കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയുടെ പുതിയ പരിശീലകനായി ഡേവിഡ് കറ്റാല. യൂറോപ്യൻ ഫുട്ബോളിൽ ദീർഘകാല അനുഭവ സമ്പത്തുള്ള സ്പാനിഷ് ഫുട്ബോൾ താരമായിരുന്ന കറ്റാല ഉടൻ തന്നെ ചുമതലയേൽക്കും. ഒരു വർഷ കരാറാണ് ബ്ലാസ്റ്റേഴ്സുമായി ഒപ്പുവച്ചിരിക്കുന്നത്. സ്പെയിൻ, സൈപ്രസ് രാജ്യങ്ങളിലായി 500ലേറെ പ്രൊഫഷണൽ ഫുട്ബോൾ മത്സരങ്ങളിൽ ഈ മുൻ മധ്യനിര പ്രതിരോധ താരം കളിച്ചിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയുടെ ഭാഗമാകാൻ സാധിച്ചതിൽ ഏറെ അഭിമാനമുണ്ടെന്നു കറ്റാല പറഞ്ഞു.
വിജയങ്ങളിലേക്കുള്ള ക്ലബ്ബിന്റെ യാത്രയിൽ ഇനി ഒരുമിച്ച് മുന്നേറുമെന്നും ഡേവിഡ് കറ്റാല പറഞ്ഞു. നിശ്ചയദാർഢ്യവും, സമ്മർദ സാഹചര്യങ്ങളെ അതിജീവിക്കുവാൻ സാധിക്കുകയും ചെയ്യുന്ന ഒരാൾക്ക് മാത്രമേ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയെപ്പോലുള്ള ഒരു ക്ലബ്ബിനെ മുന്നിൽ നിന്ന് നയിക്കുവാൻ സാധിക്കുകയുള്ളു. ഡേവിഡ് കറ്റാലയ്ക്ക് അത് സാധ്യമാകുമെന്ന് വിശ്വസിക്കുന്നുവെന്നും കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി സിഇഒ അഭിക് ചാറ്റർജി പറഞ്ഞു.
സൂപ്പർ കപ്പിന് തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിനൊപ്പം ചേരാൻ കറ്റാല ഉടൻ കൊച്ചിയിലെത്തും.