“സഹകരണ ഫെഡറലിസം” എന്ന പദം കൂടെക്കൂടെ ഉയര്‍ന്നു കേള്‍ക്കുന്നൊരു കാലഘട്ടമാണിത്. സാമ്പത്തിക വികസനയജ്ഞം വിജയകരമാകണമെങ്കില്‍ കേന്ദ്ര‑സംസ്ഥാന ഭരണകൂടങ്ങള്‍ ഒത്തൊരുമയോടെ പരിശ്രമിച്ചേ മതിയാകൂ എന്നതില്‍ തര്‍ക്കില്ല. ഒരു ഫെഡറല്‍ രാഷ്ട്രീയ‑സാമ്പത്തിക ഘടന നിലവിലിരിക്കുന്ന ഇന്ത്യയെപ്പൊലൊരു രാജ്യത്ത് ത്വരിതഗതിയിലുള്ള സാമ്പത്തികവികസനം നേടിയെടുക്കാന്‍ വേറെ കുറുക്കുവഴികളില്ല. സഹകരണ ഫെഡറലിസം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതും ഇതുതന്നെയാണ്. രാജ്യത്ത് സംസ്ഥാന ഭരണകൂടങ്ങളാണ് മൊത്തം ദേശീയ വരുമാനത്തിന്റെ മൂന്നിലൊന്ന് ഭാഗവും സമാഹരിക്കുന്നത്. മൊത്തം സര്‍ക്കാര്‍ ചെലവിന്റെ 60 ശതമാനവും ഏറ്റെടുത്ത് നിര്‍വഹിക്കുന്നതും സംസ്ഥാനങ്ങളാണ്. അതേയവസരത്തില്‍ സര്‍ക്കാര്‍ വായ്പയുടെ 40 ശതമാനം മാത്രമേ സംസ്ഥാനങ്ങള്‍ക്ക് വാങ്ങാന്‍ അവകാശമുള്ളു എന്നതും ശ്രദ്ധേയമായി കാണണം. സംസ്ഥാനങ്ങളുടെ മൊത്തം ധനസ്ഥിതി എന്തെന്ന് കൃത്യമായി അറിയേണ്ടത്, രാജ്യത്തിന്റെതന്നെ ഏദേശ ധനസ്ഥിതി കണക്കാക്കുന്നതിന് ഒഴിച്ചുകൂടാന്‍ കഴിയാത്ത ഒരു ആവശ്യമാണ്. ധനകാര്യ അസന്തുലിതാവസ്ഥയാണ് കേന്ദ്ര‑സംസ്ഥാന ബന്ധങ്ങളില്‍ വിള്ളല്‍ ഉണ്ടാകുന്നതിനുള്ള പ്രധാന കാരണം. ഇത്തരം പ്രതിസന്ധികള്‍ കൂടുതല്‍ ഗുരുതരാവസ്ഥയിലാവുക, പകര്‍ച്ചവ്യാധികള്‍ പൊട്ടിപ്പുറപ്പെടുമ്പോഴോ, വെള്ളപ്പൊക്കം, വരള്‍ച്ച തുടങ്ങി പ്രകൃതിദുരന്തങ്ങള്‍ ഉണ്ടാകുമ്പോഴോ ആയിരിക്കുകയും ചെയ്യും. സമീപകാലത്ത് ഇതിലേറെയും മനുഷ്യനിര്‍മ്മിതമാണെന്നതും പ്രസക്തമാണ്. 2023–24ആദ്യപാദത്തില്‍ത്തന്നെ തൊട്ടുമുമ്പുള്ള ധനകാര്യ വര്‍ഷത്തെ അപേക്ഷിച്ച് രാജ്യം അഭിമുഖീകരിക്കേണ്ടി വന്നിരുന്ന ധനപ്രതിസന്ധിയില്‍ അല്പം ആശ്വാസം അനുഭവപ്പെടാതിരുന്നിട്ടുമില്ല. ഇതിന് വഴിയൊരുക്കിയത് കേന്ദ്ര‑സംസ്ഥാന ഭരണകൂടങ്ങള്‍ അവസരത്തിനൊത്ത് ഉയരുകയും ഒരു പരിധിവരെയെങ്കിലും സ്വയംതിരുത്തലുകള്‍ക്ക് വിധേയമാവുകയും ചെയ്തതാണ്. ഇതിന്റെ ഫലമായി കേന്ദ്രത്തിന്റെ ധനക്കമ്മി 2020–21ല്‍ ജിഡിപിയുടെ 9.1 ശതമാനമായിരുന്നത് 2023–24ലെ ബജറ്റ് കണക്കുകൂട്ടലില്‍ 5.9 ശതമാനത്തിലേക്ക് ഇടിഞ്ഞിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരുകളുടെ ധനക്കമ്മിയാണെങ്കില്‍ 2020–21നും 2022–23ലെ ബജറ്റ് കണക്കുകൂട്ടലിനും ഇടയില്‍ 4.1 ശതമാനത്തില്‍ നിന്നും 3.24 ശതമാനത്തിലേക്ക് ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.
ഏതാനും വലിയ സംസ്ഥാനങ്ങളുടെ കമ്മി 2023–24 ആയതോടെ ജിഡിപിയുടെ 2.9 ശതമാനത്തിലേക്കും ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ മാനങ്ങള്‍ പരിമിതമാണെങ്കിലും നേരിയ ആശ്വാസത്തിന് ഇടനല്‍കുന്നുണ്ടെന്ന് പറയേണ്ടിയിരിക്കുന്നു. എന്നാല്‍ അമിതമായ പ്രതീക്ഷ വച്ചുപുലര്‍ത്തേണ്ട കാര്യവുമില്ല. സംസ്ഥാന സര്‍ക്കാര്‍ ബജറ്റുകളുടെ സ്ഥിതി നോക്കിയാല്‍ സാധാരണ ഗതിയില്‍ സര്‍ക്കാര്‍ ധനസ്ഥിതിയുടെ യഥാര്‍ത്ഥ സ്വഭാവം കണ്ടെത്തുക പ്രയാസമായിരിക്കും. ഏകദേശ ധാരണ ഉണ്ടാകാമെങ്കിലും പൂര്‍ണധനസ്ഥിതി കണ്ടെത്താന്‍ സഹായകമായ വിവരങ്ങള്‍ ബജറ്റില്‍ നിന്ന് ശേഖരിക്കുക എളുപ്പല്ല. ഈ വിവരം ലഭിക്കുന്നതിനുള്ള ഏകസ്രോതസ് ഓരോ വര്‍ഷവും റിസര്‍വ് ബാങ്ക് പ്രസിദ്ധീകരിക്കുന്ന ധനകാര്യ സ്ഥിതി സംബന്ധമായ റിപ്പോര്‍ട്ടാണ്. ആര്‍ബിഐ റിപ്പോര്‍ട്ടിന്റെ പ്രസിദ്ധീകരണം നടക്കുക ബന്ധപ്പെട്ട ധനകാര്യ വര്‍ഷത്തിന്റെ മധ്യത്തിലുമായിരിക്കും. ഈവിധത്തില്‍ ലഭ്യമാകുന്ന വിവരങ്ങളെ ആശ്രയിച്ച് കൃത്യമായൊരു ചിത്രം സംസ്ഥാനങ്ങളുടെ ധനസ്ഥിതി സംബന്ധമായി കിട്ടുക എന്നത് അപ്രായോഗികമാണ്. അതേ അവസരത്തില്‍ ഒരു രാജ്യത്തിന്റെ ഏകദേശ ധനസ്ഥിതി കണ്ടെത്തുന്നതിന് നിലവിലുള്ള പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ടുതന്നെ പരിശ്രമിക്കാനാകും. ഇത്തരമൊരു പശ്ചാത്തലം കണക്കിലെടുത്താണ് 17 വലിയ സംസ്ഥാനങ്ങളുടെ ബജറ്റ് രേഖകള്‍ പരിശോധിക്കുകയും അതിലൂടെ 90 ശതമാനം സംസ്ഥാനങ്ങളുടെ ധനസ്ഥിതി സംബന്ധമായ ഒരു ഏകദേശ ധാരണയിലെത്തുകയും ചെയ്യുന്നത്. ഇതിലൂടെ എത്തിച്ചേരാന്‍ കഴിയുന്ന നിഗമനം, സംസ്ഥാനങ്ങള്‍ പൊതുവില്‍ അവയുടെ ധനക്കമ്മി നിയന്ത്രിക്കുന്നതില്‍ വിജയിച്ചിട്ടുണ്ടെന്നാണ്. ഇത് സുപ്രധാനമാകുന്നതിന് ഒന്നിലേറെ കാരണങ്ങളുണ്ട്. ഒന്ന് കോവിഡ് 19ന്റെ തരംഗങ്ങള്‍ സൃഷ്ടിച്ച ധനകാര്യ പ്രതിസന്ധികള്‍ തരണം ചെയ്യുന്നതില്‍ ഒരു പരിധിവരെയെങ്കിലും സംസ്ഥാനങ്ങള്‍ വിജയിച്ചിരിക്കുന്നു എന്നാണ്. രണ്ട്, ആരോഗ്യമേഖലാ ചെലവുകള്‍ക്ക് പുറമെ, നിത്യജീവിത ചെലവുകള്‍ക്കുള്ള പണം കൂടി അടിയന്തരമായി കണ്ടെത്തുന്നതിന് കോവിഡനന്തര കാലഘട്ടം ഉയര്‍ത്തിയ ഗുരുതരമായ വെല്ലുവിളി തരണം ചെയ്യാന്‍ കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള സഹകരണ പ്രവര്‍ത്തനങ്ങള്‍ സഹായകമായി. മൂന്ന്, സംസ്ഥാന സര്‍ക്കാരുകള്‍ ധനക്കമ്മി നിയന്ത്രണവിധേയമാക്കുന്നത് ലക്ഷ്യമാക്കി ചെലവുകള്‍ തീര്‍ത്തും ഉപേക്ഷിച്ചു. നാല്, കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകള്‍ ഒരു വശത്ത് ചെലവ് നിയന്ത്രണം ഏര്‍പ്പെടുത്തിയപ്പോള്‍ മറുവശത്ത് ചരക്കു-സേവന നികുതി പിരിവ് കാര്യക്ഷമമാക്കുക വഴി, വരുമാനമാര്‍ഗം കൂടുതല്‍ ആകര്‍ഷകമാക്കുകയും ചെയ്തു. ധനക്കമ്മി പൊതുവില്‍ കുറയ്ക്കാനായിട്ടും റവന്യുക്കമ്മി കുറയ്ക്കുന്നതില്‍ സര്‍ക്കാരുകള്‍ വിജയിച്ചില്ല. 13 സംസ്ഥാന സര്‍ക്കാര്‍ ബജറ്റുകള്‍ ഇപ്പോഴും റവന്യുക്കമ്മി നേരിടുന്നു.
ഇതുകൂടി വായിക്കൂ: ജനങ്ങളുടെ സമ്പത്ത് കൊള്ളയടിക്കുന്ന ചങ്ങാത്ത മുതലാളിത്തം
കേരളം, ആന്ധ്രാപ്രദേശ്, ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍, തമിഴ്‌നാട്, പശ്ചിമബംഗാള്‍ എന്നിവ ഇതിലുള്‍പ്പെടുന്നു. ഇതേ സംസ്ഥാനങ്ങള്‍ നേരിടുന്ന മറ്റൊരു ഗുരുതരപ്രശ്നം വര്‍ധിച്ച തോതിലുള്ള കടവും മൊത്ത ആഭ്യന്തര ഉല്പാദനവും(ജിഡിപി) തമ്മിലുള്ള അനുപാതവുമാണ്. ഈ ലക്ഷണങ്ങള്‍ സമ്പദ്‌വ്യവസ്ഥയുടെ അനാരോഗ്യത്തെയാണ് സൂചിപ്പിക്കുന്നത്. ഇത്തരമൊരു അസന്തുലിതാവസ്ഥ തുടരാന്‍ അനുവദിക്കരുത്. ആന്ധ്രാപ്രദേശ്-40.9, ഹരിയാന‑50.9, കേരളം-60.4, പഞ്ചാബ്-70.7, രാജസ്ഥാന്‍-39.7, തമിഴ്‌നാട്-40.8, പശ്ചിമബംഗാള്‍-47 ശതമാനം എന്നിങ്ങനെയാണ് 2023–24ലെ റവന്യുക്കമ്മി. കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകളുടെ ധനസ്ഥിതി സംബന്ധമായ പഠനം നടത്താന്‍ ഭരണഘടനാനുസൃതമായി നിയോഗിക്കപ്പെടുന്ന ധനകാര്യ കമ്മിഷനാണ് കേന്ദ്രത്തില്‍ നിന്നും സംസ്ഥാനങ്ങള്‍ക്കുള്ള നികുതിവിഹിതം വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ നിര്‍ണയിക്കുക. ഇതിന്റെ ഭാഗമെന്ന നിലയില്‍ 12-ാം ധനകാര്യ കമ്മിഷന്‍ മൂന്ന് സംസ്ഥാനങ്ങളെ ഗുരുതരമായ ധനകാര്യ പ്രതിസന്ധി നേരിടുന്നവയായി കണ്ടെത്തിയിരുന്നു. കേരള, പഞ്ചാബ്, പശ്ചിമബംഗാള്‍ എന്നിവയാണിത്. സമീപകാലത്ത് ഇവയുടെ എണ്ണം വര്‍ധിച്ച് ഏഴായി ഉയര്‍ന്നതാണ്. ഈ വര്‍ധനക്കിടയാക്കിയത് റവന്യുക്കമ്മി വര്‍ധനവുമാണ്. ഈ പ്രവണത സമ്പദ്‌വ്യവസ്ഥയുടെ ആരോഗ്യത്തെപ്പറ്റി മാത്രമല്ല, മാക്രോ ഇക്കണോമിക്ക് സ്ഥിരതയെപ്പറ്റിയും പ്രത്യേക പഠനം വേണമെന്നതിലേക്കാണ് കൊണ്ടെത്തിച്ചിരിക്കുന്നത്. ഈ ഏഴ് സംസ്ഥാനങ്ങളുടെ ധനക്കമ്മി അവയുടെ മൊത്ത ആഭ്യന്തര ഉല്പാദനത്തിന്റെ 3.7 ശതമാനം വരെയാണെങ്കില്‍, മൊത്തം റവന്യു കമ്മി ജിഎസ്ഡിപിയുടെ 12.15 ശതമാനമാണ്. മുഴുവന്‍ സംസ്ഥാനങ്ങളുടെയും റവന്യുക്കമ്മി 0.78 ശതമാനമാണ്. 2023–24ലേക്കായി ധനകാര്യ കമ്മിഷന്‍ നിജപ്പെടുത്തിയിരിക്കുന്ന കടബാധ്യതയാണെങ്കില്‍ ഈ സംസ്ഥാനങ്ങളുടേത് വളരെ ഉയര്‍ന്ന നിലയിലാണെന്നും കാണാം.
അതായത് ഇന്ത്യന്‍ ജിഡിപിയുടെ 40 ശതമാനം. റവന്യു കമ്മി എന്ന പ്രശ്നത്തില്‍ ഒരു ദീര്‍ഘകാല കാഴ്ചപ്പാട് അനിവാര്യമാണ്. കോവിഡ് പൊട്ടിപ്പുറപ്പെടുന്നതിന് തൊട്ടുമുമ്പ് സംസ്ഥാന ബജറ്റുകളില്‍ നിന്നും റവന്യുക്കമ്മി മിക്കവാറും പൂര്‍ണമായ തോതില്‍ത്തന്നെ അപ്രത്യക്ഷമായിരുന്നതാണ്. പല സംസ്ഥാനങ്ങളുടേതും മിച്ച ബജറ്റുകളായി മാറുകയും ചെയ്തിരുന്നു. സമീപകാലത്തെ സ്ഥിതി വ്യത്യസ്തമാണ്. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് പലിശരഹിത വായ്പകള്‍ അനുവദിക്കണം. റവന്യുക്കമ്മി കുറയ്ക്കുന്നതിനുള്ള നടപടികളുമായി അവ മുന്നോട്ടുപോകുന്നു എന്ന് ബോധ്യപ്പെടുന്നപക്ഷം വായ്പകള്‍ തുടര്‍ന്നും ലഭ്യമാക്കാവുന്നതാണ്. ഇതിലൂടെ രണ്ട് കാര്യങ്ങള്‍ നടത്താന്‍ കഴിയും. ഒന്ന്, മൂലധന ചെലവ് മുന്‍കാലത്തേതുപോലെ തുടരാം. രണ്ട്, കടം വാങ്ങിയ പണം റവന്യു ചെലവുകള്‍ക്കായി വഴിതിരിച്ചുവിടുന്ന ഏര്‍പ്പാട് ഒഴിവാക്കാം. ഒരു ധനകാര്യ ‘അഡ്ജസ്റ്റ്‌മെന്റ്’ പദ്ധതിയിലൂടെ ധനകാര്യ ബാലന്‍സ് യാഥാര്‍ത്ഥ്യമാക്കാനും പണം ചെലവിടുന്ന മാതൃക ഗുണമേന്മയുള്ളതാക്കി മാറ്റാനും കഴിയും. കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് ധനക്കമ്മി പരിഹരിക്കുക എന്നതിലുപരി റവന്യുക്കമ്മി പരിഹരിക്കുന്നതിനാണ്. ഈ ലക്ഷ്യം നേടണമെങ്കില്‍ ഹ്രസ്വകാല, സൂക്ഷ്മതല കാഴ്ചപ്പാടല്ല അനിവാര്യം, ദീര്‍ഘകാല കാഴ്ചപ്പാടാണ്.