Site iconSite icon Janayugom Online

പാകിസ്ഥാനുമായുള്ള ക്രിക്കറ്റ് ബന്ധം അവസാനിപ്പിക്കണം: ഗാംഗുലി

പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനുമായുള്ള ക്രിക്കറ്റ് ബന്ധം അവസാനിപ്പിക്കണമെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി.
‘പാകിസ്ഥാനുമായുള്ള ക്രിക്കറ്റ് ബന്ധം അവസാനിപ്പിക്കേണ്ട സമയമായി. കടുത്ത നടപടികൾ എടുക്കണം. എല്ലാ വര്‍ഷവും ഇത്തരം കാര്യങ്ങള്‍ സംഭവിക്കുന്നത് തമാശയല്ല. ഭീകരതയോട് ഒരു വിട്ടുവീഴ്ചയുടേയും ആവശ്യമില്ല’- സൗരവ് ഗാംഗുലി പറഞ്ഞു. 2008ലെ മുംബൈ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ‑പാകിസ്ഥാന്‍ പര്യടനം നടന്നിട്ടില്ല. ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഇരുടീമും നേര്‍ക്കുനേര്‍ വരാറുള്ളത്. ഈ അടുത്ത് പാകിസ്ഥാൻ ആതിഥേയത്വം വഹിച്ച ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ മത്സരങ്ങളെല്ലാം ദുബായിലാണ് നടന്നത്. പാകിസ്ഥാനിലേക്ക് പോകാന്‍ തയ്യാറല്ലെന്ന് ഐസിസിക്ക് മുമ്പില്‍ ബിസിസിഐ അറിയിച്ചതോടെയാണ് ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായില്‍ നടന്നത്. 

ഇനി ഇന്ത്യയിലേക്കെത്തി ഐസിസി ടൂര്‍ണമെന്റുകളില്‍ പോലും കളിക്കാന്‍ തയ്യാറല്ലെന്ന് പാകിസ്ഥാന്‍ അറിയിച്ചുകഴിഞ്ഞു. ഇതോടെ ഈ വര്‍ഷം ഇന്ത്യയില്‍ നടക്കാനിരിക്കുന്ന വനിതാ ഏകദിന ലോകകപ്പില്‍ പാകിസ്ഥാന്റെ മത്സരങ്ങള്‍ മാത്രം മറ്റു വേദികളില്‍ നടത്തിയേക്കും. അടുത്ത വര്‍ഷം ടി20 പുരുഷ ലോകകപ്പും ഇന്ത്യയിലാണ് നടക്കുക. 

Exit mobile version