Site iconSite icon Janayugom Online

വാങ്കഡെയില്‍ മരണക്കളി; പ്ലേ ഓഫിനായി ഡല്‍ഹിയും മുംബൈയും

ഐപിഎല്ലില്‍ നാളെ മരണക്കളി. പ്ലേ ഓഫിലേക്ക് ഒഴിവുള്ളത് ഒരു സീറ്റ്. പോരാട്ടം മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മില്‍. ഇരുടീമിനും രണ്ട് മത്സരം ബാക്കി നില്‍ക്കെ പരസ്പരം നാളെ കൊമ്പുകോര്‍ക്കും. മുംബൈക്കാണ് ഇതില്‍ സാധ്യത കൂടുതല്‍. വിജയം മുംബൈക്കൊപ്പമാണെങ്കില്‍ ഡല്‍ഹി പുറത്താകും. ഇനി ഡല്‍ഹി വിജയിച്ചാല്‍ അവസാന മത്സരത്തില്‍ കൂടി വിജയം നേടേണ്ടി വരും. ഇരുടീമും തമ്മിലുള്ള തീപാറും പോരാട്ടം നാളെ രാത്രി 7.30ന് വാങ്കഡെ സ്റ്റേഡിയത്തില്‍ നടക്കും. 12 കളിയില്‍ 14 പോയിന്റുമായി മുംബൈ നാലാമതും 13 പോയിന്റുമായി ഡല്‍ഹി ക്യാപിറ്റല്‍സ് തൊട്ടുപിന്നിലുമാണ്. 

രണ്ടും ജയിച്ചാല്‍ മുംബൈക്ക് 18 പോയിന്റാവും. 13 പോയിന്റുളള ഡല്‍ഹി ക്യാപിറ്റല്‍സിന് ഇനിയുള്ള രണ്ട് മത്സരങ്ങള്‍ ജയിക്കുക മാത്രമല്ല, മുംബൈ രണ്ട് മത്സരങ്ങളും തോല്‍ക്കുകയും വേണം. ഗുജറാത്ത് ടൈറ്റന്‍സ് 10 വിക്കറ്റിന് ഡല്‍ഹിയെ തകര്‍ത്തപ്പോഴാണ് പഞ്ചാബ് കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവും പ്ലേ ഓഫില്‍ പ്രവേശിച്ചത്. പഞ്ചാബിനും ബംഗളൂരുവിനും 17 വീതം പോയിന്റാണെങ്കിലും മികച്ച റൺറേറ്റിന്റെ അടിസ്ഥാനത്തിൽ ബംഗളൂരു രണ്ടാംസ്ഥാനത്തുണ്ട്. 12 കളിയില്‍ ഒമ്പതാം ജയത്തോടെ ഗുജറാത്ത് 18 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 2014ന് ശേഷം പഞ്ചാബിന്റെ ആദ്യ പ്ലേ ഓഫ് പ്രവേശനമാണിത്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ബംഗളൂരുവിന്റെ അഞ്ചാം പ്ലേ ഓഫ് പ്രവേശനമാണ്. 

സണ്‍റൈസേഴ്സ് ഹൈദരാബാദിനോട് പരാജയപ്പെട്ടതോടെ ലഖ്നൗ സൂപ്പര്‍ ജയന്റ്സിന്റെ പ്ലേ ഓഫ് പ്രതീക്ഷ അവസാനിച്ചിരുന്നു. ഇതോടെയാണ് പ്ലേ ഓഫ് കടമ്പയിലെത്താന്‍ മുംബൈയും ഡല്‍ഹിയും മാത്രമായത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ചെന്നൈ സൂപ്പര്‍ കിങ്സ്, രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകള്‍ നേരത്തെ പുറത്തായിരുന്നു.

Exit mobile version