മുപ്പത്തേഴാണ്ടപ്പുറമന്നാള്‍
ഏപ്രില്‍ മുപ്പത് പുലരുമ്പോള്‍
എന്തിനു ധീരസഖാക്കള്‍ നിങ്ങള്‍
ചെഞ്ചുടുചോര ചൊരിഞ്ഞു- നിങ്ങള്‍
ചെഞ്ചുടുചോര ചൊരിഞ്ഞു
കതിരവനന്നു കിഴക്കന്‍ വിണ്ണില്‍
അരുണിമ വിതറും മുമ്പെ
സംഗരഭൂമിയില്‍ ഹൃദ്രക്തത്താല്‍
കുങ്കുമതിലകം ചാര്‍ത്തി നിങ്ങള്‍
കുങ്കുമ തിലകം ചാര്‍ത്തി
അടിമത്തത്തിന്നറുതി വരുത്താന്‍
കര്‍ഷകനിത്തിരി മണ്ണുലഭിക്കാന്‍
കാളുംവയറിനൊരല്പം കഞ്ഞി
നാണംമാറ്റാന്‍ ഉടുതുണി മാറാന്‍
സ്വാതന്ത്ര്യപ്പുതു പുലരിയില്‍ നിങ്ങള്‍
ചോദിച്ചതിനോ വെടിയുണ്ട!
യാതനകള്‍ക്കും വേദനകള്‍ക്കും
ജീവിതമാകെ സമര്‍പ്പിച്ചവരെ
അടിച്ചമര്‍ത്തി വാഴാനല്ലെ
അന്നധികാരികള്‍ മോഹിച്ചു
പുത്തന്‍ ഭരണാധിപരന്നാശിച്ചു
കാക്കിയും ഖാദിയുമൊന്നിച്ചുരുമ്മി
തോക്കുംവടിയും ചുടുനിണം ചീന്തി
നാട്ടിലും മേട്ടിലും നാട്ടുവഴിയിലും
ലോക്കപ്പിലും കൊടും മര്‍ദ്ദനങ്ങള്‍
പ്രതിഷേധത്തിനു നേരെ നിരോധനം
പ്രതിരോധിക്കാനെന്തുവഴി
തോക്കിനുപകരമുയര്‍ന്നു മുഷ്ടി
തോട്ടകള്‍ ചിന്നിച്ചിതറിപ്പോയ്
വിരിമാര്‍കാട്ടി മുന്നോട്ടോടി
നിറതോക്കുകളോ പിന്‍മാറി
തോട്ടകള്‍ തീര്‍ന്നോ? ബയണറ്റല്ലോ
നീട്ടിവരുന്നു ചെകുത്താന്‍മാര്‍
പെട്ടന്നവയും തട്ടിയകറ്റാന്‍
ചാട്ടുളിപോലെ കുതിച്ചു നിങ്ങള്‍-
ചാട്ടുളിപോലെ കുതിച്ചു
നെയ്യുന്നോരും കൊയ്യുന്നോരും
സംഘംചേര്‍ന്നവരാണെന്നോ
ചെങ്കൊടിയേന്തി സ്വന്തം മോചന-
മാര്‍ഗംകണ്ടവരാണെന്നോ
ഓര്‍ത്തില്ലാരും ഒഞ്ചിയമൊന്നാ-
ണൊത്തണിചേര്‍ന്നൊരു നാടെന്നും
ഓര്‍ക്കാപ്പുറമാണെന്നാല്‍പ്പോലും
കാക്കിപ്പടയെ വിടില്ലെന്നും
ഒഞ്ചിയമിന്നും ജീവിയ്ക്കുന്നു
സഞ്ചിത വിപ്ലവ വീര്യാവേശം
ഒഞ്ചിയമെന്നും പുതുചരിതത്തില്‍
പുഞ്ചിരിപൂക്കും രോമാഞ്ചം
നിങ്ങള്‍വെടിഞ്ഞോരുയിര്‍വാതത്തില്‍
നിന്നുകൊളുത്തിയ ദീപശിഖ
എന്നും ഞങ്ങളെ മുന്നില്‍ വെളിച്ചം
തന്നു നയിക്കും ദീപശിഖ
തലമുറ തലമുറ കൈമാറും നാം
പൊന്നല ചിതറും ദീപശിഖ
(ഒഞ്ചിയം സമരസേനാനിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവുമായിരുന്ന എം കുമാരന്‍ മാസ്റ്റര്‍ 1985ല്‍ എഴുതിയ കവിത. പാര്‍ട്ടിവേദികളില്‍ ഗാനമായും സംഗീതശില്പമായുമെല്ലാം ഇത് നിരവധി തവണ അവതരിപ്പിച്ചിട്ടുണ്ട്)
*****
കുറ്റപത്രം
അറസ്റ്റ് വെട്ടിച്ച് ഒളിവില്‍ കഴിയുന്ന ഏതാനും പ്രധാനപ്പെട്ട കമ്മ്യൂണിസ്റ്റുകാര്‍ മണ്ടോടി കണ്ണന്റെ വീട്ടിലും ഒഞ്ചിയത്തുള്ള പുളിയുള്ളതില്‍ ചോയി, അയാളുടെ മകന്‍ കണാരന്‍ എന്നിവര്‍ക്ക് അവകാശപ്പെട്ട ഒരു ഒഴിഞ്ഞ വീട്ടിലും ഒളിച്ചിരിക്കുന്നു എന്ന വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ വടകര പൊലീസ് സബ് ഇന്‍സ്പെക്ടര്‍ എച്ച് സി 667, പി സി 1153, ഒരു എംഎസ്‌പി പാര്‍ട്ടി എന്നിവരോടൊപ്പം ഇന്ന് അതിരാവിലെ സൂര്യോദയ സമയത്ത് ഒഞ്ചിയത്ത് എത്തി. ഞാന്‍ ആദ്യം മണ്ടോടി കണ്ണന്റെ വീട് പരിശോധിച്ചു. ഈ വീട് കമ്മ്യൂണിസ്റ്റുകാര്‍ പി ആര്‍ സ്‌ക്വയര്‍ എന്ന് വിളിക്കുന്ന ഒരു ചെറിയ കുന്നിന് പുറത്താണ് സ്ഥിതി ചെയ്യുന്നത്. ഞാന്‍ പുലര്‍ച്ചെ നാലേകാല്‍ മണിക്ക് ചോയിയുടെ ഒഴിഞ്ഞ വീട് പരിശോധിക്കാന്‍ വേണ്ടി വീട്ടിനടുത്തേക്ക് നീങ്ങിയപ്പോള്‍ വീട്ടിനുള്ളില്‍ ഒരു ചെറിയ വിളക്ക് പ്രകാശിക്കുന്നത് കണ്ടു. പുളിയുള്ളതില്‍ ചോയിയും കണാരനും വരാന്തയില്‍ നില്‍ക്കുന്നുണ്ടായിരുന്നു. ഞാന്‍ വീട് പരിശോധിക്കാന്‍ വേണ്ടി ഉള്ളിലേക്ക് കടക്കാന്‍ ശ്രമിച്ചപ്പോള്‍ ചോയിയും കണാരനും വാതിലിനടുത്തു നിന്നുകൊണ്ട് എന്നെ തടഞ്ഞു. അവര്‍ എന്റെ ശരീരത്തില്‍ തൊട്ടുകൊണ്ട് ഞാന്‍ വീട്ടിനകത്തേക്ക് കടക്കരുത് എന്ന് പറഞ്ഞു. എന്റെ ഔദ്യോഗിക ജോലി നിര്‍വഹണം തടസപ്പെടുത്തിയതിന് ഇന്ത്യന്‍ ശിക്ഷാനിയമം 353-ാം വകുപ്പ് പ്രകാരം ഞാന്‍ അവരെ 4.30ന് അറസ്റ്റ് ചെയ്തു.
ഞാന്‍ അറസ്റ്റ് ചെയ്യപ്പെട്ട പ്രതികളെ പൊലീസ് പാര്‍ട്ടിക്ക് കൈമാറുമ്പോള്‍ ആരോ പുറം വാതിലിലൂടെ വീട്ടില്‍ നിന്ന് ഓടി രക്ഷപ്പെടുന്ന ശബ്ദം കേട്ടു. എന്റെ കൂടെയുള്ള പൊലീസുകാര്‍ പിന്നാലെ ഓടിയെങ്കിലും ഫലമുണ്ടായില്ല. ഞാന്‍ വീട് പരിശോധിച്ചെങ്കിലും കുറ്റകരമായ ഒന്നും കണ്ടെത്തിയില്ല. അപ്പോഴേക്കും എം എസ് പി ക്കാര്‍ എത്തിയിട്ടുണ്ടെന്നും എല്ലാവരും സമരത്തിന് തയ്യാറാവണം എന്നും മെഗാഫോണില്‍ ഉച്ചത്തിലുള്ള പ്രഖ്യാപനം എല്ലാ ഭാഗത്തുനിന്നും മുഴങ്ങിക്കേട്ടു. ഞാനും പൊലീസ് പാര്‍ട്ടിയും നേരം പുലരും വരെ അവിടെത്തന്നെ നിന്നു. പുലര്‍ച്ചയ്ക്കു ഞാന്‍ അറസ്റ്റ് ചെയ്യപ്പെട്ട പ്രതികളോടൊപ്പം എന്റെ ജോലി തുടരാന്‍ വേണ്ടി തൊട്ടു കിഴക്കുള്ള വയലിലേക്ക് നീങ്ങി. ഞാനും പൊലീസ് പാര്‍ട്ടിയും വയലിലൂടെ കുറച്ചു മുന്നോട്ടു നടക്കുമ്പോഴേക്കും കമ്മ്യൂണിസ്റ്റുകാര്‍ നാലുപാടും ഒത്തുകൂടുന്നതായി കണ്ടു. എം എസ് പിക്കാര്‍ വളരെ കുറച്ചുപേരെ ഉള്ളൂ എന്നും അവരെ ആക്രമിക്കാം എന്നും അറസ്റ്റ് ചെയ്യപ്പെട്ട കൃഷിക്കാരെ കൂട്ടി രക്ഷപ്പെടാന്‍ പൊലീസിനെ അനുവദിക്കരുതെന്നും മെഗാ ഫോണിലൂടെ നാലു ഭാഗത്തുനിന്നും വിളിച്ചു പറയുന്നത് കേട്ടു. ചിലര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സിന്ദാബാദ് എന്ന് ഉച്ചത്തില്‍ വിളിക്കുന്നുണ്ടായിരുന്നു. ഞാന്‍ കുറച്ചു കൂടി കിഴക്കോട്ടു നടന്നപ്പോള്‍ പൊലീസുകാര്‍ കിഴക്കുഭാഗത്തു നിന്ന് വെള്ളി കുളങ്ങര പോവുകയാണെന്നും തെക്കും വടക്കും ഭാഗത്തെ സഖാക്കള്‍ വളരെ പെട്ടെന്ന് തന്നെ വെള്ളികുളങ്ങരയിലേക്ക് നീങ്ങണമെന്നും ഉച്ചത്തില്‍ വിളിച്ചു പറയുന്നത് കേട്ടു. ഞങ്ങള്‍ പട്ടറത്ത് താഴെക്കുനി പറമ്പിനടുത്ത് എത്തിയപ്പോള്‍ 300 ഓളം വരുന്ന കമ്മ്യൂണിസ്റ്റുകാര്‍ ഞങ്ങളെ നാലു ഭാഗത്തുനിന്നും വളഞ്ഞു. അവരില്‍ പലരുടെയും കയ്യില്‍ കല്ലും പട്ടിക കഷണങ്ങളും ഉണ്ടായിരുന്നു. ചിലരുടെ കയ്യില്‍ മെഗാഫോണ്‍ ഉണ്ടായിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ട പ്രതികളെ വിട്ടയക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. അങ്ങനെ ചെയ്യാന്‍ കഴിയുന്നില്ലെന്ന് ഞാന്‍ പറഞ്ഞു. അവര്‍ നിയമവിരുദ്ധമായി കൂട്ടം ചേര്‍ന്നതാണെന്ന് ഞാന്‍ പ്രഖ്യാപിക്കുകയും പിരിഞ്ഞു പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഞാനിങ്ങനെ മൂന്നു തവണ താക്കീത് കൊടുത്തു. അവര്‍ എന്റെ കല്പന അനുസരിച്ചില്ലെന്നു മാത്രമല്ല പൊലീസ് പാര്‍ട്ടിക്കു നേരെ കല്ലെറിയുകയും ചെയ്തു.
എച്ച് സി 667ന്റെ നെറ്റിയില്‍ ഒരു കല്ലേറ് കൊണ്ടതിന്റെ ഫലമായി അയാള്‍ താഴെ വീണു. പൊലീസ് പാര്‍ട്ടി വളരെ പെട്ടെന്നുതന്നെ കീഴ്പ്പെടുത്തപ്പെടും എന്ന ആപല്‍ക്കരമായ സ്ഥിതി വന്നപ്പോള്‍ ഞാന്‍ ജമേദാറോട് വെടിവയ്ക്കാന്‍ ആജ്ഞാപിച്ചു. ആദ്യം രണ്ട് റൗണ്ട് വെടിവെച്ചു. അപ്പോള്‍ ജനക്കൂട്ടം വീണ്ടും മുമ്പോട്ട് വന്നു. അപ്പോള്‍ ജമേദാര്‍ ആറു പേരടങ്ങുന്ന ഒരു പൊലീസ് സെക്ഷനോട് വീണ്ടും ഓരോ വട്ടം കൂടി വെടിവയ്ക്കാന്‍ ആജ്ഞാപിച്ചു. പിന്നീട് ആറുപേരടങ്ങുന്ന മറ്റൊരു സെക്ഷനോട് ഓരോ റൗണ്ട് കൂടി വെടിവയ്ക്കാന്‍ ആജ്ഞാപിച്ചു. വെടിവെപ്പ് നടക്കുമ്പോള്‍ ജനങ്ങള്‍ നിലത്ത് കമിഴ്ന്നു കിടക്കുകയും വെടിവെപ്പ് അവസാനിച്ചപ്പോള്‍ ജനങ്ങള്‍ മരത്തിന്റെ മറവിലേക്ക് മാറി പൊലീസിനെ കല്ലെറിയുകയും ചെയ്തു. അതില്‍ പിന്നെ രണ്ട് സെക്ഷനോടും വീണ്ടും വെടിവയ്ക്കാന്‍ കല്പിച്ചു. അവര്‍ ആറ് റൗണ്ട് വീതം വെടിവെച്ചു. വീണ്ടും ഒരു സെക്ഷന്‍ ആറ് റൗണ്ട് വെടിവെച്ചു. അങ്ങിനെ മൊത്തം 32 റൗണ്ട് വെടിവെച്ചു. ആള്‍ക്കൂട്ടം പിരിഞ്ഞു പോയി.
ഓടി രക്ഷപ്പെടുമ്പോള്‍ ഏറാമലയിലുള്ള മുക്കാട്ടു കുനിയില്‍ കണ്ണന്‍ മകന്‍ കുഞ്ഞാപ്പുവിനെ അറസ്റ്റ് ചെയ്തു. സംഭവ സ്ഥലത്ത് വെച്ച് 156 കല്ലുകളും നാല് മെഗാഫോണുകളും കണ്ടെടുത്തു. സംഭവ സ്ഥലത്ത് വെടിവെപ്പിന്റെ ഫലമായി ആറു പേര്‍ മരിച്ചു വീഴുകയും മൂന്നുപേര്‍ പരിക്കേറ്റുകിടക്കുകയും ചെയ്തിരുന്നു. പരിക്കേറ്റവരെ ഞാന്‍ ഷെല്‍ട്ടറിലേക്ക് നീക്കി പ്രഥമ ശുശ്രൂഷ നല്‍കി. ഞാന്‍ സ്റ്റേഷനിലേക്ക് വന്ന് വൈകുന്നേരം അഞ്ചു മണിക്ക് കേസ് രജിസ്റ്റര്‍ ചെയ്തു.
പൊലീസ് സബ് ഇന്‍സ്പെക്ടര്‍
തലശ്ശേരി
*
കുങ്കൻ കുഴൽ
ഒഞ്ചിയം വെടിവെപ്പിൽ മരണം പരോളിൽ വിട്ട രക്തസാക്ഷികളിൽ ഒരാളായിരുന്നു കുങ്കൻ നായർ. താൻ താമസിക്കുന്ന കുന്നിന്റെ ചരിവിൽ നിന്ന് അയാൾ ഒന്നു സംസാരിച്ചാൽ തന്നെ വളരെ അകലങ്ങളിൽ അത് കേൾക്കുമായിരുന്നു. രാത്രിയുടെ യാമങ്ങളിൽ തന്റെ കൈ ചുണ്ടോടു ചേർത്തുവെച്ച് പ്രസ്ഥാനത്തിനുവേണ്ടി അദ്ദേഹം വിളിച്ചറിയിച്ച കാര്യങ്ങൾ ഏത് ഉറക്കത്തിലും ഗ്രാമീണരെ ഉണർത്തുമായിരുന്നു. വിളിച്ചുപറയാൻ വേണ്ടി അക്കാലത്ത് ഉപയോഗിക്കുന്ന മെഗഫോൺ കുങ്കൻ നായർ ഉപയോഗിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ ശബ്ദത്തേക്കാളും താഴെയായിരുന്നു അതിന്റെ സ്ഥാനം. പിന്നീട് നാട്ടുകാർ മെഗഫോണിനെ കുങ്കൻകുഴൽ എന്നാണ് വിളിച്ചുവന്നത്. മെഗഫോൺ നാട്ടിൽ നിന്ന് എപ്പോഴോ മറഞ്ഞു പോയി. പക്ഷേ കുങ്കൻ നായരെ ഗ്രാമീണർ ഇപ്പോഴും ഓർക്കുന്നു
*
ഉള്ളത് എല്ലാവർക്കും
ആറാൾക്ക് നാഴിയരി റേഷനുള്ള കാലം. അപ്രതീക്ഷിതമായി കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ് കേളുഏട്ടൻ ഒളിവിൽ ഒഞ്ചിയത്തെ ഒരു വീട്ടിലെത്തി. രാത്രിയിലേക്കുള്ള ചോറും കറിയുമെടുത്ത് ഗൃഹനാഥൻ കേളുഏട്ടന്റെ മുമ്പിൽവെച്ചു. അകത്തെ കാര്യമറിയുന്ന കേളുഏട്ടൻ ചോറൂണ് ഒന്നിച്ചാവാമെന്ന് വീട്ടുകാരോട് പറഞ്ഞു. വീട്ടിലുള്ളവർ കനത്ത നിശബ്ദത പാലിച്ചു. ഉള്ളത് എല്ലാവർക്കും. അതാണ് കമ്മ്യൂണിസം- കേളുഏട്ടൻ പറഞ്ഞു. ആരാണ് കമ്മ്യൂണിസ്റ്റ് എന്നും എന്താണ് കമ്മ്യൂണിസമെന്നും പഠിക്കാൻ ആ കർഷക ദമ്പതികൾക്ക് പിന്നെ ഒരു സ്റ്റഡി ക്ലാസിലും പോകേണ്ടി വന്നിട്ടില്ല.
*
അനുഗ്രഹമായി രാത്രിമഴ
ഒഞ്ചിയം ഗ്രാമത്തിന്റെ നെഞ്ചിൽ തീയുണ്ടകൾ പതിച്ച ഏപ്രിൽ 30ന് തോരാതെപെയ്ത രാത്രിമഴ ശരിക്കും അനുഗ്രഹമായി. ചെന്നാട്ടുതാഴവയലിൽ കട്ടപിടിച്ച രക്തക്കറുപ്പിന്റെ വർണ്ണക്കൂട്ട് ചെങ്കൊടിയുടെ നിറമായി മഴയിൽ അലിഞ്ഞ് ഒഞ്ചിയം ഭൂമിയിലാകെ പരന്നു. ഒന്നുറക്കെ നിലവിളിക്കാൻ പോലും കഴിയാതിരുന്ന രക്തസാക്ഷി കുടുംബങ്ങളുടെ കണ്ണുനീർ ഒഞ്ചിയത്തിന്റെ ആകാശത്തിൽ ധാരധാരയായി കുത്തിയൊഴുകി. വെടിവെപ്പിന് ശേഷം ഉണ്ട തീർന്നതോക്കുമായി നിന്ന എംഎസ്പിക്കാരെ തിരിച്ചടിച്ച നാട്ടുകാരോട് പ്രതികാരം ചെയ്യാൻ എത്തിയ പൊലീസ് പടയ്ക്ക് കോരിച്ചൊരിയുന്ന മഴ ഒരു പ്രതിരോധമായി. പകലത്തെ ഏറ്റുമുട്ടലിൽ പരിക്കേറ്റവർക്കും ഒഞ്ചിയത്തെത്തിയ പാർട്ടി സഖാക്കൾക്കും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറിനിൽക്കാൻ രാത്രിയിലെ മഴ തുണയായി.
*
ആർക്കാണ് സ്വാതന്ത്ര്യം കിട്ടിയത്?
സ്വാതന്ത്ര്യ ലബ്ധിക്കുശേഷം 1947 അവസാനം വടകരയിൽ നടന്ന ഒരു പാർട്ടി വിശദീകരണയോഗം. ഇന്ത്യയിൽ പുതുതായി രൂപംകൊണ്ട കോൺഗ്രസ് ഗവൺമെന്റിനോടുള്ള സമീപനം എങ്ങനെയെന്ന് ഇഎംഎസ് അന്നത്തെ പാർട്ടിയുടെ കാഴ്ചപ്പാടിൽ വിശദീകരിച്ചു. ചർച്ചയ്ക്കും ചോദ്യത്തിനും ഉള്ള സമയമായി. കിട്ടിയ സ്വാതന്ത്ര്യത്തെക്കുറിച്ചും നെഹ്റു ഗവൺമെന്റിനെ വിലയിരുത്തിയതിലും മണ്ടോടി കണ്ണൻ വിയോജിപ്പ് പ്രകടിപ്പിച്ചു. ചോദ്യങ്ങളുമായി കണ്ണൻ എഴുന്നേറ്റു. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി എന്ന് പറയുന്നു. പക്ഷേ ആർക്കാണ് കിട്ടിയത്? . കൃഷിക്കാരും തൊഴിലാളികളും പോരാട്ടം ഇപ്പോഴും തുടരുകയല്ലെ? യോഗഹാളിൽ ചോദ്യത്തിന്റെ ശരവർഷം. എല്ലാറ്റിനും പിന്നീട് മറുപടി നൽകുമെന്ന് പറഞ്ഞു ഇഎംഎസ് ഇരുന്നു. 1948 ഫെബ്രുവരിയിലെ പാർട്ടി പ്രമേയം വരുന്നതുവരെ ഈ ചോദ്യങ്ങളും മനസ്സിലിട്ടാണ് മണ്ടോടി കണ്ണൻ നടന്നത്.
*
ചെറുപയർ പട്ടാളം
നീല ട്രൗസർ. ഖദർ കുപ്പായം. വെള്ളത്തൊപ്പി. ദേശരക്ഷാ സേന എന്ന പേരിൽ കോൺഗ്രസുകാർ രൂപീകരിച്ച ചെറുപയർ പട്ടാളക്കാരുടെ അന്നത്തെ വേഷം ഇങ്ങനെയായിരുന്നു. കമ്മ്യൂണിസ്റ്റുകാരെ വേട്ടയാടുക എന്നത് മാത്രമായിരുന്നു ഇവരുടെ ജോലി. കൃഷിക്കാരുടെ പറമ്പുകളിൽ നിന്ന് വാഴക്കുലകൾ ഇഷ്ടംപോലെ വെട്ടിക്കൊണ്ടുപോയി നിറയെ ചെറുപയറും ചേർത്ത് പുഴുങ്ങി തിന്നും. നാട്ടുകാരെ ദ്രോഹിച്ചുകൊണ്ട് ഊരു ചുറ്റിനടന്ന ഈ കാളക്കൂറ്റന്മാർക്ക് നാട്ടുകാർ ഇട്ട പേരാണ് ചെറുപയർ പട്ടാളം.
*
ഒഞ്ചിയമെന്ന ഒളിത്താവളം
ഒരുനാൾ രാത്രി 12 മണിക്ക് ശേഷം കരിയാട് ഭാഗത്ത് വെച്ച് അജ്ഞാതരായ രണ്ടുപേരിൽനിന്ന് കരിനിറമുള്ള ഒരു ഒളിവ് സഖാവിനെ പാർട്ടി പ്രവർത്തകരായ ചോയിക്കുട്ടിയും വി കണ്ണക്കുറുപ്പും ഏറ്റുവാങ്ങി. കണ്ണൂക്കരയിലെ നടുക്കണ്ടി പൊയിൽ വീട്ടിൽ ആരും കാണാതെ എത്തിക്കണം. മുന്നിൽ ചോയിക്കുട്ടി. അല്പം വിട്ട് നടുവിൽ ആജാനുബാഹുവായ നേതാവ്. പിന്നിൽ കണ്ണക്കുറുപ്പ്. ഇരുട്ടിനെ ചവിട്ടിനോവിക്കാതെ നടന്നു. അപ്പോഴാണ് ചോയിക്കുട്ടിയുടെ കാലിൽ ഒരു പാമ്പുകടിച്ചത്. ചൂട്ടുപോലെ കത്തുന്ന കണ്ണുകളോടെ നേതാവ് ഓടിവന്നു. കത്തിയെടുത്ത് കടിയേറ്റ പെരുവിരലിൽ ഒരു മുറിവുണ്ടാക്കി കുറച്ചുരക്തം പിഴിഞ്ഞുകളഞ്ഞു. പിന്നെ രണ്ടും കൽപ്പിച്ചു വീടിനെ ലക്ഷ്യമാക്കി നടന്നു. ദംശനം അപകടകരമല്ലെന്ന് മനസ്സിലാക്കി യാത്ര തുടർന്നു. രാത്രി നാലു മണിയോടെ നേതാവിനെ നടുക്കണ്ടി വീട്ടിനകത്താക്കി വാതിൽ അടച്ചു. നേരം വെളുത്തപ്പോൾ ചോയിക്കുട്ടിയുടെ വീട്ടിൽ ഒരു സ്ത്രീ എത്തി. ചോയിക്കുട്ടിയുടെ ആരോഗ്യവിവരം വളരെ സ്വകാര്യമായി അറിയാൻ ഇന്നലെ രാത്രി ഒളിവിൽ വന്ന സി എച്ച് കണാരൻ അയച്ചതായിരുന്നു അവരെ.
*
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രക്തധമനികൾ
ആളുകൾ കൂടുന്നിടം പാർട്ടിയുടെ ഓഫീസ് ആയി പ്രവർത്തിക്കുക. ഇതായിരുന്നു മണ്ടോടി കണ്ണന്റെയും പാർട്ടി സഖാക്കളുടെയും പ്രവർത്തന ശൈലി. പൊയിൽ പീടിക, ആയാട്ട് പീടിക, തീവണ്ടിച്ചാലിലെ പൊയിൽ പീടിക ഇതെല്ലാം ഒഞ്ചിയത്തെ പാർട്ടിയുടെ രക്ത ധമനികളായിരുന്നു. ആളുകൾക്ക് ജീവൻവെപ്പിക്കുന്ന പീടിക എന്നാണ് പെണ്ണുങ്ങൾ പൊയിൽ പീടികയെക്കുറിച്ച് പറഞ്ഞിരുന്നത്. പാത്തും പതുങ്ങിയും നടക്കാതെ അന്നും ഒളിവു സഖാക്കൾ ഈ പീടികയിൽ വന്നിരിക്കും. തീവണ്ടിച്ചാലിലെ പീടിക വെടിവെപ്പിനെ തുടർന്ന് നടന്ന ഭീകരതയിൽ പൊലീസ് തീയിട്ട് നശിപ്പിച്ചു.
*
പി ആർ സ്ക്വയറും കെപിആർ നഗറും
നാടിനെ പുതുക്കിപ്പണിയൽ അകലെ നടക്കുന്ന ഒരു പ്രക്രിയയായിരുന്നില്ല ഒഞ്ചിത്തെ കമ്മ്യൂണിസ്റ്റുകാർക്ക്. പുത്തൻ ആശയത്തിന്റെ പ്രതിരൂപങ്ങളെ അവർ തങ്ങളുടെ ഗ്രാമത്തിൽ പ്രതിഷ്ഠിച്ചു. കെ പി ആർ നഗറും പി ആർ സ്ക്വയറുമെല്ലാം ഇങ്ങനെ രൂപംകൊണ്ടതാണ്. കണ്ണൂക്കരയിൽ ജാപ്പ് വിരുദ്ധമേള നടന്ന സ്ഥലം കെ പി ആർ നഗറായി. കർഷകസംഘത്തിന്റെ താലൂക്ക് സമ്മേളനം നടന്ന അമ്പലപ്പറമ്പ് പി ആർ സ്ക്വയറും.
*
കൽക്കത്താ തീസിസ്
ചരിത്രത്തെ മാറ്റിമറിക്കുക എന്ന തത്വസംഹിതയാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ മുന്നോട്ട് വെച്ചത്. റഷ്യൻ വിപ്ലവത്തിൽ നിന്നും ഊർജം ഉൾക്കൊണ്ട് 1925 ന് മുമ്പുതന്നെ രാജ്യത്ത് വിവിധ മേഖലകളിൽ ജനകീയ പ്രതിരോധം ഉയർന്നു വന്നിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രൂപീകരണത്തെ തകർക്കാൻ ശ്രമമുണ്ടായി. കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വത്തിൽ ജനകീയ പ്രസ്ഥാനങ്ങൾ രൂപപ്പെടുന്നത് തടയാൻ ശ്രമം നടന്നു. 1939 ൽ പാറപ്രത്ത് കമ്യൂണിസ്റ്റ് പാർട്ടി രൂപീകരിച്ചതോടെ വിപ്ലവ പ്രവർത്തനങ്ങൾക്ക് ഊർജം കൈവന്നു. കർഷകരുടേയും തൊഴിലാളികളുടേയും മറ്റ് മർദ്ദിത ജനവിഭാഗങ്ങളുടേയുമെല്ലാം പ്രശ്നങ്ങൾ ഉയർത്തി ജനകീയ പ്രതിരോധത്തിന് കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വം നൽകി. സംസ്ഥാനത്താകമാനം കർഷക സംഘം പ്രവർത്തനം സജീവമായി.
കൽക്കത്ത പാർട്ടി കോൺഗ്രസിന്റെ തീരുമാനമാണ് ഭരണാധികാരികളെ വിറളി പിടിപ്പിച്ചത്. വർഗശത്രുവിനെ അധികാരത്തിൽ നിന്നും പുറത്താക്കാൻ സായുധ കലാപത്തിന് ആഹ്വാനം ചെയ്തുകൊണ്ടുള്ളതായിരുന്നു കൽക്കത്താ തീസിസ്. ഇത് കമ്മ്യൂണിസ്റ്റ് അണികളെ ആവേശഭരിതരാക്കി. ഇതോടെയാണ് ഭരണകൂടം കമ്മ്യൂണിസ്റ്റ് വേട്ട ശക്തമാക്കിയത്.