ഐപിഎല്ലില്‍ നിര്‍ണായക മത്സരത്തിനിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിന് വമ്പന്‍ വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സ് നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സെടുത്തു. 50 പന്തില്‍ 84 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലാണ് ഗുജറാത്തിന്റെ ടോപ് സ്കോറര്‍.
ഒരിക്കല്‍ കൂടി തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാരായ സായ് സുദര്‍ശനും ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും ഗുജറാത്തിന് സമ്മാനിച്ചത്. മികച്ച പിന്തുണയുമായി സായ് സുദര്‍ശന്‍ സൂക്ഷ്മതയോടെ ബാറ്റ് ചെയ്തപ്പോള്‍ ഗില്‍ തകര്‍ത്തടിച്ചു. ഇരുവരും ചേര്‍ന്ന് 93 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 30 പന്തില്‍ 39 റണ്‍സെടുത്ത സായിയെ മഹീഷ് തീക്ഷണ, രാജസ്ഥാന്‍ ക്യാപ്റ്റന്‍ റിയാന്‍ പരാഗിന്റെ കൈകളിലെത്തിച്ചു. മൂന്നാമനായി ജോസ് ബട്ലര്‍ എത്തി. എന്നാല്‍ ഗില്ലായിരുന്നു അപ്പോഴും അപകടകാരി. 16.4 ഓവറില്‍ 167 റണ്‍സുള്ളപ്പോഴാണ് ഗില്‍ പുറത്തായത്. ഇതോടെ ബട്‌ലര്‍ ബാറ്റിങ് വെടിക്കെട്ടിന്റെ ചുമതലയേറ്റെടുത്തു. എട്ട് പന്തില്‍ 13 റണ്‍സ് നേടി വാഷിങ്ടണ്‍ സുന്ദറും നാല് പന്തില്‍ ഒമ്പത് റണ്‍സുമായി രാഹുല്‍ തെവാട്ടിയയും പുറത്തായി. 26 പന്തില്‍ 50 റണ്‍സുമായി ബട്ലറും രണ്ട് പന്തില്‍ അഞ്ച് റണ്‍സുമായി ഷാരൂഖ് ഖാനും പുറത്താകാതെ നിന്നു. രാജസ്ഥാനായി മഹീഷ് തീക്ഷണ രണ്ട് വിക്കറ്റ് നേടി.

