കണ്ണൂരിൽ നടന്ന സിപിഐ(എം) പാർട്ടി കോൺഗ്രസിൽ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സഞ്ചരിച്ച വാഹനം ക്രിമിനൽ കേസ് പ്രതിയുടേതാണെന്ന ബിജെപി ആരോപണം തള്ളി കാറുടമ സിദ്ദീഖും സിപിഐ(എം) നേതൃത്വവും. ഒരു സുഹൃത്തിന് വാടകയ്ക്ക് നൽകിയ കാറാണ് യെച്ചൂരി ഉപയോഗിച്ചതെന്നും പാർട്ടി കോൺഗ്രസിന്റെ ആവശ്യങ്ങൾക്കായല്ല വാഹനം നൽകിയതെന്നും സിദ്ദീഖ് വ്യക്തമാക്കി. തനിക്കെതിരെ രാഷ്ട്രീയക്കേസുകൾ മാത്രമാണ് ഉണ്ടായിരുന്നത്. നിലവിൽ ഒരു കേസുമില്ല. താനൊരു സജീവ മുസ്ലീംലീഗ് പ്രവർത്തകനാണ്. എസ്ഡിപിഐയുമായി ബന്ധമില്ല. തന്നെ എസ്ഡിപിഐ ആയി ചിത്രീകരിക്കാനുള്ള ബിജെപിയുടെ നീക്കം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും സിദ്ദീഖ് കൂട്ടിച്ചേർത്തു.
പാർട്ടി കോൺഗ്രസിൽ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉപയോഗിച്ച കാർ എസ്ഡിപിഐ ബന്ധമുള്ള ക്രിമിനിൽക്കേസ് പ്രതിയുടേതാണെന്ന് ആരോപിച്ച് ബിജെപി കണ്ണൂർ ജില്ലാ പ്രസിഡന്റ് എൻ ഹരിദാസ് രംഗത്തെത്തിയിരുന്നു. സിദ്ദീഖ് പകൽ ലീഗ് പ്രവർത്തകനും രാത്രി എസ്ഡിപിഐ പ്രവർത്തകനുമാണെന്നും ഇയാൾ നിരവധി കേസുകളിൽ പ്രതിയാണെന്നും എസ്ഡിപിഐ കൊടുക്കൽ വാങ്ങലിന്റെ തെളിവാണ് വാഹനം നൽകിയ സംഭവമെന്നുമാണ് ബിജെപി ആരോപിച്ചിരുന്നത്. ഇരിങ്ങണ്ണൂർ സ്വദേശിയായ സിദ്ദിഖിന്റെ പേരിൽ രജിസ്റ്റർ ചെയ്ത കെ എൽ 18 എ ബി-5000 ഫോർച്ച്യൂണർ കാറാണ് യെച്ചൂരി യാത്രയ്ക്കായി ഉപയോഗിച്ചിരുന്നത്. ഈ കാർ സിപിഐ(എം) കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ വഴിയാണ് യെച്ചൂരിയുടെ യാത്രയ്ക്കായി ഏർപ്പാടാക്കിയതെന്നും എൻ ഹരിദാസ് ആരോപിച്ചിരുന്നു.
എന്നാല്‍ സീതാറാം യെച്ചൂരിക്ക് കാർ ഏർപ്പാടാക്കിയത് താനല്ലെന്നും കണ്ണൂർ ജില്ലാ നേതൃത്വമാണെന്നും കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ വ്യക്തമാക്കി. സിദ്ദിഖ് പുത്തൻപുരയിലിലെ അറിയില്ലെന്നും പി മോഹനൻ പറഞ്ഞു. അപവാദ പ്രചാരണമാണ് ബിജെപി നടത്തുന്നതെന്ന് സിപിഐ(എം) കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജനും പറഞ്ഞു. ഉടമകളുടെ രാഷ്ട്രീയം നോക്കിയല്ല വാഹനങ്ങൾ വാടകയ്ക്കെടുത്തത്. 28 ഉടമകളിൽ നിന്നായി നിരവധി വാഹനങ്ങൾ വാടകയ്ക്ക് എടുത്തെന്നും എം വി ജയരാജൻ പറഞ്ഞു. ബംഗാളിൽ നിന്ന് വന്ന പിബി അംഗങ്ങൾ ഉൾപ്പെടെ കൊച്ചി എയർപോർട്ടിൽ ഇറങ്ങിയവർക്ക് എറണാകുളം ജില്ലാ കമ്മിറ്റി തന്നെയാണ് വാഹനങ്ങൾ വാടകയ്ക്ക് തയാറാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.
English Summary: CPI (M) says Sitaram Yechury’s vehicle does not belong to criminal accused
You may like this video also