കോവിഡ് മഹാമാരിയും വിലക്കയറ്റവും ഏഷ്യയിലെ ദശലക്ഷക്കണക്കിന് ആളുകളുടെ ഭക്ഷ്യസുരക്ഷയെ ബാധിച്ചുവെന്ന് ഐക്യരാഷ്ട്ര സഭയുടെ ഫുഡ് ആന്റ് അഗ്രികള്‍ച്ചറല്‍ ഓര്‍ഗനെെസേഷന്റെ (എഫ്എഒ) റിപ്പോര്‍ട്ട്. കോവിഡ് പ്രതിസന്ധി ഏഷ്യ- പസഫിക് രാജ്യങ്ങളില്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കിയെന്നും പഠനം പറയുന്നു. ഏഷ്യ, പസഫിക് മേഖലകളിലെ 375.8 ദശലക്ഷം ജനങ്ങളെ കോവിഡിന്റെ ആഘാതം പട്ടിണിയിലേക്ക് തള്ളിവിട്ടതായി എഫ്എഒ, യുഎന്‍ ചിൽഡ്രന്‍സ് ഫ്രണ്ട് എന്നീ സംഘടനകള്‍ സംയുക്തമായി നടത്തിയ പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കോവിഡ് ലോകത്ത് ആശങ്ക വിതച്ചുകൊണ്ടിരുന്ന 2020 വര്‍ഷത്തിലാണ് ഇത്രയും ഗുരുതരമായ സ്ഥിതിവിശേഷമുണ്ടായതെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. പട്ടിണി നേരിടുന്ന ജനങ്ങളുടെ കാര്യത്തില്‍ ഈ കണക്ക് 2019 നെ അപേക്ഷിച്ച് 54 ദശലക്ഷം കൂടുതലാണ്.
1.8 ബില്യൺ ആളുകൾക്ക് ആരോഗ്യകരമായ ഭക്ഷണം ഇപ്പോഴും ലഭ്യമല്ലെന്നും എഫ്എഒയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. പ്രാദേശിക ലോക്ഡൗണുകളും അന്തര്‍ദേശിയ യാത്രാനിയന്ത്രണങ്ങളും ഭക്ഷ്യവസ്തുക്കളുടെ കയറ്റുമതിയേയും ഇറക്കുമതിയേയും ബാധിച്ചതോടെ കഴിഞ്ഞ വര്‍ഷം മുതല്‍ ഭക്ഷ്യ അരക്ഷിതാവസ്ഥ ആരംഭിച്ചുവെന്നും ഈ വര്‍ഷത്തോടെ ഗുരുതരമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഭക്ഷ്യസുരക്ഷ തിരികെ കൊണ്ടുവരാന്‍ സര്‍ക്കാരുകള്‍ സമഗ്രമായ പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കണമെന്നും എഫ്ഐഒ ആവശ്യപ്പെടുന്നു.കഴിഞ്ഞ വർഷം ഭക്ഷ്യവില സൂചിക മൂന്നിലൊന്ന് ഉയർന്നിരുന്നു.ശാരീരികാരോഗ്യത്തിന് ആവശ്യമായ ചില സസ്യ എണ്ണകളുടെ വില 74 ശതമാനമാണ് ഉയര്‍ന്നത്. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നുണ്ടായ വിലക്കയറ്റവും ഉപഭോക്താക്കളെ ബാധിച്ചു. വരുമാനത്തിന്റെ വലിയൊരു ശതമാനവും ഭക്ഷണത്തിനായി ചെലവഴിക്കേണ്ട അവസ്ഥയുണ്ടായി. വളം, ഇന്ധനം തുടങ്ങിയവയുടെ വിലവര്‍ധന ഭക്ഷ്യ ഉല്പാദകരെയും ഗുരുതരമായി ബാധിച്ചു. ദക്ഷിണേഷ്യയില്‍ 16 ശതമാനം ആളുകൾ പോഷകാഹാരക്കുറവുള്ളവരാണ്. ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 10 രാജ്യങ്ങളിൽ, അഞ്ച് വയസിന് താഴെയുള്ള 30 ശതമാനം കുട്ടികളും പോഷകാഹാരക്കുറവും വളര്‍ച്ചാ മുരടിപ്പുമുള്ളവരാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഭക്ഷ്യസുരക്ഷ മെച്ചപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ ചെറുകിട കർഷകർ, തദ്ദേശവാസികൾ, സ്ത്രീകൾ, കുട്ടികൾ തുടങ്ങിയ ദുർബല വിഭാഗങ്ങളെ പരിഗണിച്ചുകൊണ്ടായിരിക്കണമെന്നും എഫ്എഒ നിര്‍ദ്ദേശിക്കുന്നു. പകര്‍ച്ചവ്യാധികള്‍, പ്രകൃതി ദുരന്തങ്ങൾ, ദാരിദ്ര്യം, രാഷ്ട്രീയ അസ്ഥിരത, ഭക്ഷണ ലഭ്യതയ്ക്ക് തടസമാകുന്ന മറ്റ് വെല്ലുവിളികൾ എന്നിവയെ നേരിടാൻ ഭക്ഷ്യ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള നയങ്ങൾ രൂപപ്പെടുത്തണമെന്നും എഫ്എഒ ആവശ്യപ്പെടുന്നു.ഭാവിയിലെ ഭക്ഷ്യസുരക്ഷാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് കാര്‍ഷിക, ഭക്ഷ്യസംരംഭങ്ങള്‍ക്ക് മികച്ച ഉല്പാദനം, മികച്ച പോഷകാഹാരം, മെച്ചപ്പെട്ട പരിസ്ഥിതി, മെച്ചപ്പെട്ട ജീവിതം എന്നിവ അനിവാര്യമാണെന്ന് റിപ്പോര്‍ട്ട് അഭിപ്രായപ്പെടുന്നു.ഭക്ഷ്യസുരക്ഷയും പോഷകാഹാരവും മെച്ചപ്പെടുത്തുന്നതിന് കഠിനാധ്വാനവും പ്രതിജ്ഞാബദ്ധതയും ആവശ്യമാണ്. ഭക്ഷ്യ അരക്ഷിതാവസ്ഥ ഇല്ലാതാക്കുകയെന്നതാണ് സുസ്ഥിര വികസന ലക്ഷ്യമായി ഏറ്റെടുക്കേണ്ടതെന്നും യുനിസെഫിന്റെ കിഴക്കന്‍ ഏഷ്യ- പസഫിക് മേഖല റീജ്യണല്‍ ഡയറക്ടര്‍ മാര്‍ക്കോലൂജി കോര്‍സി റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തുന്നു.
english summary;covid and inflation have affected the food security of the Asian people
you may also like this video;