Site icon Janayugom Online

അഡാനിയും മോഡിയും ഒരു പശുവും

പ്രണയദിനം പശു ആലിംഗന ദിവസമായി ആചരിക്കണമെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് കഴിഞ്ഞ ദിവസം ഉത്തരവ് ഇറക്കിയിരുന്നു. എന്നാൽ, വിഷയം രാജ്യവ്യാപകമായി ചർച്ചയായതോടെ നിര്‍ദേശം പിൻവലിക്കുകയായിരുന്നു. എന്തുകൊണ്ടാണ് സര്‍ക്കാര്‍ ഇത്തരത്തിലൊരു പ്രസ്താവന ഇറക്കിയതെന്നും അത് എന്തുകൊണ്ട് പിൻവലിച്ചുവെന്നതും ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യമാണ്. രാജ്യം ഏറെ പ്രസക്തമായ വിഷയങ്ങൾ ചർച്ച ചെയ്യുന്ന ഈ സാഹചര്യത്തിലാണ് ബിജെപി സര്‍ക്കാര്‍ ഇത്തരമൊരു പ്രസ്താവന ഇറക്കി ജനങ്ങളുടെ ശ്രദ്ധ അതിലേക്ക് തിരിച്ചു വിടുന്നത്. രാജ്യം കോർപറേറ്റുകൾക്ക് മുന്നിൽ അടിയറവ് വെച്ചുകൊണ്ട് അവരെ സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന നടപടികൾ ഒട്ടും അപ്രായോഗികമല്ല. ഇന്ന് രാജ്യം ഏറെ ചർച്ച ചെയ്യുന്ന വിഷയങ്ങളിൽ ഒന്നാണ് അഡാനിക്കെതിരെ പുറത്തുവന്ന ഹിന്‍ഡൻബർഗ് റിപ്പോർട്ട്. ഓഹരി വിപണിയിൽ ഹിന്‍ഡൻബർഗ് റിപ്പോർട്ട് ചൂടേറിയ ചർച്ചാവിഷയമായതോടെ അഡാനി ഗ്രൂപ്പിന്റെ ഓഹരികളിൽ സൂക്ഷ്മ പരിശോധന നടത്താനൊരുങ്ങിയിരിക്കുകയാണ് സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, സൂക്ഷ്മപരിശോധനയ്ക്ക് പുറമേ, അഡാനി ഗ്രൂപ്പിന്റെ വിദേശ പോർട്ട്ഫോളിയോ നിക്ഷേപകരുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രാഥമിക അന്വേഷണം ശക്തമാക്കാനും, ഹിന്‍ഡൻബർഗ് റിപ്പോർട്ട് കൂടുതൽ ആഴത്തിൽ പഠിക്കാനും സെബി ലക്ഷ്യമിടുന്നുണ്ട്. ഹിന്‍ഡൻബർഗ് റിപ്പോർട്ട് പുറത്ത് വന്നതോടെ, അഡാനി ഗ്രൂപ്പിന്റെ ഓഹരികൾ വൻ തകർച്ചയാണ് നേരിട്ടത്. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗവേഷണ സ്ഥാപനമാണ് ഹിന്‍ഡൻബർഗ്. അഡാനി ഗ്രൂപ്പ് ഓഹരി വിപണിയിൽ വില ഉയർത്തി കാണിക്കുകയും തട്ടിപ്പുകൾ നടത്തുകയും ചെയ്തെന്നാണ് റിപ്പോർട്ടിന്റെ ഉള്ളടക്കം.

അഡാനി ഗ്രൂപ്പിന്റെ ഓഹരിവിപണിയിലെ തട്ടിപ്പിന് മറയിടാൻ കേന്ദ്ര സർക്കാർ നടത്തുന്ന ഒത്തുകളി ഒന്നിന് പുറകെ ഒന്നായി മറനീക്കി പുറത്തുവരികയാണ്. അഡാനി വിഷയത്തിൽ പാർലമെന്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ധനമന്ത്രിയും മൗനംപാലിച്ചതിന് പിന്നാലെ ക്രമക്കേടിനെപ്പറ്റി സമഗ്രമായ അന്വേഷണം ഇല്ലാത്തതും ഇതിന് അടിസ്ഥാനമാകുന്ന തെളിവുകളാണ്. ദേശീയ സമ്പത്ത് കൊള്ളയടിച്ച് മോഡി സർക്കാരിന്റെ തണലിൽ വളർന്ന അഡാനി ഗ്രൂപ്പിനെതിരെയുള്ള ഏത് ആരോപണവും വിമർശനവും ദേശീയതയ്ക്കെതിരെയുള്ള കടന്നാക്രമണമായി ചിത്രീകരിക്കുന്ന സമീപനമാണ് ആർഎസ്എസും സംഘ്പരിവാർ സംഘടനകളും സ്വീകരിച്ചിരിക്കുന്നത്. അഡാനിയുടെ ഓഹരിവിപണിയിലെ കള്ളക്കളികൾ തുറന്നുകാട്ടിയ ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്നശേഷം ഓഹരിവിപണിയിലെ തകർച്ചയെപ്പറ്റി പ്രധാനമന്ത്രി ഇതുവരെ പ്രതികരിക്കാത്തതും ശ്രദ്ധേയമാണ്. അഡാനി ഓഹരി തട്ടിപ്പ് സംയുക്ത പാർലമെന്ററി സമിതി (ജെപിസി) അന്വേഷിക്കണമെന്ന് പ്രതിപക്ഷം ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു. തുടർച്ചയായി ആറു ദിവസം പാർലമെന്റ് നടപടികൾ സ്തംഭിപ്പിച്ചിട്ടും ചർച്ചയ്ക്ക് സർക്കാർ തയ്യാറായില്ല എന്നത് ദുരൂഹത ഉയർത്തുന്നു. അഡാനി എന്ന വാക്കുപോലും ധനമന്ത്രി പാർലമെന്റിൽ ഉപയോഗിച്ചില്ല. ഹിൻഡൻബർഗിന്റെ കണ്ടെത്തലുകൾ ഇന്ത്യക്കെതിരായ ആക്രമണമാണെന്ന വാദമുയർത്തി അഡാനിയെ സംരക്ഷിക്കാനാണ് ആർഎസ്എസ്, ബിജെപി നേതാക്കളും ചില കേന്ദ്രമന്ത്രിമാരും രംഗത്തുവന്നത്. പൊതുജനങ്ങൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും ലക്ഷക്കണക്കിന് കോടി രൂപ നഷ്ടമുണ്ടായാലും അഡാനിയെ രക്ഷിക്കുകയാണ്. മോഡി സർക്കാരിന്റെ കാലത്ത് നടക്കുന്ന രണ്ടാമത്തെ ഏറ്റവും വലിയ ഓഹരിത്തട്ടിപ്പാണ് അഡാനിയുടേത്.


ഇതുകൂടി വായിക്കൂ: അഡാനിയെന്നുതന്നെ പറഞ്ഞുകൊണ്ടിരിക്കും


രാജ്യത്തെ ഏറ്റവും വലിയ ഓഹരി കൈമാറ്റ സംവിധാനമായ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായിരുന്ന ചിത്രാ രാമകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു ആദ്യത്തെ ഓഹരി കുംഭകോണം. മോഡി അധികാരമേറ്റശേഷം നടന്ന ക്രമക്കേടിലെ പ്രധാനി അജ്ഞാതനായ ഹിമാലയൻ യോഗിയാണ്. ചിത്ര വെളിപ്പെടുത്തിയ ഹിമാലയൻ യോഗി ആരാണെന്ന് കണ്ടെത്താൻ സർക്കാർ ഇതുവരെ ശ്രമിച്ചിട്ടില്ല എന്നതും ദുരൂഹമാണ്. രാജ്യം ഇത്രയും സങ്കീർണമായ വിഷയത്തെക്കുറിച്ച് ചർച്ച ചെയ്യേണ്ട സാഹചര്യത്തിലാണ് ജനങ്ങൾക്ക് മുന്നിലേക്ക് ഒരു പശുവിനെ ഇട്ടുകൊണ്ട് വളരെ സമർത്ഥമായി കേന്ദ്ര സർക്കാർ ഇതിനെ മറച്ചുപിടിക്കാൻ ശ്രമിച്ചത്. അഡാനിക്കെതിരെയുളള ഹിന്‍ഡൻബർഗ് റിപ്പോർട്ട്, ജനക്ഷേമ പ്രവർത്തനങ്ങളില്ലാത്ത കേന്ദ്ര ബജറ്റ് തുടങ്ങിയ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുളള വിദഗ്ധതന്ത്രമാണ് കേന്ദ്ര സർക്കാർ മുന്നോട്ട് വയ്ക്കുന്നത്. ഇത് ആദ്യമല്ല, കേന്ദ്ര സർക്കാർ രാജ്യം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ശ്രമിക്കുന്നത്. കോവിഡ് മഹാമാരിയിൽ ജനം നട്ടംതിരിയുമ്പോഴാണ് ജീവൻരക്ഷാ മരുന്നുകളുടെ വില വർധിപ്പിച്ചു കൊണ്ട് ജനങ്ങളുടെ നട്ടെല്ല് ഒടിച്ചത്. അതിനെ മറികടക്കാൻ വേണ്ടി ഹിജാബ് വിഷയം ജനങ്ങളുടെ മുന്നിലേക്കിട്ടു. ബിജെപിക്ക് പശു അമ്മയാണ്. ഗോമൂത്രം പുണ്യജലവും. ഇവിടെ, പശുവിനെ ആലിംഗനം ചെയ്തുകൊണ്ട് പുതിയ സംസ്കാര രൂപീകരണത്തിനൊരുങ്ങിയതായിരുന്നു അവര്‍. കേന്ദ്ര സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന വിഷയങ്ങളുണ്ടാകുമ്പോള്‍ ഇതുപോലുള്ള വിഷയങ്ങൾ മുന്നിലിട്ട് ജനങ്ങളെ മൂഢരാക്കാൻ നോക്കുകയാണ്.

Exit mobile version