Site iconSite icon Janayugom Online

സുബീൻ ഗാർഗിന്റെ മരണം; ബന്ധുവായ അസം ഡിഎസ്‌പി അറസ്റ്റില്‍

ഗായകൻ സുബീൻ ഗാർഗിന്റെ മരണവുമായി ബന്ധപ്പെട്ട് ബന്ധുവും അസം പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ടുമായ സന്ദീപൻ ഗാർഗ് അറസ്റ്റിൽ. സിംഗപ്പൂരിൽ സുബീന്റെ കൂടെ സന്ദീപനും ഉണ്ടായിരുന്നതായി പ്രത്യേക അന്വേഷണസംഘത്തിന് നേതൃത്വം നല്‍കുന്ന ഡിജിപി മുന്ന പ്രസാദ് ഗുപ്ത പറഞ്ഞു. ഇതോടെ സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.
സന്ദീപൻ ഗാർഗിനെ അന്വേഷണ സംഘം രണ്ട് തവണ ചോദ്യം ചെയ്തിരുന്നു. ചില പൊരുത്തക്കേടുകള്‍ കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ സിംഗപ്പുരില്‍ എത്തിയ സുബീന്‍ ഗാര്‍ഗിനൊപ്പം ബന്ധുവായ സന്ദീപനും ഉണ്ടായിരുന്നു. സന്ദീപന്റെ ആദ്യവിദേശയാത്രയായിരുന്നു ഇത്. സുബിനും സംഘവും സഞ്ചരിച്ചിരുന്ന നൗകയില്‍ സന്ദീപനും ഒപ്പമുണ്ടായിരുന്നെന്ന് അന്വേഷണസംഘം വ്യക്തമാക്കി. സുബീന്റെ മരണശേഷം അദ്ദേഹത്തിന്റെ ചില സാധനങ്ങള്‍ നാട്ടിലേക്ക് തിരികെ കൊണ്ടുവന്നതും ഇയാളായിരുന്നുവെന്ന് ഡിജിപി പറഞ്ഞു.
നേരത്തെ നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവൽ മുഖ്യ സംഘാടകൻ ശ്യാംകാനു മഹന്ത, ഗായകന്റെ മാനേജർ സിദ്ധാർത്ഥ് ശർമ്മ, അദ്ദേഹത്തിന്റെ രണ്ട് ബാൻഡ് അംഗങ്ങളായ ശേഖർ ജ്യോതി ഗോസ്വാമി, അമൃത് പ്രഭ മഹന്ത എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. സെപ്റ്റബ്ബര്‍ 19 നാണ് കടലില്‍ നീന്തുന്നതിനിടെ സുബിൻ ഗാര്‍ഗ് മരിക്കുന്നത്. എന്നാൽ മരണത്തിൽ ദുരൂഹതകൾ ഉണ്ടെന്ന് ആരോപണങ്ങള്‍ ഉയർന്നു. പിന്നാലെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയായിരുന്നു.
സുബിന്റെ മരണം ആസൂത്രിതമാണെന്ന് സഹപ്രവർത്തകൻ ശേഖർ ജ്യോതി ഗോസ്വാമി മൊഴിനല്‍കിയിരുന്നു. ശ്യാംകാനു മഹന്ത, സിദ്ധാർത്ഥ് ശർമ എന്നിവർ ഗാർഗിന് വിഷം നൽകിയെന്നും ഗൂഢാലോചന മറച്ചുവെക്കാൻ മനപൂർവം സിംഗപ്പൂർ തെരഞ്ഞെടുത്തതാണെന്നും ഗോസ്വാമിയുടെ മൊഴിയിൽ പറയുന്നു. ഒക്ടോബർ പത്തിന് മുമ്പായി ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ടുകൾ ലഭിക്കുമെന്നും അതോടെ വ്യക്തമായ കാരണങ്ങൾ കണ്ടെത്താൻ കഴിയുമെന്നും പൊലീസ് പറഞ്ഞു. 

Exit mobile version