Site iconSite icon Janayugom Online

തുടര്‍ തോല്‍വികള്‍ മറക്കാം; ബ്ലാസ്റ്റേഴ്സ് ഇന്ന് വീണ്ടും കളത്തിൽ

ഇന്ത്യൻ സൂപ്പർലീഗിൽ തുടർ തോൽവികളിൽ വലഞ്ഞ് കേരള ബ്ലാസ്റ്റേഴ്സ് മറ്റൊരു പോരാട്ടത്തിന് ഇറങ്ങുന്നു. സ്വന്തം മൈതാനമായ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വൈകിട്ട് അഞ്ചിന് നടക്കുന്ന മത്സരത്തിൽ സൂപ്പർലീഗിലെ കന്നിക്കാരായ ഉത്തർപ്രദേശിൽ നിന്നുള്ള ഇന്റർ കാശിയാണ് എതിരാളികൾ.
ഐ ലീഗ് ചാംപ്യന്മാരായി സൂപ്പർലീഗിന് യോഗ്യത നേടിയ ഇന്റർ കാശി ആദ്യ രണ്ട് കളികളിലും സമനില നേടി പോയിന്റ് ടേബിളിൽ ഏഴാം സ്ഥാനം അലങ്കരിക്കുന്നുണ്ട്. അതേ സമയം നിലവിലെ പോയിന്റ്നിലവച്ച് ബ്ലാസ്റ്റേഴ്സിന്റെ നില ദയനീയമാണെന്ന് പറയാതെ വയ്യ. പുതിയ സീസണിൽ ആദ്യ രണ്ട് കളികളിലും തോറ്റാണ് ബ്ലാസ്റ്റേഴ്സിന്റെ മൂന്നാംവരവ്. പോയിന്റ് ടേബിളിൽ 12-ാം സ്ഥാനമാണ് ടീമിനുള്ളത്. മാർക്കറ്റ് വാല്യൂ അടിസ്ഥാനമാക്കുമ്പോൾ ബ്ലാസ്റ്റേഴ്സുമായി ഏറെ പിന്നിൽ നിൽക്കുന്ന ഇന്റർകാശിയെ കൊച്ചിയിൽ മുട്ടുകുത്തിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ക്ലബ്ബ് നിൽക്കുന്നത്. കഴിഞ്ഞ ഹോം മത്സരത്തിൽ ഏകപക്ഷിയമായ ഒരു ഗോളിന് മുംബൈ സിറ്റിയോട് തോൽവി വഴങ്ങിയതിന്റെ നാണക്കേട് കൂടി ടീമിന് തൂത്ത് കളയേണ്ടതുണ്ട്. ആദ്യ മത്സരത്തിനെ അപേക്ഷിച്ച് മഞ്ഞപ്പടയിലെ കളിക്കാർ ഫോമിലേയ്ക്ക് മടങ്ങിയെത്തുന്നതിന്റെ സൂചനകൾ കഴിഞ്ഞ കളിയിൽ കാണാൻ സാധിച്ചു. നിർഭാഗ്യം കൊണ്ട് വഴങ്ങിയ ഒറ്റഗോളിലാണ് ടീം വീണത്. ചില മികച്ച അവസരങ്ങൾ നഷ്ടപ്പെടുത്തുകൂടി ചെയ്തു. 

ഗോൾ ബാറിന് കീഴിൽ മികച്ച പ്രകടനം കാഴ്ചവച്ച അർഷ് ഷെയ്ഖ് തന്നെ തുടർന്നേക്കും. സച്ചിൻ സുരേഷിന് പകരക്കാരനായി എത്തിയ അർഷ് ഒരു പെനാൽറ്റി അടക്കം തടഞ്ഞ് കഴിഞ്ഞ കളിയിൽ ഹിറോ പട്ടം സ്വന്തമാക്കിയിരുന്നു. റൗളിൻ ബോർജസ് നയിക്കുന്ന മധ്യനിരയും മികച്ച പ്രകടനം തന്നെ പുറത്തെടുത്തിരുന്നു. മലയാളിതാരം നിഹാൽ സുധീഷും മൈതാനത്ത് അധ്വാനിച്ച് കളിക്കുന്നുണ്ട്. ഫിനിഷിങ്ങിലെ പോരായ്മയാണ് ടീമിനെ വലയ്ക്കുന്നത്. വലിയ പ്രതീക്ഷയിൽ ടീമിലേയ്ക്ക് എ ത്തിയ വിക്ടർ ബെർട്ടോമിയു ഫോമിലെത്തിയിട്ടില്ല. പകരക്കാരന്റെ റോളിൽ ഇറങ്ങിയ കെവിൻ യോക്കിനെ ഇക്കുറി ആദ്യ ഇലവനിലേയ്ക്ക് അവതരിപ്പിക്കാൻ പരിശീലകൻ ഡേവിഡ് കറ്റാല നിർബന്ധിതനായേക്കും. രണ്ട് കളികളിൽ സമനില പിടിച്ച് പോയിന്റ് ടേബിൾ തുറക്കാൻ സാധിച്ച ഇന്റർ കാശി ഇന്ന് ബ്ലാസ്റ്റേഴ്സിനെ മലയർത്തിയടിക്കും എന്ന് അമിതമായി പ്രതീക്ഷിക്കുന്നുണ്ട്. ഐ ലീഗിൽ കളിച്ചതിന്റെ പരിചയ സമ്പത്ത് സൂപ്പർലീഗിലും മുതൽക്കൂട്ടാകുമെന്ന് കഴിഞ്ഞ കളികളിൽ അവർ തെളിയിച്ചതാണ്. എല്ലാത്തിനും അപ്പുറം ഇന്ത്യൻ സൂപ്പർലീഗ് കണ്ട എക്കാലത്തെയും വിലയേറിയ പരിശീലകൻ അന്റോണിയോ ലോപസ് എന്ന ചാണിക്യന്റെ തന്ത്രമാണ് ഇന്റർകാശിക്ക് മുതൽകൂട്ടാകുന്നത്. മൂന്ന് വ്യത്യസ്ത ടീമുകൾക്കൊപ്പം സൂപ്പർലീഗ് കപ്പ് ഉയർത്തിയ പാരമ്പര്യമുള്ള പരിശീലകനാണ് അന്റോണിയോ. ബ്ലാസ്റ്റഴ്സിന് എല്ലാകാലവും തലവേദന സൃഷ്ടിച്ചിട്ടുള്ള പരിശീലകൻ കൂടിയാണ് അന്റോണിയോ. ഇന്ന് ജയിക്കാൻ സാധിച്ചാൽ പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനമാണ് അവരെ കാത്തിരിക്കുന്നത്. 

ഇടതുവശംവഴി മിന്നൽ പിണർപോലെ കുതിക്കുന്ന സ്പെയിൻതാരം ആൽഫ്രഡ് പ്ലനസിനെ ബ്ലാസ്റ്റേഴ്സ് ഭയക്കണം. ഇതിനൊപ്പം മലയാളിതാരം കെ പ്രശാന്ത് അടക്കമുള്ള ഇന്ത്യൻ താരങ്ങളും അപകടംവിതയ്ക്കാൻ കെല്പുള്ളവർ തന്നെയാണ്. ഐ ലീഗിൽ നിന്നെത്തി എന്നുള്ളത് കൊണ്ട് ഇന്റർകാശി ചെറിയ മീൻ അല്ലെന്ന് സാരം. ഫോമില്ലായ്മ്മയിൽ വലയുന്ന ബ്ലാസ്റ്റേഴ്സിനെ അത് മുതലെടുത്ത് തറപ്പറ്റിക്കാമെന്ന ചിന്തയിലാണ് അന്റോണിയോയുടെ ടീം ഇറങ്ങുന്നത്. ആരാധകർ കാത്തിരിക്കുന്ന സൂപ്പർപോരാട്ടം നടക്കുമെന്ന് മാത്രം ഈ ഘട്ടത്തിൽ ഉറപ്പ്നൽകാം. 

Exit mobile version