Site iconSite icon Janayugom Online

സഹകരണ എക്സ്പോ 2022; സഹകരണ മേഖലയുടെ വ്യാപനവും കരുത്തും

സഹകരണ മേഖലയുടെ വ്യാപനവും കരുത്തും വ്യക്തമാക്കുന്ന സഹകരണ എക്സ്പോ 2022 കൊച്ചി മറൈൻ ഡ്രൈവിൽ ഇന്ന് സമാപിക്കുകയാണ്. നൂതന ആശയങ്ങൾ പങ്കുവയ്ക്കുന്നതിനും വിപുലമായ അടിത്തറ ശക്തിപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളും കൂടിയാണ് എക്സ്പോ. സഹകരണ പ്രസ്ഥാനങ്ങളുടെ ഉല്പന്നങ്ങളും സേവനങ്ങളും വ്യക്തതയോടെ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനു മാത്രമല്ല പുതിയ വെല്ലുവിളികളെ കുറിച്ച് ചർച്ച ചെയ്യുന്നതിനും സഹകരണ എക്സ്പോ വേദിയൊരുക്കുന്നു. സഹകരണ പ്രസ്ഥാനങ്ങൾ ഏറ്റെടുക്കേണ്ട പുതിയ മേഖലകളെക്കുറിച്ച് വിശദമായാണ് എക്സ്പോ ചർച്ച ചെയ്യുന്നത്. ഈ രംഗത്തെ വിദഗ്ധർ അവതരിപ്പിക്കുന്ന പ്രബന്ധങ്ങളിൽ നടക്കുന്ന ചർച്ചകൾ സഹകാരികൾക്കും പൊതുസമൂഹത്തിനും കൂടുതൽ വ്യക്തത നൽകും. വെല്ലുവിളികൾ മറികടന്ന ചരിത്രം പുതു തലമുറയെ ബോധ്യപ്പെടുത്തുന്നതിനോടൊപ്പം ഏറ്റെടുക്കേണ്ട പുതിയ വെല്ലുവിളികളെക്കുറിച്ചും എക്സ്പോയിൽ നടക്കുന്ന സെമിനാറുകളിൽ ചർച്ച ചെയ്തിരുന്നു. കേരളത്തിലെ കാർഷിക, കാർഷിക അനുബന്ധമേഖലകളിൽ സഹകരണ പ്രസ്ഥാനങ്ങൾ നടത്തുന്ന ഇടപെടലുകളും വികസനസാധ്യതകളും, ആരോഗ്യ കുടുംബക്ഷേമ മേഖലകളിൽ സഹകരണ സ്ഥാപനങ്ങളുടെ പങ്ക്, കൺസ്യൂമർ മേഖലയിലെ സാധ്യതകൾ, സ്ത്രീശാക്തീകരണത്തിനും വരുമാനവർധനവിനും സഹകരണ മേഖലയിലൂടെയുള്ള ഇടപെടൽ, വിദ്യാഭ്യാസ മേഖലയിൽ സഹകരണ പ്രസ്ഥാനത്തിന്റെ സാധ്യതകൾ, സഹകരണ മേഖലയും സാമ്പത്തിക വികസനവും ചെറുകിട വ്യവസായ രംഗത്തും വ്യവസായ രംഗത്തുമുള്ള പങ്കും സാധ്യതകളും തുടങ്ങിയ വിഷയങ്ങളാണ് ഇതുവരെ നടന്ന സെമിനാറുകളില്‍ ചർച്ച നടത്തിയത്. അതത് രംഗത്തെ വിദഗ്ധരായവർ പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും വിശദമായ ചർച്ചകൾ നടത്തുകയും ചെയ്തു. ഇനി പ്രധാനമായും ചർച്ച ചെയ്യുന്ന വിഷയം ബാങ്ക് ഭേദഗതി നിയമം, ആദായ നികുതി, സേവന നികുതി തുടങ്ങിയവയിൽ കേന്ദ്ര സർക്കാരിന്റെ നിലപാടിൽ സഹകരണ മേഖല സ്വീകരിക്കേണ്ട സമീപനമാണ്. സഹകരണ മേഖലയിലെ ആവശ്യമായ തിരുത്തലുകളും കാലോചിതമായ പരിഷ്കരണങ്ങളും വിശദമായ ചർച്ചയ്ക്ക് വിധേയമാക്കുന്നുണ്ട്. യുവജനങ്ങളും സഹകരണ പ്രസ്ഥാനങ്ങളും മറ്റൊരു സെമിനാർ വിഷയമാണ്. വിവരസാങ്കേതിക വിദ്യയും സഹകരണ മേഖലയുടെ സാധ്യതകളും എന്ന വിഷയവും ചർച്ചയ്ക്കെത്തും. ഈ സെമിനാറുകളിൽ നടക്കുന്ന ചർച്ചകളും നിർദേശങ്ങളും ക്രോഡീകരിച്ച് പ്രത്യേക റിപ്പോർട്ടാക്കുകയും അത് സഹകരണ വകുപ്പ് പരിശോധിക്കുകയും വിദഗ്ധ ഉപദേശം കൂടി സ്വീകരിച്ച് ഉൾക്കൊള്ളാൻ കഴിയുന്ന നിർദേശങ്ങൾ സ്വീകരിക്കുകയും ചെയ്യും. ഇതുവഴി സഹകരണ മേഖല സ്വീകരിക്കുന്ന നിലപാടിൽ കൂടുതൽ വ്യക്തതയും ജനകീയതയും കൈവരും. സഹകാരികളുടെ കൂട്ടായ ചർച്ചകളുടെ അടിസ്ഥാനത്തിൽ പൊതു നന്മയ്ക്കാവശ്യമായ നിലപാടുകൾ സ്വീകരിച്ചാണ് എല്ലാക്കാലത്തും സഹകരണ മേഖല മുന്നോട്ട് പോയിട്ടുള്ളത്. ഈ സഹകരണ എക്സ്പോയിൽ നിന്നുള്ള പാഠങ്ങളും ഉൾക്കൊള്ളുന്നതോടെ കാലോചിതമായ മാറ്റങ്ങൾക്ക് അത് എത്ര ചെറുതാണെങ്കിലും വലുതാണെങ്കിലും സഹകരണ മേഖല വിധേയമാകും. സഹകരണ എക്സ്പോ 2022 ന്റെ പ്രാധാന്യവും ഇതു തന്നെയാണ്. സഹകരണ സംഘങ്ങൾ അടക്കം സഹകരണ മേഖലയിലെ സ്ഥാപനങ്ങളുടെ പ്രവർത്തനം എക്സ്പോയിൽ നേരിട്ട് മനസിലാക്കാൻ കഴിയും. ഏത് മൾട്ടിനാഷണൽ കമ്പനികളെയും നേരിടാനുള്ള ആർജ്ജവം ഇന്ന് സഹകരണ സ്ഥാപനങ്ങൾക്കുണ്ട്. ഉല്പാദന രംഗത്തും വിപണന രംഗത്തും പ്രാഥമിക സഹകരണ സംഘങ്ങൾ നടത്തുന്ന ഇടപെടൽ എക്സ്പോയിൽ വ്യക്തമാണ്. വാട്ട് കപ്പയും ഏത്തയ്ക്കാ ചിപ്സും കയറ്റുമതി ചെയ്യുന്ന വാരപ്പെട്ടി സഹകരണ സംഘത്തിന്റെ മാതൃക അനുകരണീയമാണ്. വനഉല്പന്നങ്ങൾ നേരിട്ട് ശേഖരിച്ച് പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്ന പട്ടികവർഗ സംഘങ്ങളുടെ ഉല്പന്നങ്ങൾക്ക് എക്സ്പോയിലുള്ള ആവശ്യകത അവരുടെ സാധ്യതകളെ അനാവരണം ചെയ്യുന്നു. കാർഷിക രംഗത്ത് ടിഷ്യു കൾച്ചർ മാതൃക സൃഷ്ടിച്ച സഹകരണ സംഘങ്ങൾ, തുണിത്തരങ്ങൾ സ്വന്തമായി നെയ്യുന്ന സംഘങ്ങൾ, പുറമേ നിന്നും ഗുണനിലവാരം കൂടിയ തുണിയെടുത്ത് റെഡിമെയ്ഡ് വസ്ത്രങ്ങൾ തയാറാക്കുന്നവർ, മായം ചേർക്കാത്ത ഭക്ഷ്യഉല്പന്നങ്ങൾ വില്പനയ്ക്കെത്തിക്കുന്നവർ, എൽഇഡി ലൈറ്റുകൾ നിർമ്മിക്കുന്നവർ, മട്ടുപ്പാവ് കൃഷിക്ക് സൗകര്യം ഒരുക്കുന്നവർ, അക്കോപോണിക്സ് കൃഷി ലഭ്യമാക്കുന്നവർ, ഐടി രംഗത്ത് സോഫ്റ്റ്‌വേറുകൾ നിർമ്മിച്ച് വിപണിയിലെത്തിക്കുന്നവർ ഇങ്ങനെ പ്രാദേശികമായി പ്രവർത്തിക്കുന്ന സംഘങ്ങളുണ്ടെന്ന് സമൂഹത്തിനെ ബോധ്യപ്പെടുത്താനും അവരുടെ ഉല്പന്നങ്ങളും സേവനങ്ങളും എങ്ങനെ ലഭ്യമാകുമെന്ന് പൊതുസമൂഹത്തെ അറിയിക്കുന്നതിനും സഹകരണ എക്സ്പോ 2022 പ്രയോജനപ്രദമാകുന്നു.


ഇതുകൂടി വായിക്കാം; സഹകരണ മേഖലയെ സംരക്ഷിക്കണം


പ്രാദേശിക സംഘങ്ങൾ മികവാർന്ന വൈവിധ്യ സേവനങ്ങളും ഉല്പന്നങ്ങളും ലഭ്യമാക്കുമ്പോൾ ഊരാളുങ്കൽ ലേബർ സർവീസ് സഹകരണ സംഘം, കേരള ദിനേശ് ബീഡി സഹകരണ സംഘം, കേരള ബാങ്ക് തുടങ്ങിയ ജനപ്രീതിയാർജ്ജിച്ച സഹകരണ സംഘങ്ങളും അവരുടെ സേവനങ്ങൾ പൊതുസമൂഹത്തെ അറിയിക്കാനായി പ്രദർശനങ്ങൾ നടത്തുന്നുണ്ട്. ചികിത്സാരംഗത്ത് ഏറെ മുന്നേറിയ സഹകരണ ആശുപത്രികൾ അവരുടെ ചികിത്സാ രീതികളും ചികിത്സാ ചെലവും എക്സ്പോയിൽ ബോധ്യപ്പെടുത്തുന്നു. കൊല്ലത്തെ എൻഎസ് സ്മാരക ആശുപത്രി ഏറ്റവും മികച്ച ചികിത്സാലയമായി മാറിക്കഴിഞ്ഞു. 130 വിദഗ്ധരായ ഡോക്ടർമാരും 1300 ലധികം മെഡിക്കൽ, പാരാമെഡിക്കൽ ജീവനക്കാരും 36 സൂപ്പർ മൾട്ടി സ്പെഷ്യാലിറ്റി ഡിപ്പാർട്ട്മെന്റുകളും അത്യന്താധുനിക ചികിത്സാസൗകര്യങ്ങളും ഇവിടെയുണ്ട്. പൊതുജനങ്ങൾക്ക് മറ്റ് സ്വകാര്യ ആശുപത്രികൾ ഈടാക്കുന്ന നിരക്കിനേക്കാൾ 30 ശമതാനം ചെലവ് കുറവാണിവിടെ. ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ളവർക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും സൗജന്യമായി ചികിത്സയും പരിശോധനകളും ലഭ്യമാക്കാനും ഇവർ ശ്രദ്ധിക്കുന്നുണ്ട്. ഇത്തരത്തിൽ നിരവധി ആശുപത്രികളും സഹകരണ രംഗത്ത് ഇന്നുണ്ട്. സഹകരണ രംഗത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തനങ്ങൾ വിശദീകരിക്കാൻ എക്സ്പോയിലുണ്ട്. എം ദാസൻ ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്റ്റാളിൽ അവർ നിർമ്മിച്ച റോബോട്ടാണ് സന്ദർശകരെ സ്വീകരിക്കുന്നത്. ഷേക്ക് ഹാൻഡിൽ മാത്രമൊതുക്കില്ല മാർക്ക് രണ്ട് എന്ന് പേരിട്ട ഈ റോബോട്ടിന്റെ സ്വീകരണം. വരുന്നവർ വിശേഷം ചോദിച്ചാൽ മറുപടി നൽകുകയും ചെയ്യും. വിദ്യാർത്ഥികളാണ് ഇതിനു പിന്നിൽ എന്നത് ഭാവിതലമുറയുടെ സുരക്ഷിതത്വം ഉറപ്പു നൽകുന്നതാണ്. ഇവർ ഈ റോബോട്ടിൽ കൂടുതൽ പരീക്ഷണങ്ങളും പഠനങ്ങളും നടത്തി സ്വകാര്യ സ്ഥാപനങ്ങളിലെ സ്വീകരണ മുറികളിലെത്തിക്കാൻ ശ്രമിക്കുകയാണ്. സാധാരണ സംരംഭകർക്ക് പോലും താങ്ങാൻ കഴിയുന്ന ചെലവിൽ മാർക്ക് രണ്ടിനെ വികസിപ്പിച്ച് പൊതുവിപണിയിൽ എത്തിക്കാനാണ് ശ്രമം. ടൂറിസം, വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം, പ്രാദേശിക വികസനം, തനത് ഉല്പന്നങ്ങളുടെ വിപണനം, മൂല്യവർധിത ഉല്പന്ന നിർമ്മാണം ഇങ്ങനെ ഒട്ടനവധി മേഖലകളിലെ സംഘങ്ങളെ എക്സ്പോയിൽ കാണാം. പൊതു സമൂഹത്തിനൊപ്പം എക്കാലവും നിൽക്കുന്ന സഹകരണ സംഘങ്ങൾ സ്ഥാപിച്ചതു തന്നെ തൊഴിലാളികൾക്ക് ആവശ്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനു വേണ്ടിയാണ്. കുട്ടയും വട്ടിയും നെയ്യുന്നവർക്ക് ആവശ്യമായതൊക്കെ എത്തിക്കുക, കുത്തക മുതലാളിമാരുടെ ചൂഷണം മറികടന്ന് കർഷകർക്ക് വിത്തും വളവും ലഭ്യമാക്കുക, കയർ ഫാക്ടറികളിലെ ചൂഷണം സംഘടിത നീക്കത്തിലൂടെ തടയുക എന്നീ ലക്ഷ്യങ്ങളായിരുന്നു തുടക്ക കാലത്ത്. തൊഴിൽ ചെയ്ത് ജീവിക്കാൻ മാന്യമായ കൂലിയോ വരുമാനമോ ഉറപ്പു വരുത്തുകയെന്നതായിരുന്നു അന്നത്തെ ലക്ഷ്യം. വിളകൾക്ക് അർഹമായ വില കിട്ടിയപ്പോൾ കർഷക കുടുംബങ്ങളിലെ വരുമാനം ഉയരുകയും സ്ഥായിയായി നിലനിൽക്കുകയുമുണ്ടായി. കർഷക സഹകരണ സംഘങ്ങൾ ആവശ്യമാണെന്ന ബോധ്യം സാധാരണക്കാർക്ക് വരുകയും സംഘങ്ങളുടെ പ്രവർത്തനം വ്യാപകമാകുകയും ചെയ്തു. കർഷകരുടെയും തൊഴിലാളികളുടെയും ഉന്നമനത്തിനായി രംഗത്തിറങ്ങിയ സഹകരണ സംഘങ്ങളുടെ പ്രവർത്തനം സുഗമമായിരുന്നില്ല. ജന്മിമാരുടെയും കുത്തക മുതലാളിമാരുടെയും ഫാക്ടറി ഉടമകളുടെയും ആക്രമണങ്ങൾ വിവിധ രീതികളിൽ നേരിടേണ്ടി വന്നു. പല തരത്തിൽ ആസൂത്രിതമായി സംഘങ്ങളെ തകർക്കാനുള്ള ശ്രമങ്ങളും നടന്നിരുന്നു. കായികമായി തകർക്കാനാകില്ലെന്ന് വന്നപ്പോൾ അപവാദ പ്രചാരണങ്ങളിലൂടെ വിശ്വാസ്യതയെ തകർക്കാനുള്ള ശ്രമങ്ങളും സജീവമായിരുന്നു. ശക്തമായ പ്രതിരോധം തീർത്ത സഹകരണ സംഘങ്ങൾ എല്ലാ പ്രതിലോമകരമായ നീക്കങ്ങളെയും അതിജീവിച്ച് മുന്നേറി.


ഇതുകൂടി വായിക്കാം; സഹകരണമേഖലയ്ക്കുള്ള ഭരണഘടനാ പരിരക്ഷ ഉറപ്പാക്കണം


വാഗ്ഭടാനന്ദനെ പോലുള്ള സാമൂഹ്യ പരിഷ്കർത്താക്കളും സഹകരണ സംഘങ്ങളിലൂടെ അധഃസ്ഥിതരുടെ ഉന്നമനം സാധ്യമാകുമെന്ന് തെളിയിച്ചു. തൊഴിൽ നിഷേധിക്കപ്പെട്ടവരെ സംഘടിപ്പിച്ച് തൊഴിലാളികളുടെ സഹകരണ സംഘത്തിന് രൂപം നൽകുകയും പൂർണമായും തൊഴിലാളികളുടെ നിയന്ത്രണത്തിലുള്ള സംഘം സ്ഥാപിക്കുകയും ചെയ്തു. പണിയെടുക്കുന്നവർ തങ്ങളുടെ അധ്വാനത്തിന് പ്രതിഫലം നിശ്ചയിക്കാനും നേടിയെടുക്കാനും തുടങ്ങി. ഈ തുടക്കം നൽകിയ ആത്മവിശ്വാസം വലിയ സഹകരണ പ്രസ്ഥാനങ്ങൾക്ക് അടിത്തറ പാകി. പിന്നീട് കാലത്തിന്റെ മാറ്റങ്ങൾക്ക് അനുസരിച്ച് സഹകരണ പ്രസ്ഥാനങ്ങളും മാറി. ഇന്ന് സഹകരണ പ്രസ്ഥാനങ്ങൾ കടന്നു ചെല്ലാത്ത മേഖലകളില്ലെന്നായി. ആപത്ഘട്ടങ്ങളിൽ സമൂഹത്തിന് കൈത്താങ്ങാകാനും സഹകരണ മേഖലയ്ക്ക് കഴിയുന്നു. കെയർ ഹോം പദ്ധതിയിലൂടെ അത് വ്യക്തമാകുകയും ചെയ്തു. പ്രളയത്തിലും പ്രകൃതി ദുരന്തങ്ങളിലും കിടപ്പാടം നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനായി ചരിത്രപരമായ ഇടപെടലാണ് സഹകരണ വകുപ്പ് നടത്തിയത്. പ്രഖ്യാപനങ്ങൾ പ്രസ്താവനകളിൽ മാത്രം ഒതുക്കാനുള്ളതല്ലെന്ന് കെയർഹോം ഒന്നാം ഘട്ടം തെളിയിക്കുന്നു. 2000 വീടുകൾ നിർമ്മിക്കാൻ തീരുമാനിക്കുകയും അപേക്ഷ ക്ഷണിക്കുകയും ചെയ്തു. ഈ ഘട്ടത്തിൽ കൂടുതൽ അപേക്ഷകൾ എത്തുകയും 2092 വീടുകൾ നിർമ്മിക്കാൻ തീരുമാനിക്കുകയും ചെയ്തു. അപേക്ഷകൻ മരണപ്പെട്ടതോടെയുണ്ടായ സാങ്കേതികത്വത്തെ തുടർന്ന് ഒരു വീടൊഴികെ 2091 വീടുകളും നിർമ്മാണം പൂർത്തിയാക്കി താക്കോൽ കൈമാറാൻ കഴിഞ്ഞു. രണ്ടാം ഘട്ടം കെയർ ഹോമിൽ എല്ലാ ജില്ലകളിലും പഴയന്നൂർ മാതൃകയിൽ ഫ്ലാറ്റ് സമുച്ചയങ്ങളാണ് നിർമ്മിക്കുക. ഇതിന്റെ നടപടി ക്രമങ്ങൾ പൂർത്തിയായി വരുന്നു. സഹകരണ മേഖലയിലെ ഉല്പന്നങ്ങൾക്ക് സ്വന്തം ബ്രാൻഡ് സൃഷ്ടിച്ച് വിപണിയിൽ ഇടപെടുന്നതിനുള്ള നടപടികളും പൂർത്തിയായി. സഹകരണ സംഘങ്ങളുടെ ഉല്പന്നങ്ങൾ ഗുണനിലവാരം ഉറപ്പുവരുത്തി ഏകീകൃത ബ്രാൻഡിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതിനായി ഔട്ട്‌ലെറ്റുകളും സ്ഥാപിക്കും. ഓൺലൈൻ വിപണിയിലും വിദേശവിപണികളിലും സഹകരണ ബ്രാൻഡ് ഉല്പന്നങ്ങൾ എത്തിക്കുന്നതിനും വിപണനം ചെയ്യുന്നതിനുമായി ബ്രാൻഡിങ് ആന്റ് മാർക്കറ്റിങ് ഓഫ് കോ-ഓപ്പറേറ്റീവ് പ്രോഡക്ട് എന്ന പദ്ധതി ആരംഭിക്കുകയും പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലെത്തുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തിലുള്ള ഇടപെടലുകളും സഹകരണ ഉല്പന്നങ്ങളും സേവനങ്ങളും സഹകരണ എക്സ്പോ 2022 ൽ അവതരിപ്പിക്കുന്നു. മുന്നോട്ടുള്ള പ്രയാണത്തിന് കൂടുതൽ ആത്മവിശ്വാസം നേടാൻ എക്സ്പോയിലൂടെ സാധിക്കും. സഹകാരികൾക്കും പൊതു സമൂഹത്തിനും സഹകരണ എക്സ്പോ പുതിയ പ്രതീക്ഷകൾ നൽകും. സാക്ഷാത്ക്കരിക്കാനുള്ള സ്വപ്നങ്ങൾക്കും കരുത്തും പകരും.

Exit mobile version