Site icon Janayugom Online

രാജ്യത്ത് നടക്കുന്നത് സാംസ്കാരിക ഹത്യ: സച്ചിദാനന്ദന്‍

നമ്മുടെ രാജ്യത്ത് ഇന്ന് നടക്കുന്നത് സാംസ്കാരിക ഹത്യയാണെന്ന് കേരളസാഹിത്യ അക്കാദമി പ്രസിഡന്റ് പ്രഫ. കെ സച്ചിദാനന്ദന്‍ പറഞ്ഞു. ഇന്ത്യയെന്ന സ്വപ്നത്തെ, വൈവിധ്യത്തെ സമ്പൂര്‍ണ്ണമായും തകര്‍ക്കുകയാണ് ഭരണാധികാരികള്‍ ചെയ്യുന്നത്. ഏതെങ്കിലും ഒരു മതത്തിന്റെ മാത്രം സൃഷ്ടിയായി, ഏക ശില്‍പമായി രാജ്യത്തെ മാറ്റാനാണ് ഇവര്‍ ശ്രമിക്കുന്നത്. ഈ സങ്കുചിതമായ ദേശീയ സങ്കല്‍പത്തെ ആധുനിക എഴുത്തുകാര്‍ ചോദ്യം ചെയ്യുന്നുണ്ട്. ഇന്ത്യയില്‍ സ്വാതന്ത്ര്യാനന്തരം നടന്ന മനുഷ്യത്വനഷ്ടത്തിന്റെ അസംതൃപ്തിയുടെ രേഖകളായിരുന്നു ആധുനിക സാഹിത്യം. മനുഷ്യര്‍ മൃഗവല്‍ക്കരിക്കപ്പെടുന്നതിന്, മനുഷ്യര്‍ക്ക് സ്വത്വം നഷ്ടപ്പെടുന്നതിന്, മനുഷ്യര്‍ ഇരകളായി മാറപ്പെടുന്നതിന് പ്രതിരോധം സൃഷ്ടിക്കാന്‍ ആധുനിക സാഹിത്യം ശ്രമിച്ചിട്ടുണ്ടെന്നും സച്ചിദാനന്ദന്‍ അഭിപ്രായപ്പെട്ടു. കേരളസാഹിത്യഅക്കാദമി, കടപ്പാക്കട സ്പോര്‍ട്സ് ക്ലബ്ബ്, കാക്കനാടന്‍ ഫൗണ്ടേഷന്‍ എന്നിവ സംയുക്തമായി സംഘടിപ്പിച്ച കാക്കനാടന്‍ അനുസ്മരണ സമ്മേളനത്തില്‍ ഇന്ത്യന്‍ സാഹിത്യം ‑ആധുനികതയും അനന്തരവും എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ആധുനിക സാഹിത്യം മലയാളത്തിലേക്ക് വന്നത് എഴുത്തുകാരുടെ പ്രവാസി ജീവിതത്തിലൂടെയാണ്. കേരളം വിട്ട് മഹാനഗരങ്ങളിലേക്ക് ചേക്കേറിയ എഴുത്തുകാരായ മുകുന്ദനും കാക്കനാടനും എം പി നാരായണപിള്ളയും ഒ വി വിജയനും ആനന്ദും അടങ്ങിയ തലമുറയാണ് മലയാളത്തിലേക്ക് ആധുനികത കൊണ്ടുവന്നത്. ഇതില്‍ പ്രധാനിയായിരുന്നു കാക്കനാടന്‍. ജീവിതത്തിന്റെ വൈരുദ്ധ്യങ്ങളെ നേരിടുന്ന ഭാഷാശൈലി അദ്ദേഹത്തിനുണ്ടായിരുന്നു. വ്യാവസായിക നാഗരിക ജീര്‍ണതകള്‍ക്കെതിരായ ഒരാശയം കാക്കനാടന്‍ തന്റെ നോവിലുകളില്‍ ആവിഷ്ക്കരിച്ചു. മുതലാളിത്തം കൊണ്ടുവരുന്ന സ്വാര്‍ത്ഥതക്കിതെരേയും അത്യാര്‍ത്തിക്കെതിരേയുമുള്ള വിമര്‍ശനമായിരുന്നു കാക്കനാടന്റെ കൃതികള്‍. വ്യാവസായിക നാഗരികതയെ അഥവാ മുതളാലിത്തം കൊണ്ടുവന്ന ആര്‍ത്തിയിലധിഷ്ഠിതമായ നാഗരിക സംസ്കാരത്തെ അദ്ദേഹം ചോദ്യം ചെയ്തു. നീതിയും അനീതിയും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ ആ സാഹിത്യജീവിതത്തിലുണ്ടായിരുന്നു. എല്ലാത്തരം സ്ഥാപനങ്ങള്‍ക്കും എതിരേ നിന്ന എഴുത്തുകാരനായിരുന്നു കാക്കനാടനെന്ന് അദ്ദേഹം അനുസ്മരിച്ചു.
ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എം എ ബേബി ആമുഖപ്രഭാഷണവും പ്രഫ. കെ ജയരാജന്‍ അനുസ്മരണ പ്രഭാഷണവും നടത്തി. ആര്‍ എസ് ബാബു, കെ ഭാസ്ക്കരന്‍, ആശ്രാമം ഭാസി, ടി മോഹനന്‍, ബിജു നെട്ടറ, ബാബു കെ പന്മന എന്നിവര്‍ സംസാരിച്ചു. ഫൗണ്ടേഷന്‍ സെക്രട്ടറി രാധ കെ സ്വാഗതവും എന്‍ വിജയധരന്‍ കൃതജ്ഞതയും പറഞ്ഞു.

Exit mobile version