Site iconSite icon Janayugom Online

വാക്ക് ഓഫ് ഫെയിമിൽ ആദരിക്കപ്പെടുന്ന ആദ്യ ഇന്ത്യൻ നടി; ചരിത്രം കുറിച്ച് ദീപിക പദുക്കോൺ

പ്രശസ്തമായ ഹോളിവുഡ് വാക്ക് ഓഫ് ഫെയിമിൽ ആദരിക്കപ്പെടുന്ന ആദ്യ ഇന്ത്യൻ നടിയായി ദീപിക പദുക്കോൺ. ബുധനാഴ്ച നടന്ന പത്രസമ്മേളനത്തിൽ അമേരിക്കൻ ഗായികയും ഗാനരചയിതാവുമായ മൈലി സൈറസ്, ലോക പ്രശസ്ത നടൻ തിമോത്തി ഷാലമെറ്റ് തുടങ്ങിയവര്‍ക്കൊപ്പം ദീപികയുടെ പേരും ഹോളിവുഡ് ചേംബർ ഓഫ് കൊമേഴ്സ് പ്രഖ്യാപിച്ചു. ഹോളിവുഡ് നടി എമിലി ബ്ലണ്ട്, ഫ്രഞ്ച് നടി കോട്ടില്ലാർഡ്, കനേഡിയൻ നടി റേച്ചൽ മക്ആഡംസ്, ഇറ്റാലിയൻ നടൻ ഫ്രാങ്കോ നീറോ, സെലിബ്രിറ്റി ഷെഫ് ഗോർഡൻ റാംസെ എന്നിവരെയും ഇക്കുറി ഹോളിവുഡ് വാക്ക് ഓഫ് ഫെയിമിൽ ആദരിച്ചിട്ടുണ്ട്. വിവിധ മേഖലകളിൽ നിന്നായി 35 വ്യക്തികളുടെ പട്ടികയാണ് ഇപ്പോൾ പുറത്തുവിട്ടത്.

ഇന്ത്യയിൽനിന്ന് ഈ ബഹുമതി നേടുന്ന രണ്ടാമത്തെയാളാണ് ദീപിക. 60 വർഷം മുമ്പ് മൈസൂർ സ്വദേശിയായ നടൻ സാബു ദസ്തഗിർ ഹോളിവുഡ് വാക്ക് ഓഫ് ഫെയിമിൽ ഉൾപ്പെട്ടിരുന്നു. 1937ല്‍ പുറത്തിറങ്ങിയ റഡ്യാർഡ് കിപ്ലിങ്ങിന്റെ രചനയിൽ അമേരിക്കൻ ഫിലിംമേക്കർ റോബർട്ട് ഫ്ലാഹെർട്ടി സംവിധാനം ചെയ്ത ‘എലിഫന്റ് ബോയ്’ എന്ന സിനിമയിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചാണ് സാബു ദസ്തഗിർ വെള്ളിത്തിരയിലെത്തുന്നത്. 1937‑ലാണ് ചിത്രം റിലീസായത്. കൂടാതെ ‘ദി ഡ്രം’, ‘ദി തീഫ് ഓഫ് ബഗ്ദാദ്’, ‘അറേബ്യൻ നൈറ്റ്സ്’, ‘വൈറ്റ് സാവേജ്’, ‘കോബ്ര വുമൺ’ എന്നീ ഹോളിവുഡ് സിനിമകളുടെയും ഭാഗമായിരുന്നു. 1963‑ൽ തന്റെ 39-ാം വയസ്സിൽ അന്തരിച്ച സാബു ദസ്തഗിർ, ഒരു ഇന്ത്യൻ സിനിമയില്‍ അഭിനയിച്ചിട്ടില്ല.

Exit mobile version