വിയറ്റ്നാമിൽ ആഞ്ഞടിച്ച യാഗി ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 140 കടന്നു. കാറ്റിനെത്തുടർന്നുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലുമാണ് ആളുകള്‍ക്ക് ജീവന്‍ നഷ്ടമായത്. നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേറ്റു. നിരവധിപ്പേരെ കാണാതായിട്ടുണ്ട്. നിരവധി വീടുകളും കെട്ടിടങ്ങളും വെള്ളത്തില്‍ മുങ്ങിയ നിലയിലാണ്. ഹനോയിയിൽ നിന്നും മാത്രം ആയിരത്തിലധികം പേരെ ഒഴിപ്പിച്ചു.
ഏഷ്യയിലെ ഈ വർഷത്തെ ഏറ്റവും തീവ്രതയേറിയ ചുഴലിക്കാറ്റായ യാഗിയാണ് വിയറ്റ്‌നാമിന്റെ വടക്കൻ പ്രദേശങ്ങളിൽ തീരംതൊട്ടത്. ഹായ് ഫോങ്, ക്വാങ് നിങ് പ്രദേശങ്ങളിൽ മണിക്കൂറിൽ 203 കിലോമീറ്റർ വേഗതയിലാണ് ചുഴലിക്കാറ്റ് പ്രവേശിച്ചത്. നിവലിൽ കാറ്റ് പടിഞ്ഞാറൻ ഭാഗങ്ങളിലേക്ക് നീങ്ങുകയാണ്. കാറ്റിനെത്തുടർന്ന് വിയറ്റ്നാമിൽ മണ്ണിടിച്ചിലും രൂക്ഷമായിരുന്നു.
വെള്ളിയാഴ്‌ച തെക്കൻ ചൈനയിലെ ഹൈനാൻ ദ്വീപിലൂടെ കടന്നുപോയ ചുഴലിക്കാറ്റിൽ എട്ടുലക്ഷത്തിലധികം പാർപ്പിടങ്ങൾ തകർന്നു. കാവോ വാങ് പ്രവിശ്യയിൽ 20 യാത്രക്കാരുമായി പോയ ബസ് ഒലിച്ചു പോയി. ശക്തമായ വെള്ളപ്പൊക്കത്തെത്തുടർന്ന് ഫുതോ പ്രവിശ്യയിൽ പാലം തകർന്നു.
തെക്കൻ ചൈനാക്കടലിൽ ഓഗസ്ത് 30ന് രൂപംകൊണ്ട യാഗി ഫിലിപ്പീന്‍സിലാണ് ആദ്യം തീരംതൊട്ടത്. ഇവിടെ 16 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. നിരവധിപ്പേരെ കാണാതായിട്ടുണ്ട്. കാലാവസ്ഥാവ്യതിയാനം മൂലം സമുദ്രത്തിൽ താപനില ഉയരുന്നതാണ് കടുത്ത ചുഴലിക്കാറ്റുകൾക്ക് കാരണമെന്ന് കാലാവസ്ഥാ വിദഗ്ധർ ചൂണ്ടിക്കാട്ടി.