന് സീറ്റുകൾ നേടിയപ്പോൾ എസ്എഡിക്ക് 15 സീറ്റുകൾ മാത്രമാണ് നേടാനായത്. എന്നാല്‍ കോണ്‍ഗ്രസ് പഞ്ചാബില്‍ പാര്‍ട്ടി ചിരത്രത്തിലെ ഏറ്റവും വലിയ ഭീഷിണിയാണ് നേരിടുന്നത്. അമരീന്ദര്‍ സിംഗ് ഉയര്‍ത്തുന്ന വെല്ലുവിളി. എന്നാല്‍ ബിജെപിയുമായുള്ള സിംഗിന്‍റെ സഖ്യം ജനങ്ങള്‍ അംഗീകരിക്കുമോയെന്ന ചോദ്യം ഉയരുന്നുണ്ട്.

Exit mobile version