Site iconSite icon Janayugom Online

പശുക്കളുമായി ഒരു മുറിയില്‍ ഒരുമിച്ച് കഴിയുന്ന ക്ഷീരകര്‍ഷക

അടുക്കളയിലിരുന്നു ഉഷാദേവി നീട്ടി വിളിക്കും മോളെ കല്ലു.… ഇവിടെ വരു. ബിസ്ക്കറ്റ് തരാം. ഇത് കേട്ട് കുറുമ്പിയായ കല്ലു ഓടിയെത്തും. ചേർത്തല തെക്ക് പഞ്ചായത്ത് അഞ്ചാം വാർഡിൽ ഷാനി നിവാസിൽ ഉഷാദേവി (71) യാണ് വ്യത്യസ്തയായ ഈ ക്ഷീര കര്‍ഷക. പശുക്കളെയും കിടാരികളെയും മക്കളെ പോലെ ഊട്ടിവളർത്തി അവയ്ക്കൊപ്പം ഒരേ മുറിയിലാണ് ഉഷയുടെ താമസവും.
പശുക്കള്‍ക്ക് ഭക്ഷണം നല്‍കുന്നതിനൊപ്പം ടിവി കാണിക്കുകയും പാട്ടുപാടിക്കൊടുക്കുകയും ചെയ്യും. ശേഷം ഇവരുമൊത്ത് തന്നെയാണ് ഉഷ ഉറങ്ങുന്നതും. പാരമ്പര്യമായി പശുവളർത്തൽ ഉള്ള വീട്ടിൽ നിന്നാണ് ഉഷാദേവി ഭർത്താവിന്റെ വീട്ടിലെത്തിയത്. 

മിശ്രവിവാഹമായിരുന്നു ഇവരുടേത്. സ്വകാര്യ ബസ് സർവീസ് നടത്തിയിരുന്ന ഭർത്താവ് സദാശിവൻ 2005 നവംബർ 13 ന് മരിച്ചു. ഇതോടെ ജീവിതം വഴിമുട്ടിയതോടെ ഉഷാദേവി ഒറ്റപ്പെടലിൽ നിന്ന് ആശ്വാസം കണ്ടെത്തിയത് പശുവളർത്തലിലായിരുന്നു. നിലവിൽ അഞ്ച് പശുക്കളുണ്ടെങ്കിലും ഒരു പശുവിന് മാത്രമാണ് കറവയുള്ളത്. കൊഴുപ്പ് തീരെ കുറവായതിനാല്‍ പാ­ല്‍ വില്‍ക്കുന്നില്ല. കിട്ടുന്ന പാല് വീട്ടിലെത്തുന്ന പട്ടികൾക്കും പൂച്ചയ്ക്കുമായി നൽകും. തുച്ഛമായി കിട്ടുന്ന പെൻഷൻ തുക കൊണ്ട് വൈക്കോലും കാലിതീറ്റകളും വാങ്ങാന്‍ പോലും തികയില്ല. ലോട്ടറി കച്ചവടം നടത്തിയാണ് ഉഷ മറ്റ് ചിലവുകൾക്ക് വേണ്ടി പണം കണ്ടെത്തുന്നത്. 

2015ൽ ചേർത്തല തെക്ക് പഞ്ചായത്തിന്റെ ആദരവും ആ വർഷം തന്നെ ക്ഷീരകർഷക അവാർഡും ഉഷാദേവിയെ തേടിയെത്തിയിരുന്നു. മഴക്കാലമായാൽ വീടിന് ചുറ്റും മഴ വെള്ളം കെട്ടി കിടക്കുന്നതു മൂലം പശുക്കളെ പുറത്തേയ്ക്ക് പോലും കൊണ്ടുപോകാൻ പറ്റാത്ത അവസ്ഥയാണ്. കൃഷി മന്ത്രി പി പ്രസാദിനോട് ഉഷാദേവി അവസ്ഥകൾ ധരിപ്പിച്ചിട്ടുണ്ട്. പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് ഈ ക്ഷീര കര്‍ഷക.

ENGLISH SUMMARY: Dairy farmer liv­ing togeth­er in a room with cows
You may also like this video

Exit mobile version