Site iconSite icon Janayugom Online

സ്വയം പുനർനിർമ്മിച്ചില്ലെങ്കില്‍ കോൺഗ്രസ് ഇല്ലാതാകും

കോൺഗ്രസ് അതിന്റെ ചരിത്രത്തിൽ പലതവണ കനത്ത പ്രതിസന്ധികളിൽപ്പെടുകയും അതിജീവിക്കുകയും ചെയ്തിട്ടുണ്ട്. 1948‑ൽ ആചാര്യ നരേന്ദ്ര ദേവ്, ജയപ്രകാശ് നാരായൺ, രാം മനോഹർ ലോഹ്യ എന്നിവർ സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിച്ചതോടെ സോഷ്യലിസ്റ്റുകളെ നഷ്ടപ്പെട്ടു. 1969‑ൽ ഇന്ദിരാഗാന്ധിയെ ‘സിൻഡിക്കേറ്റ്’ എന്നറിയപ്പെട്ടിരുന്ന വിഭാഗം പുറത്താക്കി. പ്രസിഡന്റ് എസ് നിജലിംഗപ്പയുടെ നേതൃത്വത്തിലുള്ള പ്രവർത്തക സമിതിയാണ് പുറത്താക്കിയത്. 1978 ൽ അടിയന്തരാവസ്ഥയുടെ പേരിലുണ്ടായ ഭിന്നത കോൺഗ്രസിനെ വീണ്ടും നെടുകേ പിളർത്തി. എന്നാൽ പിന്നീടത് ഇന്ദിരയുടെ നേതൃത്വത്തില്‍ യഥാർത്ഥ കോൺഗ്രസ് ആയി തുടർന്നു. 1997‑ൽ ബംഗാളിലെ നേതാവ് മമതാ ബാനർജി തൃണമൂൽ കോൺഗ്രസും 2010‑ൽ ആന്ധ്രയില്‍ ജഗൻമോഹൻ റെഡ്ഡി വൈഎസ്ആർ കോൺഗ്രസും രൂപീകരിച്ചപ്പോൾ ആ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് വളരെ ദുർബലമായി. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ബിജെപിയിൽ ചേരാന്‍ നിരനിരയായാണ് നേതാക്കള്‍ കോൺഗ്രസ് വിട്ടത്. ഹിമന്ത ബിശ്വ ശർമ്മ, ജ്യോതിരാദിത്യ സിന്ധ്യ, ആർപിഎൻ സിങ്, ജിതിൻ പ്രസാദ് തുടങ്ങിയവർ ആ നിരയിലുണ്ട്.
അങ്ങനെ നോക്കുമ്പോള്‍ നേതാക്കളുടെ രാജി കോൺഗ്രസിന് പുത്തരിയല്ലാത്തതിനാൽ, ഗുലാം നബി ആസാദിന്റെ രാജിയും പാർട്ടി അതിജീവിക്കുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്. ഇന്ദിരാഗാന്ധി, സഞ്ജയ് ഗാന്ധി, രാജീവ് ഗാന്ധി, പി വി നരസിംഹ റാവു, മൻമോഹൻ സിങ്, സോണിയാ ഗാന്ധി എന്നീ നേതാക്കളോടൊപ്പം 50 വർഷത്തെയെങ്കിലും കോണ്‍ഗ്രസ് പാരമ്പര്യമുണ്ടെങ്കിലും വലിയ ജനകീയാടിത്തറയുള്ള നേതാവ് എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കാനുമാകില്ല. എന്നാലും പാർട്ടി നേതൃത്വത്തിന് അദ്ദേഹത്തിന്റെ വിടവ് അനുഭവപ്പെട്ടേക്കാം. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തെ വിമർശിക്കുന്ന വിമതരെ (ജി-23)യും ആസാദിന്റെ നീക്കം ദുർബലപ്പെടുത്തി.


ഇതുകൂടി വായിക്കൂ: ഗാന്ധിയില്ലാതെന്ത് കോണ്‍ഗ്രസ്!


ആസാദിന്റെ പുറത്താകൽ വ്യത്യസ്തമായൊരു സാഹചര്യത്തിലാണ് എന്നത് ശ്രദ്ധേയമാണ്. രാഹുൽ ഗാന്ധിയുടെ ‘ഭാരത് ജോഡോ യാത്ര’യ്ക്ക് തൊട്ടു മുമ്പ്, കോൺഗ്രസിന് പരമാവധി നാശമുണ്ടാക്കാനാണ് അദ്ദേഹം സമയം ശ്രദ്ധാപൂർവം തിരഞ്ഞെടുത്തത്. പുതിയ കോൺഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനുള്ള തീയതികൾ പെട്ടെന്ന് പ്രഖ്യാപിക്കാൻ പാർട്ടിയെ പ്രേരിപ്പിച്ചതിനും ആസാദിന്റെ നീക്കം കാരണമായിരിക്കാം.
രാജ്യസഭയിലേക്ക് വീണ്ടും സീറ്റ് നല്കിയിരുന്നെങ്കില്‍ ഒരുപക്ഷേ ആസാദ് കോൺഗ്രസിൽ നിന്ന് പുറത്തുപോകുമായിരുന്നില്ല. സാധാരണനിലയില്‍ ഉപരിസഭയിൽ സീറ്റ് നിലനിർത്താൻ ഒരാള്‍ ആഗ്രഹിക്കുന്നതിനെ തെറ്റുപറയാനാകില്ല. എന്നാല്‍ മറുകണ്ടം ചാടിയ അദ്ദേഹത്തിന് അവിടെ രാജ്യസഭാംഗത്വം ലഭിക്കുമെന്ന് തോന്നുന്നില്ല. പുതിയ പാർട്ടി രൂപീകരിക്കാൻ ഒരുങ്ങുകയാണ് ആസാദ്. ഒരുപക്ഷേ ആ പാര്‍ട്ടിയെ ആദ്യനാളുകളിലെങ്കിലും ഫാറൂഖ് അബ്ദുള്ളയും ബിജെപിയും പിന്തുണച്ചേക്കാം. സാധ്യതകള്‍ വളരെ കുറഞ്ഞ ഒരു മാര്‍ഗമാണ് ആസാദ് തിരഞ്ഞെടുത്തത് എന്നര്‍ത്ഥം. രാജിക്ക് പിന്നില്‍ രാജ്യസഭാ സീറ്റ് മാത്രമല്ല, അദ്ദേഹത്തോട് കാണിച്ച വിവേചനം കൂടിയാണ്. ദേശീയ രാഷ്ട്രീയകാര്യ സമിതി അംഗമായിരുന്ന അദ്ദേഹത്തെ സംസ്ഥാന കമ്മിറ്റി അംഗം മാത്രമായി തരംതാഴ്ത്തി.
‘ഗാന്ധി‘മാർക്ക് തെരഞ്ഞെടുപ്പിൽ പാര്‍ട്ടിയെ വിജയിപ്പിക്കാൻ കഴിയാത്തതിനാലാണ് പല നേതാക്കളും കോണ്‍ഗ്രസ് വിടുന്നത്. കഴിഞ്ഞ എട്ട് വർഷത്തിനിടെ 49 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ 39 ഉം പാർട്ടി പരാജയപ്പെട്ടുവെന്ന് ആസാദ് ചൂണ്ടിക്കാട്ടി. റഫാൽ, നോട്ട് നിരോധനം, വിലക്കയറ്റം, തൊഴിലില്ലായ്മ, ലോക്കൗട്ട് തുടങ്ങിയ വിഷയങ്ങളിൽ രാഹുൽ ഗാന്ധി ഇടപെട്ട് സംസാരിച്ചിട്ടുണ്ടെങ്കിലും മോഡി സര്‍ക്കാരിന്റെ വേഗത കുറയ്ക്കാൻ കഴിഞ്ഞില്ല. അതിനിടയിലും ‘ജിസ് കോ ഹേ ജയേ, രഹ്നാ ഹേ രഹേ’ (പോകാൻ ആഗ്രഹിക്കുന്നവർക്ക് പോകാം, തുടരാൻ ആഗ്രഹിക്കുന്നവർക്ക് അങ്ങനെ ചെയ്യാം) എന്നതാണ് കോൺഗ്രസ് നേതൃത്വത്തിന്റെ മനോഭാവം.
ഈയവസ്ഥയില്‍ ഉയരുന്ന ചോദ്യങ്ങള്‍ പലതാണ്. കോൺഗ്രസ് സ്വയം ശത്രുവിനെ സൃഷ്ടിച്ച് ശിഥിലീകരണത്തിന്റെ പാതയിലാണോ? ആസാദ് സ്വന്തം പാർട്ടി രൂപീകരിക്കാൻ ഒരുങ്ങുന്നു. ഹരിയാനയിൽ ബഹുജനാടിത്തറയുള്ള ഭൂപേന്ദർ സിങ് ഹൂഡയും സീറ്റ് വിഭജനം തന്റെ ഇഷ്ടങ്ങള്‍ക്കിണങ്ങാത്തതായാല്‍ ഇതേ മാതൃക പിന്തുടരുമോ? 2023ൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കർണാടകയിൽ സിദ്ധരാമയ്യയുടെ കാര്യം എങ്ങനെയായിരിക്കും?. സച്ചിൻ പൈലറ്റ് ഭാവിയില്‍ എന്ത് നിലപാടെടുക്കും?
രാജ്യത്തെ ഏറ്റവും പഴക്കമുള്ള രാഷ്ട്രീയ പാർട്ടിക്ക് മൂന്നേകാല്‍ വർഷമായി ഒരു മുഴുവൻ സമയ പ്രസിഡന്റ് ഇല്ല. സംഘടനാ തെരഞ്ഞെടുപ്പ് വൈകുന്നതിന് പാര്‍ട്ടി പറയുന്ന കാരണങ്ങൾ എന്തായാലും, രാഹുൽ ഗാന്ധി വീണ്ടും അധ്യക്ഷനായി ചുമതലയേല്ക്കുമോ എന്ന് കാത്തിരിക്കുകയാണ് എന്നതാണ് സത്യം. ഇതിലപ്പുറം ഒന്നും അര്‍ഹതയെ അടയാളപ്പെടുത്തുന്നില്ല.


ഇതുകൂടി വായിക്കൂ: കോണ്‍ഗ്രസില്‍ കലാപം തുടരുന്നു


ഈ വർഷം ചെങ്കോട്ടയിൽ പ്രസംഗിക്കവേ അഴിമതിയും കുടുംബവാഴ്ചയും ഇല്ലാതാക്കുമെന്ന് നരേന്ദ്രമോഡി പ്രഖ്യാപിച്ചപ്പോൾ, ജന്മസിദ്ധമായി അധികാരം കയ്യാളുന്നവരോടുള്ള സാധാരണജനങ്ങളുടെ അമര്‍ഷത്തെ തൊട്ടുണര്‍ത്തുകയാണ് ചെയ്തത്. രാജ്യത്ത് കുടുംബവാഴ്ചയില്ലാതെ നിലനിൽക്കാൻ പ്രാദേശിക പാർട്ടികളുണ്ട്. കോൺഗ്രസ് അങ്ങനെയല്ല, ഗാന്ധികുടുംബമില്ലെങ്കില്‍ അത് തകരും. ആ കുടുംബം മറ്റൊരാൾക്ക് അധികാരം വിട്ടുകൊടുത്തില്ലെങ്കിൽ പാര്‍ട്ടി ശിഥിലമാകും.
രാഹുൽ ഗാന്ധി ഒരു പുതിയ രാഷ്ട്രീയ മാതൃകയും മുന്നോട്ട് വച്ചിട്ടുണ്ട്- എല്ലാ തീരുമാനങ്ങളും എടുക്കുക, എന്നിട്ട് അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാതിരിക്കുക. പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് ഇനി അദ്ദേഹം മത്സരിക്കാനും സാധ്യതയില്ല. അശോക് ഗെലോട്ട്, മീരാ കുമാര്‍, മല്ലികാർജുൻ ഖാർഗെ, മുകുൾ വാസ്നിക് എന്നിവരിലാരെങ്കിലും കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുത്താല്‍ സോണിയാ ഗാന്ധി പേരിന് മാത്രം വഹിച്ചിരുന്ന ചുമതല അവര്‍ നിർവഹിക്കും.
ആസാദിന്റെ രാജി കോൺഗ്രസിൽ നിന്ന് മറ്റൊരു നേതാവിന്റെ പുറത്തുകടക്കല്‍ മാത്രമല്ല. ഇന്ത്യയെ ഏകകക്ഷി ഭരണത്തിലേക്ക് നയിക്കാമെന്ന് കരുതുന്ന രാജ്യത്തെ ഏറ്റവും പഴയ പാർട്ടിക്ക് തിരുത്തല്‍ നടപടികൾ സ്വീകരിക്കാനുള്ള മുന്നറിയിപ്പുമാണ്. ഇക്കാര്യത്തില്‍ പുനര്‍വിചിന്തനം ഉണ്ടായില്ലെങ്കില്‍ കോൺഗ്രസ് കേവലം ഒരു ചിഹ്നമായും ഏതാനും സ്വത്തുക്കളുടെ ഉടമകളും മാത്രമായി ചുരുങ്ങും.

ഇന്ത്യാ പ്രസ് ഏജന്‍സി

Exit mobile version