വർഷങ്ങൾക്ക് മുമ്പ് കോഴിക്കോട്ടുകാരായ എം വിനീഷ്, എം പ്രബീഷ് എന്നിവർ ചേർന്ന് ‘തീ കുളിക്കും പച്ചൈ മരം’ എന്ന സിനിമയൊരുക്കുന്ന സമയം. പ്രജിൻ നായകനായ ചിത്രത്തിന്റെ പോസ്റ്റർ ഡിസൈൻ ചെയ്യാൻ തീരുമാനിച്ചിരുന്ന വ്യക്തി വരാതിരുന്നപ്പോഴാണ് അണിയറ പ്രവർത്തകർ മനു ഡാവിഞ്ചിയെ പോസ്റ്ററുകൾ ഒരുക്കാൻ ഏൽപ്പിച്ചത്. ചിത്രങ്ങൾ വരക്കുമായിരുന്നെങ്കിലും പോസ്റ്റർ ഡിസൈൻ ചെയ്ത് മനുവിന് പരിചയമുണ്ടായിരുന്നില്ല. എന്നാൽ മോർച്ചറി ജീവനക്കാരനായ മനുഷ്യന്റെ ജീവിതം പറയുന്ന സിനിമയുടെ മനു ഒരുക്കിയ പോസ്റ്ററുകൾ ശ്രദ്ധേയമായി. തുടർന്ന് കസ്തൂരിരാജ സംവിധാനം ചെയ്ത തമിഴ് ചിത്രത്തിന്റെ പോസ്റ്റർ ഡിസൈൻ ചെയ്തു. ഇന്ദ്രജിത്തിനെ നായകനാക്കി ജി എൻ കൃഷ്ണകുമാർ സംവിധാനം ചെയ്ത ’ കാഞ്ചി’ എന്ന ചിത്രത്തിലൂടെയാണ് കൊയിലാണ്ടി പലക്കുളം മണപ്പുറത്തെ മനു ഡാവിഞ്ചി മലയാള സിനിമയിലേക്കെത്തുന്നത്. തുടർന്നിങ്ങോട്ട് മനുവിന്റെ കരസ്പർശത്തിലൊരുങ്ങിയത് ഇരുന്നൂറിലധികം ചിത്രങ്ങളുടെ മനോഹര പോസ്റ്ററുകൾ.
അനാർക്കലി, ജോ ആന്റ് ജോ, പ്രകാശൻ പറക്കട്ടെ, ടിയാൻ, ഓളം, തിരുമാലി, മൈം നേം ഈസ് അഴകൻ, പഴഞ്ചൻ പ്രണയം, തേര്, ജിബൂട്ടി, ചെക്കൻ, മുകൾപ്പരപ്പ്, എൽ എൽ ബി, മൃദു ഭാവേ ദൃഢ കൃത്യേ, കുറിഞ്ഞി എന്നിങ്ങനെ നീളുന്നു മനു പോസ്റ്റർ ഒരുക്കിയ ചിത്രങ്ങൾ. അടുത്തിടെ പ്രഭുദേവ നായകനായ പേട്ടറാപ്പ് എന്ന ചിത്രത്തിന്റെ പോസ്റ്ററും ഒരുക്കി. സച്ചി സംവിധാനം ചെയ്ത അനാർക്കലിയുടെ പോസ്റ്ററാണ് തനിക്ക് ഏറെ പ്രശംസ നേടിത്തന്നതെന്ന് മനു പറയുന്നു.
രജനീകാന്തിന്റെ ജയിലർ, ചിറ്റ, നദികളിൽ സുന്ദരി യമുന, ജാനകി ജാനേ, രജനി ഉൾപ്പെടെയുള്ള ചിത്രങ്ങളുടെ ഓൺലൈൻ പ്രമോഷൻ പോസ്റ്ററുകളും മനു തയ്യാറാക്കിയിട്ടുണ്ട്. രണ്ടര മണിക്കൂറുകളോളം നീളുന്ന സിനിമയിലേക്ക് പ്രേക്ഷകനെ ആദ്യമായി അടുപ്പിക്കുന്നത് പോസ്റ്ററുകളാണ്. ഒറ്റ നോട്ടത്തിൽ തന്നെ സിനിമയിലേക്ക് ആളുകളുടെ ശ്രദ്ധ ആകർഷിക്കാൻ കഴിയണം. സിനിമയുടെ സ്വഭാവത്തോടും പ്രമേയത്തോടും അത് ചേർന്നു നിൽക്കുകയും വേണമെന്ന് മനു പറയുന്നു.
മുമ്പ് വർണ ചിത്രങ്ങളായി മതിലിൽ പതിച്ച പോസ്റ്ററുകളിൽ നിന്ന് താരങ്ങൾ പ്രേക്ഷകരെ നോക്കി പുഞ്ചിരിച്ചു. എന്നാൽ ഡിജിറ്റൽ കാലഘട്ടത്തിൽ പോസ്റ്റർ റിലീസിംഗ് പോലും സോഷ്യൽ മീഡിയയിൽ ഒരാഘോഷമാണ്. സോഷ്യൽ മീഡിയ സജീവമായ കാലത്ത് പോസ്റ്റർ കൂടുതൽ ആളുകളിലേക്കെത്തുന്നുണ്ടെന്ന് മനു പറയുന്നു. സിനിമ കാണാൻ ആളുകളെ പ്രേരിപ്പിക്കുന്ന രീതിയിൽ പോസ്റ്ററുകൾ തയ്യാറാക്കുകയെന്നത് വെല്ലുവിളി നിറഞ്ഞ കാര്യമാണ്.
കഥ കേട്ടിട്ടാണ് പോസ്റ്റർ ഒരുക്കുന്ന ജോലിയിലേക്ക് കടക്കുന്നത്. ചില സംവിധായകർ സ്ക്രിപ്റ്റ് അയച്ചു തരും. തുടർന്ന് സംവിധായകനോടും മറ്റ് അണിയറ പ്രവർത്തകരോടും സംസാരിച്ച് കാര്യങ്ങൾക്ക് വ്യക്തത വരുത്തും. അവരുടെ അഭിപ്രായങ്ങൾ കൂടി കേട്ട ശേഷമാണ് ആശയം രൂപപ്പെടുത്തുക. സ്റ്റിൽ ഫോട്ടോഗ്രാഫർ എടുക്കുന്ന ചിത്രങ്ങൾ തിരക്കഥയുമായി യോജിക്കുന്ന രീതിയിൽ അക്ഷരങ്ങളും നിറവും പാകപ്പെടുത്തിയാണ് പോസ്റ്ററുകൾ ഒരുക്കുകയെന്നും മനു വ്യക്തമാക്കുന്നു.
ഡിജിറ്റൽ ഫ്ലാറ്റ് ഫോമിൽ പോസ്റ്ററുടെ സ്വഭാവംതന്നെ മാറിയിട്ടുണ്ട്. സാങ്കേതിക വിദ്യ മാറുമ്പോഴും അടിസ്ഥാനപരമായി പോസ്റ്ററുകൾ സിനിമയോട് ചേർന്നു നിൽക്കണം. നമ്മുടേതായ കയ്യൊപ്പ് അതിലുണ്ടാവണം. സിനിമയുടെ ആത്മാവ് പോസ്റ്ററിൽ ഇല്ലെങ്കിൽ അത് ശ്രദ്ധിക്കപ്പെടില്ലെന്നും മനു പറയുന്നു. വളരെയധികം പ്രതിഭ ആവശ്യമുള്ള ജോലിയാണെങ്കിലും പോസ്റ്റർ ഡിസൈനിംഗിനെ അവാർഡുകളിലൊന്നും പരിഗണിക്കാത്തതിൽ മനുവിന് വിഷമമുണ്ട്. സിനിമയിലേക്ക് പ്രേക്ഷകരെ ആകർഷിക്കുന്ന പോസ്റ്റർ ഡിസൈനിംഗിനെ സിനിമാ അവാർഡുകളിൽ പരിഗണിക്കുന്നില്ലെന്നത് അംഗീകരിക്കാനാവില്ല. ആളുകളുടെ അഭിനന്ദനം മാത്രമാണ് തന്നെപ്പോലുള്ളവരുടെ ആശ്വാസമെന്നും മനു ഡാവിഞ്ചി പറഞ്ഞു. ധ്യാൻ ശ്രീനിവാസനെ നായകനാക്കി അഖിൽ കാവുങ്കൽ ഒരുക്കുന്ന ജോയ് ഫുൾ എൻജോയ്, ധ്യാൻ ശ്രീനിവാസന്റെ പേരിട്ടിട്ടില്ലാത്ത ചിത്രം, ഒമർ ലുലു ചിത്രം എന്നിവയുടെ പോസ്റ്ററുകളാണ് മനു ഇപ്പോൾ ഒരുക്കുന്നത്.
കൊച്ചി കേന്ദ്രീകരിച്ചാണ് മനു പോസ്റ്റർ ഡിസൈൻ നടത്തുന്നത്. പിതാവ്: ഹരിദാസൻ. മാതാവ്: ഉഷ. കൊയിലാണ്ടി ആന്തട്ട സ്കൂളിലെ അധ്യാപിക അനിലയാണ് ഭാര്യ. മകൻ. ധ്രുപത്.