Site iconSite icon Janayugom Online

പശുവും ചാണകവും പിന്നെ ഗോമൂത്രവും

മുക്ക് എന്തുപറ്റി എന്ന ചോദ്യത്തിന് ഉത്തരം നമ്മള്‍തന്നെ കണ്ടെത്തിയേ മതിയാവൂ. രാജ്യം, ഭരണഘടന, മതേതരത്വം, ഇന്ത്യക്കാരനാണെന്ന അഭിമാനം എല്ലാം വളരെ വേഗം ഇല്ലാതാക്കുവാന്‍ ധൃതിപിടിച്ച് നിരവധി കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു. മഹാത്മാഗാന്ധിയെന്ന രാഷ്ട്രപിതാവിനെ ചെറുതായൊന്ന് വെടിവച്ച് കൊന്നതാണോ ആര്‍എസ്എസ് ചെയ്ത കുറ്റമെന്ന് വക്താക്കള്‍ ചാനല്‍ ചര്‍ച്ചയില്‍ പറയുന്നത് നിരവധി തവണ കേള്‍ക്കുകയും കാണുകയും ചെയ്യുന്നു. ഇതിനെതിരെ ചാനല്‍ ചര്‍ച്ചയിലും പുറത്തും പ്രതിഷേധിച്ചത് ഇടതുപക്ഷം മാത്രം.
കേരളത്തില്‍ നിന്നും 19 പേര്‍ യുഡിഎഫ് എന്ന നിലയില്‍ പാര്‍ലമെന്റിലുണ്ട്. ബിജെപിക്ക് എതിരായി ഒന്നും പറയുന്നില്ല. ഭരണഘടന, വര്‍ഗീയത, അഴിമതി, വിലക്കയറ്റം, കലാപങ്ങള്‍ ഇവയിലെല്ലാം നിശബ്ദരാകുകയാണ് ഇവര്‍. ഒരു ദൈവത്തെയും വര്‍ഗീയവാദിയായി നമ്മള്‍ പരിചയപ്പെട്ടിട്ടില്ല. അയല്‍ക്കാരനെ സ്നേഹിക്കാനും ദുരിതം പേറുന്നവനെ സംരക്ഷിക്കാനും സമ്പത്തുള്ളവന്‍ ദുരിതം പേറുന്നവന് എല്ലാ സഹായവും ചെയ്യാനും പറയുന്ന ഗ്രന്ഥങ്ങള്‍ നമ്മുടെ കൈകളില്‍ ഉണ്ട്. 

പഴയ രണ്ടാം ക്ലാസിലെ പാഠപുസ്തകത്തില്‍ നമ്മളെല്ലാം വായിച്ചതും പഠിച്ചതും പാഠം രണ്ട് പശു : അമ്മ എനിക്ക് കാച്ചിയ പാല്‍ തരും. അത് കുടിച്ച് അച്ഛനോളം ഞാന്‍ വലുതാകണമെന്നാണ് അമ്മയുടെ ആഗ്രഹം എന്നാണ്. ഇന്ന് പശുവിനെ കെട്ടിപ്പിടിച്ചാല്‍ അസുഖം മാറുമെന്നും മൂത്രം കുടിച്ചാല്‍, ചാണകം ദേഹത്ത് തേച്ചാല്‍ എല്ലാം പരിഹാരമാവും എന്നും ഭരണാധികാരികള്‍ തന്നെ പറയുന്നു. പശുവിനും ഫെബ്രുവരി 14 എന്ന ദിനം വന്നു.
ലഹരിമരുന്നുകളുടെ അതിപ്രസരം രാജ്യവ്യാപകമാവുന്നു. ബോധമില്ലാത്ത വിദ്യാര്‍ത്ഥി-യുവജന വിഭാഗങ്ങളെ സൃഷ്ടിക്കാനായി ലഹരിയുടെ ഉല്പാദനം, വിതരണം എല്ലാം നടത്തുന്ന വമ്പന്‍ സ്രാവുകള്‍ രാജ്യത്തും ലോകത്തും ആധിപത്യം ഉറപ്പിക്കുന്നു. യുവത്വമാണ് പ്രതികരിക്കുന്നതെന്ന് അറിയുന്ന മുതലാളിത്തം ലഹരിയും മാരകമായ വര്‍ഗീയതയും കൂട്ടിച്ചേര്‍ത്ത് രാജ്യം കൈപ്പിടിയിലാക്കാന്‍ ശ്രമിക്കുമ്പോള്‍ നമ്മള്‍ ഇങ്ങനെ മതിയോ. രാജ്യം, ഭരണഘടന, മതേതരത്വം ഇവയെല്ലാം കാത്തു സംരക്ഷിക്കാന്‍ ഉശിരാര്‍ന്ന പോരാട്ടവും മനുഷ്യമഹാസദസുകളും ആശയപ്രചരണവും അനിവാര്യമാണ്. 

പി യു അബ്ദുള്‍ കലാം
മുല്ലയ്ക്കല്‍, ആലപ്പുഴ

Exit mobile version