ഇന്ത്യന്‍ ടീമിന് നിര്‍ണായക സംഭാവനകള്‍ നല്‍കിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്ക്ക് മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ ആദരം. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലെ സ്റ്റാന്‍ഡിന് രോഹിത് ശര്‍മ്മയുടെ പേര് നല്‍കാന്‍ അസോസിയേഷന്റെ വാർഷിക ജനറൽ ബോഡി യോഗത്തില്‍ തീരുമാനമായി.
വാങ്കഡെയിലെ ലെവല്‍ 3ലെ ദിവേച്ച പവലിയന്‍ ഇനി രോഹിത് ശര്‍മ്മ സ്റ്റാന്‍ഡ് എന്നറിയപ്പെടുമെന്ന് വാര്‍ത്താക്കുറിപ്പില്‍ മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു. അന്തരിച്ച ഇന്ത്യൻ ക്രിക്കറ്റ് മുൻ താരം അജിത് വഡേക്കറുടെയും മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ മുൻ പ്രസിഡന്റായിരുന്ന ശരദ് പവാറിന്റെയും പേരുകൾ രണ്ട് സ്റ്റാന്‍ഡുകള്‍ക്ക് നല്‍കും. സച്ചിൻ ടെണ്ടുൽക്കർ, സുനിൽ ഗവാസ്കർ, വിജയ് മർച്ചന്റ്, ദിലീപ് വെങ്സർക്കാർ എന്നിവരുടെ പേരുകളാണ് നിലവില്‍ സ്റ്റാന്‍ഡുകളിലുള്ളത്.
ടി20 ലോകകപ്പ്, ചാമ്പ്യന്‍സ് ട്രോഫി എന്നിവ രോഹിത്തിന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ സ്വന്തമാക്കിയിരുന്നു. 2023 ഏകദിന ലോകകപ്പില്‍ ഫൈനലിലെത്താനുമായി. വാങ്കഡെയില്‍ 11 മത്സരങ്ങളില്‍ നിന്ന് ഒരു സെഞ്ചുറിയും ഒരു അര്‍ധസെഞ്ചുറിയുമുള്‍പ്പെടെ 402 റണ്‍സെടുത്തിട്ടുണ്ട് രോഹിത്. വാങ്കഡെയില്‍ കളിച്ച ടി20 മത്സരങ്ങളില്‍ ഒരു സെഞ്ചുറി അടക്കം 2543 റണ്‍സും സ്വന്തമാക്കി. ഐപിഎല്ലിലെക്കെത്തുമ്പോള്‍ രോഹിത്തിന്റെ നായകമികവില്‍ മുംബൈ ഇന്ത്യന്‍സ് അഞ്ച് കിരീടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. ലോകകപ്പ് നേട്ടത്തോടെ ടി20യില്‍ നിന്നും വിരമിച്ച രോഹിത് ഏകദിനത്തിലും ടെസ്റ്റിലുമാണ് കളിക്കുന്നത്.

